‘മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ മിഷന്‍ വണ്‍’; ടൂ,ത്രീ,ഫോര്‍ എല്ലാം വരാനിരിക്കുന്നുവെന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയ വിഎ ആന്റണി 

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ മിഷന്‍ വണ്‍ മാത്രമെന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ എറണാകുളം ചെലവന്നൂര്‍ സ്വദേശി വി.എ ആന്റണി. ടൂ, ത്രീ, ഫോര്‍ മിഷനുകള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം ദ ക്യു, ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി. മരടില്‍ അറിഞ്ഞോ അറിയാതെയോ ബലിയാടായ ഫ്‌ളാറ്റുടമകള്‍ക്കൊപ്പമാണ് താന്‍. അവര്‍ക്ക് മതിയായ നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കേണ്ടതുണ്ട്. തന്റെ വീടിന് മുന്നില്‍ അനധികൃതമായി ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തിയപ്പോഴാണ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഫ്‌ളാറ്റുകള്‍ തകര്‍ത്തതില്‍ അമിത സന്തോഷമോ സങ്കടമോ ഇല്ല.

പൊളിക്കുന്ന ദൃശ്യങ്ങള്‍ താന്‍ 12 വര്‍ഷം മുന്‍പ് മനസ്സില്‍ കണ്ടതാണ്. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം കണ്ടെത്തിയാല്‍ പൊളിച്ചുനീക്കാതിരിക്കാനാകില്ല. പിഴയടച്ച് റഗുലറൈസ് ചെയ്യാന്‍ വിജ്ഞാപനത്തില്‍ വകുപ്പില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതും അതിന് പിന്നിലെ അഴിമതിയും സിബിഐ അന്വേഷിക്കണമെന്ന് വിഎ ആന്റണി ആവശ്യപ്പെട്ടു. നിയമ പോരാട്ടത്തിനിടെ പലകുറി ഭീഷണി നേരിട്ടിട്ടുണ്ട്. വീട്ടിലേക്ക് വണ്ടി ഓടിച്ച് കയറ്റി ഇടിച്ച് കൊല്ലാന്‍ വരെ ശ്രമമുണ്ടായി. ഭീഷണികളൊന്നും കാര്യമാക്കുന്നില്ല. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

The Cue
www.thecue.in