അലനും താഹക്കും എതിരെ യുഎപിഎ തെറ്റ്, മാവോയിസ്റ്റുകളാണെങ്കില്‍ പോലും ചുമത്തണമെന്നല്ല നിലപാട്

അലന്റെയും താഹയുടെയും പേരില്‍ യുഎപിഎ ചുമത്തിയത് തെറ്റാണെന്ന അഭിപ്രായമാണ് സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ദ ക്യു ടു ദ പോയിന്റ് അഭിമുഖത്തിലാണ് എം എ ബേബി ഇക്കാര്യം പറഞ്ഞത്. യുഎപിഎ് കരിനിയമമാണെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടേയും നിലപാട്. എന്നാല്‍ സര്‍ക്കാരിന് അതിന്റേതായ പരിമിതികളുണ്ട്. അറസ്റ്റ് ചെയ്യുമ്പോഴേക്ക് പിണറായി വിജയന്റെ പൊലീസാണ് അത് ചെയ്തതെന്നാണ് വരുന്നത്. ഉദ്യോഗസ്ഥര്‍ ചുമത്തിക്കഴിഞ്ഞ യുഎപിഎ നിയമം റദ്ദാക്കാന്‍ പറയുന്നത് നിയമപരമല്ല. മാവോയിസ്റ്റുകളാണെങ്കില്‍ പോലും യുഎപിഎ ചുമത്താമെന്നതല്ല സിപിഎം നിലപാടെന്നും എംഎ ബേബി വിശദീകരിക്കുന്നു.

അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടാകാമെന്ന് സിപിഎം പിബി അംഗം എം എ ബേബി ദ ക്യുവിനോട്. മാവോയിസ്റ്റുകളാണെന്ന് പറയുന്നതില്‍ യാതൊരു തകരാറുമില്ല. എന്നാല്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞയുടന്‍ യുഎപിഎ ചുമത്താമെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദ ക്യു ടു ദ പോയിന്റ് അഭിമുഖ പരിപാടിയിലായിരുന്നു പരാമര്‍ശം. അലനും താഹയും ആരെയെങ്കിലും കൊല്ലാന്‍ പോയെന്നോ എവിടെയെങ്കിലും ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ചെന്നോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരമില്ലെന്നാണ് സിപിഎമ്മിന് മനസ്സിലാക്കാനായത്. നിലവിലുള്ള നിയമമനുസരിച്ച് കാര്യങ്ങള്‍ നീക്കുകയാണ് ഉദ്യോഗസ്ഥ സംവിധാനവും പൊലീസും ചെയ്യുക. ഒരു സ്ഥലത്ത് എന്തെങ്കിലുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും എത് വകുപ്പ് ചാര്‍ജ് ചെയ്യണമെന്ന് പൊലീസ് ചോദിക്കുന്ന രീതിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in