ലോക്ക് ഡൗണില്‍ 90 മോഡല്‍, ഏറ്റവുമധികം പേര്‍ കണ്ടത് ദൂരദര്‍ശന്‍; രാമായണവും ശക്തിമാനും റേറ്റിംഗ് ഉയര്‍ത്തി

ലോക്ക് ഡൗണില്‍ 90 മോഡല്‍, ഏറ്റവുമധികം പേര്‍ കണ്ടത് ദൂരദര്‍ശന്‍; രാമായണവും ശക്തിമാനും റേറ്റിംഗ് ഉയര്‍ത്തി

കൊവിഡ് പ്രതിരോധത്തിനായി രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചാനല്‍ റേറ്റിംഗ് ഒന്നാമതെത്തി ദൂരദര്‍ശന്‍. ബാര്‍ക്ക് റേറ്റിംഗിലാണ് സ്വകാര്യ വിനോദ ചാനലുകളെ പിന്തള്ളി ദൂരദര്‍ശന്‍ മുന്നിലെത്തിയത്. 90കളിലെ ദൂരദര്‍ശന്‍ ക്ലാസിക്കുകളായ ശക്തിമാന്‍, രാമായണം, സര്‍ക്കസ്, മഹാഭാരത്, ബ്യോംകേഷ് ബക്ഷി തുടങ്ങിയ പരമ്പരകളുടെ പുനസംപ്രേഷണമാണ് ദൂരദര്‍ശന്റെ നഷ്ടപ്രതാപം തിരിച്ചുപിടിച്ചത്. മുന്‍നിര വിനോദ ചാനലുകള്‍ക്ക് ലോക്ക് ഡൗണ്‍ മൂലം പ്രൈം ടൈം റിയാലിറ്റി ഷോകള്‍ ഉള്‍പ്പെടെ ചിത്രീകരിക്കാനാകാതെ വന്നതും പ്രോഗ്രാമുകള്‍ കുറഞ്ഞതും ദൂരദര്‍ശന് തുണയായി.

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ റേറ്റിംഗ് പ്രകാരമാണ് ദൂരദര്‍ശന്റെ കുതിപ്പ്. ഹിന്ദി ചാനലുകളില്‍ ഡിഡി നാഷനല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ സോണി സാബ്, സോണി എന്റര്‍ടെയിന്‍മെന്റ് എന്നീ ചാനലുകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

രാമായണം, മഹാഭാരതം പരമ്പരകളാണ് റേറ്റിംഗില്‍ മുന്നില്‍. ക്ലാസിക്കുകള്‍ സംപ്രേഷണം ചെയ്യാനുള്ള തീരുമാനം സണ്‍ ടിവിയുടെ റേറ്റിംഗിലും കുതിപ്പുണ്ടാക്കിയിട്ടുണ്ട്.

ഏപ്രില്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 3,545.8 മില്യണ്‍ ആളുകള്‍ രാമായണം കണ്ടതായി ബാര്‍ക് റേറ്റിംഗിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 145.8 മില്യണ്‍ ആളുകള്‍ മഹാഭാരത കണ്ടു. 20.8 മില്യണ്‍ ആണ് ഇതേ ആഴ്ചയില്‍ ശക്തിമാന്‍ കണ്ടത്.

വാര്‍ത്താ ചാനലുകളുടെ വ്യൂവര്‍ഷിപ്പില്‍ 251 ശതമാനമാണ് ഉയര്‍ച്ചയുണ്ടായത്. ദൂരദര്‍ശന് പുറമേ വിനോദ ചാനലുകളുടെ വ്യൂവര്‍ഷിപ്പിലും കുതിപ്പ് പ്രകടമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in