എത്തി കോക്കോണിക്‌സ്, കേരളത്തിന്റെ ലാപ്‌ടോപ് ആമസോണില്‍

എത്തി കോക്കോണിക്‌സ്, കേരളത്തിന്റെ ലാപ്‌ടോപ് ആമസോണില്‍

കേരളം അവതരിപ്പിച്ച ലാപ് ടോപ് ബ്രാന്‍ഡ് കോക്കോണിക്‌സ് ആമസോണില്‍ ഓണ്‍ലൈന്‍ വില്‍പ്പനക്ക്. രണ്ട് മോഡലുകളാണ് ആമസോണില്‍ ഉള്ളത്. കോക്കോണിക്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 8 മോഡലുളിലാണ് കോക്കോണിക്‌സ് പുറത്തിറക്കിയിരിക്കുന്നത്.

മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ലാപ് ടോപ് നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയിരുന്നു. 'ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃക', എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് വിശേഷിപ്പിച്ചിരുന്നത്.

ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്‌സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്‌ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.

കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ആണ് ആമസോണിലുള്ള ഒരു മോഡല്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് 8 ജിബി റാമും 1 ടിബി ഹാര്‍ഡ് ഡിസ്‌കും കരുത്തു പകരുന്നു. ഇന്റല്‍ ഡ്യുവല്‍ കോര്‍ ഐ3 ആണ് പ്രൊസസര്‍. 29250 രൂപയാണ് വില. കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ഡബ്ല്യു ആണ് മറ്റൊരു മോഡല്‍. എനാബ്ളര്‍ സി1314ല്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഈ മോഡലിനുണ്ട്. ഇത് പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടുത്തിയ മോഡലാണ് ഇത്. 35680 രൂപയാണ് വില. മറ്റ് 6 മോഡലുകള്‍ കൂടി കോക്കോണിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ട്. ഇത് ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

എങ്ങനെ ഈ പേര് ?

കോക്കോനട്ടും ഇലക്ട്രോണിക്‌സും ചേര്‍ന്നാല്‍ കോക്കോണിക്‌സ്. അങ്ങനെയാണ് കേരളത്തിന്റെ ലാപ്‌ടോപ്പ് കൊക്കോണിക്‌സ് എന്ന പേരിലായത്.

Related Stories

No stories found.
logo
The Cue
www.thecue.in