മതനിന്ദയല്ലെന്ന് സഭ പറഞ്ഞിരുന്നെങ്കില്‍ മുസ്ലിങ്ങള്‍ തെറ്റിദ്ധരിക്കില്ലായിരുന്നു;ഒറ്റദിനത്തില്‍ പ്രശ്‌നം തീരുമായിരുന്നു : ടി.ജെ ജോസഫ്‌ 

അന്നത്തെ പരീക്ഷാചോദ്യം മതനിന്ദയല്ലെന്ന് പറഞ്ഞ് സഭ തന്നെ സംരക്ഷിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒറ്റദിവസം കൊണ്ട് അവസാനിക്കുമായിരുന്നുവെന്ന് പോപ്പുലര്‍ഫ്രണ്ടുകാരാല്‍ കൈപ്പത്തി വെട്ടി മാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ്‌ മുന്‍ അധ്യാപകന്‍ ടിജെ ജോസഫ്. പ്രവാചകനിന്ദയാണെന്ന് പ്രചരണമുണ്ടായപ്പോള്‍ മുസ്ലിം സമൂഹം തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അങ്ങനെയില്ലെന്ന് പറയേണ്ടിയിരുന്നത് സഭാ അധികാരികളും ന്യൂമാന്‍ കോളജ് മാനേജ്‌മെന്റുമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതോടെ മുസ്ലിം സമുദായത്തിന് തെറ്റിദ്ധാരണയുണ്ടായി. മതനിന്ദയല്ലെന്ന് സഭ പറഞ്ഞ് തന്നെ സംരക്ഷിച്ചിരുന്നെങ്കില്‍ ഒറ്റദിവസം കൊണ്ട് പ്രശ്‌നം തീരുമായിരുന്നു. ആക്രമണത്തിന് ശേഷമാണ് എന്റെ ഭാഗം വിശദീകരിക്കാന്‍ സാധിച്ചത്. മാധ്യമങ്ങളിലൂടെ എന്റെ വിശദീകരണം വന്നതിന് ശേഷം മുസ്ലിം സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറി. കൂടാതെ ചോദ്യം പ്രവാചക നിന്ദയല്ലെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ടതിനേക്കാള്‍ വലിയ പീഡനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതാണ്‌. കോളജ് അധികൃതരുണ്ടാക്കിയ മുറിവിനോളം വരില്ല അക്രമികള്‍ ശരീരത്തിനേല്‍പ്പിച്ച വേദനയെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. ഇടേണ്ടിയിരുന്ന ചോദ്യമായിരുന്നു അതെന്ന കാര്യത്തില്‍ ഇപ്പോഴും സംശയമില്ല. അതില്‍ ലവലേശം സങ്കടമില്ല. എന്നാല്‍ മുഹമ്മദ് എന്ന പേര് തെറ്റിദ്ധരിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ദുര്‍വ്യാഖ്യാനം ചെയ്ത് അതില്‍ പ്രതിഷേധത്തിനോ കലാപത്തിനോ ആരെങ്കിലും ഒരുമ്പെടുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മതം മറ്റുള്ളവര്‍ അറിയാതിരിക്കുമ്പോഴും എന്റെ വിശ്വാസം മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കാതിരിക്കുമ്പോഴുമാണ് മതേതരത്വം സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആത്മകഥയുടെ പശ്ചാത്തലത്തില്‍ ദ ക്യു - ടു ദ പോയിന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.
logo
The Cue
www.thecue.in