Sports

തകര്‍ന്നടിഞ്ഞ് ഇന്ത്യ ; വനിത ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക് 

വനിതാ ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ടീമിന്റെ അഞ്ചാം ലോകകപ്പ് കിരീടമാണിത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന്ന മത്സരത്തില്‍ ഹര്‍മന്‍ പ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് നിരാശയായിരുന്നു ഫലം. ഇന്ത്യയെ 85 റണ്‍സിന് തകര്‍ത്താണ് ഓസീസ് കിരീടത്തില്‍ മുത്തമിട്ടത്.185 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ആദ്യമായിട്ടായിരുന്നു വനിതാ ട്വന്റി 20 യുടെ ഫൈനലില്‍ പ്രവേശിക്കുന്നത്. 33 റണ്‍സെടുത്ത ദീപ്തി ശര്‍മയ്ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

Also Read: കൊവിഡ്19: പൊങ്കാലയ്ക്ക് കര്‍ശന നിയന്ത്രണം; വിദേശികള്‍ക്ക് ഹോട്ടലില്‍ സൗകര്യം ഒരുക്കും

റിച്ച ഘോഷ് 18 നും വേദ കൃഷ്ണമൂര്‍ത്തി 19 നും സ്മൃതി മന്ദാന 11 റണ്‍സിനും പുറത്തായി. ഹര്‍മന്‍ പ്രീത് കൗര്‍ 4 ഉം ഷഫാലി വര്‍മ 2 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജെമീമ പൂജ്യത്തിനും ക്രീസ് വിട്ടു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറുള്ള ഷഫാലിയെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് ഓസീസ് ബൗളിങ്ങിന് മുന്നില്‍ അടിപതറിയപ്പോള്‍ ബാറ്റിങ് നിരയില്‍ നിന്ന് ഓരോരുത്തരായി മടങ്ങി. താനിയ ഭട്ടിയ പരിക്കേറ്റ് മടങ്ങിയതും വിനയായി. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടാണ് ക്രീസ് വിടേണ്ടി വന്നത്.

Also Read: കൊവിഡ്19: രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരെ കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി; എറണാകുളത്തും ജാഗ്രതാ നിര്‍ദേശം

നാല് വിക്കറ്റെടുത്ത മേഗന്‍ ഷുട്ടും മൂന്ന് പേരെ പുറത്താക്കിയ ജെസ് ജൊനാസനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസീസിന് ഓപ്പണര്‍ മാരായ അലീസ ഹീലിയും ബെത്ത് മൂണിയും തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. അലീസ 39 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 75 റണ്‍സെടുത്തു. മൂണി 54 പന്തുകളില്‍ നിന്ന് 10 ഫോറുകടക്കം 78 റണ്‍സ് നേടി പുറത്താകാതെ നിന്നു, ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 16 ഉം ആഷ്‌ലി ഗാര്‍ഡ്‌നര്‍ രണ്ടും റേച്ചല്‍ ഹായ്‌നസ് നാലും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ 2 വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മത്സരമെന്ന സവിശേഷതയുമുണ്ടായിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം