'തുപ്പല്‍ ഭക്ഷണ' കാമ്പയിന്‍, വിദ്വേഷപ്രചരണത്തിലൂടെ തകര്‍ക്കാനാവുന്നതല്ല കോഴിക്കോടിന്റെ രുചിപ്പെരുമ

'തുപ്പല്‍ ഭക്ഷണ' കാമ്പയിന്‍, വിദ്വേഷപ്രചരണത്തിലൂടെ തകര്‍ക്കാനാവുന്നതല്ല കോഴിക്കോടിന്റെ രുചിപ്പെരുമ

ഹലാല്‍ ഭക്ഷണത്തില്‍ 'തുപ്പല്‍' എന്ന വ്യാജവാദത്തെ മുന്‍നിര്‍ത്തി കോഴിക്കോട് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ധ്രുവീകരണ പ്രചരണം. 'ഹലാല്‍ വിരുദ്ധ' പ്രചരണങ്ങളിലൂടെ ഭക്ഷണത്തിലും വര്‍ഗ്ഗീയത കലര്‍ത്തി നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കോഴിക്കോടിന്റെ രുചിപ്പെരുമയെയും മതേതര പാരമ്പര്യത്തെയും ആക്രമിച്ചുള്ള പുതിയ നീക്കം. മുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കി 'തുപ്പല്‍രഹിത ഭക്ഷണം കിട്ടുന്ന കടകള്‍' എന്ന പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പോസ്റ്ററുകളും കാമ്പയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട്ടെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാജ പ്രചരണങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തി.

ഹോട്ടലുകളെ ഉടമകളുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ചേരി തിരിച്ച് പ്രചരിപ്പിക്കുന്ന നീക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ രംഗത്ത് വന്ന് പ്രശസ്തമായ പാരഗണ്‍ ഗ്രൂപ്പാണ്. സോള്‍ജിയേഴ്‌സ് ഓഫ് കോഴ്‌സ് എന്നവകാശപ്പെടുന്ന പോസ്റ്ററിലൂടെ 'ഹിന്ദുക്കള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നതെന്ന്' വിശേഷിപ്പിച്ച പതിനഞ്ച് ഹോട്ടലുകളില്‍ പാരഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് ഹോട്ടലുകളുണ്ടായിരുന്നു. 83 വര്‍ഷമായി ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിളമ്പുന്ന സ്ഥാപനമാണ് പാരഗണ്‍ എന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും പാരഗണ്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

'കഴിഞ്ഞ 83 വര്‍ഷമായി, ജാതി മത ഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ ഉണ്ടാക്കി വിളമ്പുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും, ബിസിനസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താല്‍പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ല. സ്ഥാപനത്തിന്റെ സല്‍പേരും ജനസമ്മതിയും കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഢ ശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് മനസ്സിലാവുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ പരാതി ബോധിപ്പിച്ചിട്ടുമുണ്ട്. നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതുമാണ് '

പാരഗണ്‍ ഗ്രൂപ്പിന്റെ പ്രസ്താവന

പാരഗണ്‍
പാരഗണ്‍

ഭക്ഷണത്തിന്റെ പേരിലുള്ള വിദ്വേഷ പ്രചരണങ്ങളെ കോഴിക്കോട്ടെ ജനസമൂഹം ഒരു പോലെ തള്ളിക്കളയുമെന്ന് നഗരത്തിലെ പ്രശസ്തമായ ബോംബെ ഹോട്ടല്‍ മാനേജ്‌മെന്റ് പ്രതിനിധി നിസാര്‍ ദ ക്യു'വിനോട് പ്രതികരിച്ചു.'' ഞങ്ങള്‍ 75 കൊല്ലമായി ഹോട്ടല്‍ നടത്തുന്നു. ആളെ നോക്കിയോ മതമോ ജാതിയോ നോക്കിയല്ല ഭക്ഷണം കൊടുക്കുന്നത്. കഴിക്കാനെത്തുന്നവര്‍ക്ക് രുചിയുള്ള ഭക്ഷണം നല്ല രീതിയില്‍ നല്‍കി തൃപ്തിപ്പെടുത്തി അയക്കുകയെന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. അതില്‍ മതമോ ജാതിയോ കലര്‍ത്തുന്നില്ല. ഇവിടെ വരുന്നവര്‍ ആരും ഇന്ന് വരെ ആ പരാതി ഉന്നയിച്ചിട്ടില്ല. ഇത്തരം പ്രചരണങ്ങള്‍ കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയും ഇല്ല. കോഴിക്കോട്ടുകാര്‍ അത്തരം ചിന്താഗതിയുള്ളവരല്ല.''

വൈവിധ്യതയുടെയും ബഹുസ്വരതയുടെയും രുചിപാരമ്പര്യം

മതമോ ജാതിയോ നോക്കാതെ വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുകയെന്നതിനെ കോഴിക്കോടിന്റെ ആതിഥ്യ പാരമ്പര്യമായി വിശേഷിപ്പിക്കാറുണ്ട്. കോഴിക്കോട് നഗരത്തിലെത്തുന്നവര്‍ക്ക് മുന്നില്‍ രുചിയുടെ വൈവിധ്യതകളെ വിളമ്പുന്ന ഹോട്ടലുകളുമേറെ. ബിരിയാണിക്ക് റഹ്മത്തും ബോംബേ ഹോട്ടലും പാരഗണും ടോപ് ഫോമും സാഗറും. ബീഫ് ബിരിയാണിയാണെങ്കില്‍ കണ്ണുംപൂട്ടി റഹ്മത്തില്‍ കയറാമെന്ന് കരുതുന്നവരാണ് രുചിയന്വേഷകര്‍. മീന്‍ കറി ഊണിന് ആളകാപുരിയും പ്രസിദ്ധമാണ്. അമ്മ മെസിലെ മീന്‍ പൊരിച്ചതിനും ആവശ്യക്കാരേറെയുണ്ട്. ഭക്ഷണത്തിന്റെ രുചി മാത്രമാണ് കോഴിക്കോട്ടെത്തുന്നവര്‍ക്കും കോഴിക്കോട്ടുകാര്‍ക്കും ഹോട്ടലുകള്‍ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. അവിടെ മതവും ജാതിയും ഹോട്ടലിന് പുറത്താണ്.

ബോംബെ ഹോട്ടല്‍
ബോംബെ ഹോട്ടല്‍

ഭക്ഷണത്തിന്റെ പേരിലൊന്നും കോഴിക്കോട്ടെ മനുഷ്യരെ വിഭജിക്കാനാകില്ല. ശരിക്കും ഭക്ഷണവും സംഗീതവുമെല്ലാം ഇവിടത്തെ ജനങ്ങളെ കോര്‍ത്തിണക്കുന്ന സംഗതികളാണ്. ഗുജറാത്തിയും കൊങ്ങിണിയും പാഴ്സിയും പഞ്ചാബിയും ഒക്കെ ചേര്‍ന്നതാണ് കോഴിക്കോട്.

എ. പ്രദീപ് കുമാര്‍

മതം രുചിയുടെ വഴിയില്‍ വിഷയമല്ല

ഹോട്ടല്‍ നടത്തിപ്പുകാരുടെ മതം രുചിയുടെ വഴിയില്‍ വിഷയമല്ലെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ത്താനായി കോഴിക്കോട്ടേക്ക് വണ്ടി കയറിയവര്‍ മറന്ന് പോയതും ഇക്കാര്യമാണെന്നും സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എ. പ്രദീപ് കുമാര്‍ ദ ക്യു'വിനോട്. ''മുസ്ലിം വിഭാഗക്കാരുടെ ഭക്ഷണശാലകള്‍ക്കെതിരെ നടക്കുന്ന ഹീനപ്രചാരണത്തെ കോഴിക്കോട് തള്ളിക്കളയും. വര്‍ഗീയമായി സമൂഹത്തെ വിഭജിക്കാനുള്ള ഒരു ശ്രമവും അവിടെ വിലപ്പോവില്ല ഇതിന് ഏറ്റവും വലിയ ഉദാഹരണം മാറാട് സംഭവമാണ്. നവോത്ഥാനത്തിന്റേയും ദേശീയപ്രസ്ഥാനത്തിന്റേയും കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റേയും പാരമ്പര്യം പേറുന്ന മണ്ണാണ് കോഴിക്കോടിന്റേത്. അവ ചേര്‍ന്ന് രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ ഉള്‍ബലം ഉള്ളതുകൊണ്ടാണ് മാറാട് സംഭവം ഉണ്ടായപ്പോള്‍ ഈ നഗരം ഉലയാതിരുന്നത്. അത്ര ശക്തമാണ് കോഴിക്കോടിന്റെ മതേതര ബോധം. ഭക്ഷണത്തിന്റെ പേരിലൊന്നും കോഴിക്കോട്ടെ മനുഷ്യരെ വിഭജിക്കാനാകില്ല. ശരിക്കും ഭക്ഷണവും സംഗീതവുമെല്ലാം ഇവിടത്തെ ജനങ്ങളെ കോര്‍ത്തിണക്കുന്ന സംഗതികളാണ്. ഗുജറാത്തിയും കൊങ്ങിണിയും പാഴ്സിയും പഞ്ചാബിയും ഒക്കെ ചേര്‍ന്നതാണ് കോഴിക്കോട്. പരദേശി വ്യാപാരികളും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെ ഒന്നുചേരുന്ന, അതിനെയൊക്കെ സ്വന്തമായി അംഗീകരിച്ച ഭക്ഷണശീലമാണ് കോഴിക്കോടിന്റേത്. ഭക്ഷണത്തിന്റെ പേരില്‍ ആര് മനുഷ്യരെ വര്‍ഗീയമായി വിഭജിക്കാന്‍ നോക്കിയാലും അവരെ ഇവിടത്തുകാര്‍ ചുരുട്ടികൂട്ടി ദൂരത്തെറിയും എന്നതില്‍ ഒരു സംശയവുമില്ല'.

WS3

'തുപ്പല്‍ വീഡിയോ'യില്‍ തുടങ്ങിയ വിദ്വേഷ പ്രചരണം

ഹലാല്‍ ഭക്ഷണം തയ്യാറാക്കിയ ശേഷം തുപ്പുമെന്ന വ്യാജപ്രചരണം വന്നത് ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ്. തുപ്പല്‍ ഭക്ഷണമെന്ന പേരില്‍ നവംബര്‍ തുടക്കത്തില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പ് ഹലാല്‍ ഭക്ഷണത്തില്‍ ഇസ്ലാമിക മതാചാരത്തിന്റെ ഭാഗമായി തുപ്പുമെന്ന ദുര്‍വ്യാഖ്യാനമാക്കി മാറ്റി. ഉറൂസ് പോലൊരു ചടങ്ങില്‍ ബിരിയാണി തയ്യാറാക്കിയ ശേഷം അതില്‍ നിന്ന് ഒരു പ്ലേറ്റിലെടുത്ത് മാറ്റി മന്ത്രിച്ച് ഊതുന്ന വീഡിയോയാണ് ഹലാല്‍ ഭക്ഷണത്തില്‍ മതപുരോഹിതന്‍ തുപ്പാറുണ്ടെന്ന വ്യാജപ്രചരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ദര്‍ഗകളില്‍ ഉറൂസ് വേളകളില്‍ നേര്‍ച്ച ഭക്ഷണം തയ്യാറാക്കിയതിന് ശേഷം മതപുരോഹിതന്‍ ഖുര്‍ ആന്‍ വചനങ്ങളുച്ചറിച്ച് മന്ത്രിച്ചൂതുന്നതാണ് 'തുപ്പല്‍ ഭക്ഷണ'മെന്ന രീതിയില്‍ വ്യാജപ്രചരണമാക്കിയതെന്ന് ഫാക്ട് ചെക്കിംഗ് വെബ് സൈറ്റായ alt news റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ ആറ് മുതല്‍ എട്ട് വരെ പയ്യന്നൂര്‍ താജുല്‍ ഉലമ ദര്‍ഗയില്‍ നടന്ന ഉറൂസിലെ ചടങ്ങാണ് ഹലാല്‍ ഭക്ഷണം തയ്യാറാക്കിയ ശേഷം തുപ്പുമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. വസ്തുത ഇതായിരിക്കെ തന്നെ ബിജെപി ദേശീയ വക്താവ് ഗൗരവ് ഗോയല്‍ ഉള്‍പ്പെടെ 'തുപ്പല്‍ ഫുഡ്' എന്ന പേരില്‍ ട്വീറ്റുകളിലൂടെ ഈ വ്യാജ പ്രചരണം ഏറ്റെടുത്തു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേരളത്തിലെ ഹോട്ടലുകളില്‍ തീവ്രവാദ ശക്തികള്‍ ഹലാല്‍ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു. പിന്നാലെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഈ വിദ്വേഷ പ്രചരണം ഏറ്റെടുത്തു. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണവും വ്യാപാര സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും ലക്ഷ്യമിട്ടുള്ള നീക്കം ഹലാല്‍ വിരുദ്ധ കാമ്പയിനായി മാറി. മുസ്ലിംങ്ങളും ഹിന്ദുക്കളും നടത്തുന്ന ഹോട്ടലുകളുടെ പട്ടികയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. കാക്കനാട്ടെ നോണ്‍ ഹലാല്‍ ബോര്‍ഡ് വിവാദവും ശബരിമലയിലെ ഹലാല്‍ ശര്‍ക്കരയും പൊളിഞ്ഞതോടെയാണ് പുതിയ നീക്കം.

WS3
'തുപ്പല്‍ ഭക്ഷണ' കാമ്പയിന്‍, വിദ്വേഷപ്രചരണത്തിലൂടെ തകര്‍ക്കാനാവുന്നതല്ല കോഴിക്കോടിന്റെ രുചിപ്പെരുമ
തുപ്പല്‍ ബിരിയാണിയും മുസ്ലിം വിദ്വേഷവും

കാക്കനാട്ടെ നോണ്‍ ഹലാല്‍ ബോര്‍ഡ് തിരക്കഥ

കാക്കനാട് ഹോട്ടലില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് ആക്രമണം നേരിട്ടുവെന്ന് പാലാരിവട്ടം സ്വദേശിനിയായ തുഷാര അജിത്ത് പരാതി ഉന്നയിക്കുകയും വര്‍ഗ്ഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മതസ്പര്‍ധ ഉണ്ടാക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചതാണെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇന്‍ഫോപാര്‍ക്കിനടുത്തുള്ള കട തുഷാരയുടെ നേതൃത്വത്തില്‍ തന്നെ തകര്‍ക്കുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത കടയുടമയേയും സുഹൃത്തിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നു വര്‍ഗ്ഗീയത കലര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ അവതരിപ്പിച്ചത്.

'തുപ്പല്‍ ഭക്ഷണ' കാമ്പയിന്‍, വിദ്വേഷപ്രചരണത്തിലൂടെ തകര്‍ക്കാനാവുന്നതല്ല കോഴിക്കോടിന്റെ രുചിപ്പെരുമ
മന്ത്രവാദമല്ല സംഘപരിവാറിന്റെ പ്രശ്‌നം; ഫാസിസ്റ്റുകള്‍ എങ്ങനെ മതനിരപേക്ഷതയെ അട്ടിമറിക്കുന്നു

ശബരിമല ശര്‍ക്കരയിലെ ഹലാല്‍ പ്രചരണം

ശബരിമലയില്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെന്നും മുസ്ലിം ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്നാണ് വാങ്ങുന്നതെന്നുമായിരുന്നു സംഘപരിവാര്‍ നടത്തിയ പ്രചരണം. ശബരിമലയില്‍ പോലും ഹലാല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന അവസ്ഥയാണെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു. വിശ്വാസികളായ ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ശബരിമലയില്‍ ഉപയോഗിച്ചിരുന്ന ശര്‍ക്കര മഹാരാഷ്ട്ര സ്വദേശിയ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം എന്ന ശിവസേനാ നേതാവ് ചെയര്‍മാനായ വര്‍ധന്‍ അഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് നിര്‍മ്മിക്കുന്നതാണെന്ന് വ്യക്തമായി. ശര്‍ക്കര വിദേശത്ത് കൂടി അയക്കുന്നതിനാലാണ് ഹലാല്‍ എന്ന് സെര്‍ട്ടിഫൈ ചെയ്തതെന്നാണ് വി.എ.പി.എലിന്റെ റീജിണല്‍ റെപ്രസന്റേറ്റീവ് സാംസണ്‍ ടോം ദ ക്യുവിനോട് പറഞ്ഞത്.

'മുസ്ലിങ്ങള്‍ക്ക് ഹറാമായ പന്നിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ അവര്‍ക്ക് മതപരമായി ഉപയോഗിക്കാന്‍ പാടില്ലാത്തതോ ആയ വസ്തുക്കള്‍ ചേര്‍ത്തിട്ടില്ല വൃത്തിയുള്ള സ്ഥലത്ത് ശുദ്ധമായി ഉണ്ടാക്കുന്ന ശര്‍ക്കര ആയതിനാലാണ് ഹലാല്‍ എന്ന് മുദ്രകുത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. അതിനാല്‍ ഹലാല്‍ സെര്‍ട്ടിഫൈ ചെയ്ത ശര്‍ക്കര എന്നുമാത്രമാണ് അതിന് അര്‍ത്ഥമുള്ളത്. യാതൊരു കെമിക്കലുകളും ഉപയോഗിച്ചിട്ടില്ലെന്ന് മാത്രമല്ല, ഉപയോഗിക്കാന്‍ അനുവദനീയമാണ് ശര്‍ക്കര. സള്‍ഫര്‍ലെസ് പഞ്ചസാര ഉത്പന്നങ്ങളാണ് ഞങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വര്‍ഷമാണ് ശര്‍ക്കരയുടെ കാലാവധി,'

2018ലാണ് വി.എ.പി.എല്‍ എന്ന കമ്പനിയുമായി കരാര്‍ ഉണ്ടായിരുന്നതെന്നും അവിടെ നിന്ന് വന്ന പാക്കറ്റിലാണ് ഹലാല്‍ എന്ന് അച്ചടിച്ചതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ദ ക്യുവിനോട് പ്രതികരിച്ചു. വി.എ.പി.എല്‍ എന്ന കമ്പനിയുമായി നേരത്തെ തന്നെ കരാര്‍ അവസാനിപ്പിച്ചതാണെന്നും അനന്തഗോപന്‍.

'കളി ജിഹാദ്, ഭൂമി ജിഹാദ്, സാമ്പത്തിക ജിഹാദ് എന്നിങ്ങനെയുള്ള ജിഹാദുകളും ഉണ്ടാക്കിയിരിക്കുന്നു. സാമ്പത്തിക ജിഹാദിന്റെ പേരിലാണ് ഉത്തര്‍പ്രദേശില്‍ ഒരു തട്ടുകട അടിച്ചു തകര്‍ത്തത്'

കെ.ഇ.എന്‍

ഒരു നവഫാസിസം എങ്ങനെയാണ് സമൂഹത്തില്‍ ഭിന്നിപ്പിന്റെയും അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും പൊതുതലത്തില്‍ ഇടപെടുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ഇസ്ലാമോഫോബിക് പ്രചരണങ്ങളെന്ന് കെ.ഇ.എന്‍ പറയുന്നു. ''എങ്ങനെയാണ് അവര്‍ നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങള്‍ പിടിച്ചെടുക്കുന്നത് എന്നതും ഇതോടൊപ്പം ചര്‍ച്ച ചെയ്ത് പോകേണ്ടതാണ്.

നിയമസഭയില്‍ ആകെ ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയില്‍ സംഘപരിവാറും ബിജെപിയും കേരളത്തില്‍ ധ്രുവീകരണ നീക്കങ്ങള്‍ സകലശ്രമങ്ങളും തുടരുകയാണെന്ന സൂചനയാണ് ഹലാല്‍ വിരുദ്ധ പ്രചരണത്തിലും തെളിയുന്നത്.

The Cue
www.thecue.in