കുട്ടികള്‍ക്ക് 4 ജി സ്മാര്‍ട്ട് വാച്ചുമായി ഫിറ്റ്ബിറ്റ്; ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിയേക്കും

കുട്ടികള്‍ക്ക് 4 ജി സ്മാര്‍ട്ട് വാച്ചുമായി ഫിറ്റ്ബിറ്റ്; ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിയേക്കും

അമേരിക്കന്‍ കമ്പനിയായ ഫിറ്റ്ബിറ്റ് കുട്ടികള്‍ക്കായി 4G സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സേഫ്റ്റി ട്രാക്കിങ്ങ് ഫീച്ചറുകള്‍ ഉള്‍പ്പടെ വാച്ചിലുണ്ടാകുമെന്നാണ് വിവരം. ടെക്‌നോളജി ബ്ലോഗ് ആയ എന്‍ഗാഡ്‌ജെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ സ്മാര്‍ട്ട് വാച്ചിനെകുറിച്ച് പരാമര്‍ശിക്കുന്നത്.

വീഡിയോ കോളിങ്ങ്, വോയ്സ് കോളിങ്ങ് സംവിധാനവും വാച്ചില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കുട്ടികള്‍ക്കായി ഫിറ്റ്ബിറ്റിന് എയ്‌സ് സീരിസില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉണ്ടെങ്കിലും സെല്ലുലാര്‍ കണക്ടിവിറ്റി ഇല്ലാത്തവയാണ് ഇവ. കൂടാതെ ഈ സീരിസിലെ വാച്ചുകള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് ആരോഗ്യസംബന്ധിയായ കാര്യങ്ങള്‍ക്കാണ്. ജി.പി.എസ് പോലെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇതിലില്ല.

ഈ വര്‍ഷം തന്നെ പുതിയ സ്മാര്‍ട്ട് വാച്ച് മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സീരിസ് സ്മാര്‍ട്ട് വാച്ചിന്റെ നിര്‍മാണത്തിനായി ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ഡോക്കി ടെക്‌നോളജീസിനെയാണ് ഫിറ്റ്ബിറ്റ് കൂടെ കൂട്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജി.പി.എസ്, വീഡിയോ കോളിങ്ങ്, വോയ്സ് കോളിങ്ങ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള കിഡ്‌സ് ഫ്രണ്ട്ലി സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പേരുകേട്ട കമ്പനിയാണ് ഡോക്കി ടെക്‌നോളോജീസ്. സ്വന്തം ഉടമസ്ഥതയിലുള്ള ഡോക്കി സിം ഉള്‍പ്പെടെയാണ് ഡോക്കി സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തുന്നത്, അന്‍പതിലധികം രാജ്യങ്ങളില്‍ ഡോക്കി സിം പരിധിയില്ലാത്ത ഡാറ്റ ഉപയോഗം സാധ്യമാക്കുന്നുണ്ട്. എന്നാല്‍ ഈ സവിശേഷതകള്‍ ഫിറ്റ്ബിറ്റിന്റെ പുതിയ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാവുമോ എന്നതിന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഫിറ്റ്ബിറ്റും ഡോക്കി ടെക്‌നോളോജിസും ഇതുവരെ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.

ടെക് ഭീമന്മാരായ ആപ്പിളും OS7 ഇല്‍ പ്രവര്‍ത്തിക്കുന്ന ഒരു കിഡ്‌സ് വാച്ചിന്റെ പണിപ്പുരയിലാണെന്ന് ആപ്പിളിന്റെ ന്യൂസ് വെബ്സൈറ്റായ 9to5Mac കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്ഷിതാക്കള്‍ക്ക് ഒന്നിലധികം വാച്ചുകളുമായി തങ്ങളുടെ ഫോണ്‍ ബന്ധിപ്പിക്കാമെന്നും അതുവഴി കുട്ടികളെ നിരീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in