'ഒരു വയസ്സായി കുഞ്ഞിന്, അവനെ കണ്ടെത്തണം'; കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ ഒടുവില്‍ അനുപമയുടെ മാതാപിതാക്കള്‍ക്കെതിരെ കേസ്

'ഒരു വയസ്സായി കുഞ്ഞിന്, അവനെ കണ്ടെത്തണം'; കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ ഒടുവില്‍ അനുപമയുടെ മാതാപിതാക്കള്‍ക്കെതിരെ കേസ്

പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി ഉപേക്ഷിച്ചുവെന്ന സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അനുപമ നല്‍കിയ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. അനുപമയുടെ അച്ഛനും പേരൂര്‍ക്കട സി.പി.ഐ.എം നേതാവുമായ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

2020 ഒക്ടോബറിലാണ് അനുപമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വയസ് പൂര്‍ത്തിയായി അനുപമയുടെ കുഞ്ഞിന്. പക്ഷെ മൂന്ന് ദിവസം മാത്രം കണ്ട കുഞ്ഞിനുവേണ്ടി ആറുമാസമായി അലയുകയാണ് അനുപമ. വിവാഹിതയാകാതെ ഗര്‍ഭം ധരിച്ചതുമൂലമാണ് തന്റെ പക്കല്‍ നിന്നും ജനിച്ച് മൂന്നാം ദിവസം കുഞ്ഞിനെ വീട്ടുകാര്‍ മാറ്റിയതെന്നാണ് അനുപമ പറയുന്നത്.

പ്രസവ ശേഷം ഒക്ടോബര്‍ 22ന് ആശുപത്രിയില്‍ നിന്ന് വരുന്ന വഴി സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞിനെ തിരികെ തരാമെന്ന് വാഗ്ദാനം ചെയ്താണ് തന്റെ പക്കല്‍ നിന്ന് കുഞ്ഞിന് ബലമായി പിടിച്ചുവാങ്ങിയതെന്ന് അനുപമ ദ ക്യുവിനോട് പറഞ്ഞു.

പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് കേസില്‍ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. നിരവധി തവണ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല.

നിയമപരമായ നടപടികള്‍ക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അനുപമയുടെ പിതാവ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. അനുപമയെക്കൊണ്ട് ഒരു സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് കേസില്‍ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. നിരവധി തവണ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതിന്റെ നടപടികളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നാണ് നടപടിയെടുക്കാന്‍ വൈകിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പൊലീസ് അനുപമയോടും അജിത്തിനോടും മറുപടി പറഞ്ഞത്.

പൊലീസിനെയടക്കം അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ജയചന്ദ്രന്‍ വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ഒരു ദമ്പതികള്‍ ദത്തെടുത്തെന്ന് ജയചന്ദ്രന്‍ ക്യാമറയ്ക്ക് മുന്നില്‍ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന അനുപമ എസ്.ചന്ദ്രന്‍ പേരൂര്‍ക്കട ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അജിത്തുമായി പ്രണയത്തിലായിരുന്നു. വിവാഹിതനായ അജിത്തില്‍ നിന്ന് ഗര്‍ഭം ധരിച്ചതാണ് വീട്ടുകാരുടെ എതിര്‍പ്പിനുള്ള കാരണം എന്നാണ് അനുപമ പറയുന്നത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് അനുപമയും അജിത്തും പ്രണയത്തിലാകുന്നത്. ഗര്‍ഭിണിയായി എട്ടു മാസം കഴിയുമ്പോഴാണ് വീട്ടുകാരോട് സത്യം തുറന്നുപറുയന്നത്. തുടര്‍ന്ന് അനുപമയെയും കൂട്ടി ഒരുമിച്ചു ജീവിക്കാന്‍ പോവുകയാണെന്ന് അജിത്ത് വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ കുറച്ചു മാസത്തിനുള്ളില്‍ അനുപമയുടെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ അതുകഴിഞ്ഞ് ഒരുമിച്ചു ജീവിക്കാമെന്നും അനുപമയോട് വീട്ടില്‍ തന്നെ തുടരാനും വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.

എന്നാല്‍ പിന്നീട് വീട്ടുകാരുടെ സ്വഭാവം മാറിയെന്നും അവര്‍ അനുപമയെ മലപ്പുറത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചുവെന്നും അജിത്ത് പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുപമ വിസമ്മതിച്ചു. പിന്നീട് അനുപമ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രസവിച്ച ശേഷം കുഞ്ഞിനെ സഹോദരിയുടെ വിവാഹ ശേഷം നല്‍കാമെന്നാണ് അനുപമയോട് അച്ഛന്‍ ജയചന്ദ്രന്‍ പറഞ്ഞത്. ആശുപത്രിയില്‍ നിന്നും വരുന്ന വഴി ജഗതിയില്‍ വെച്ച് കാറില്‍ നിന്ന് കുഞ്ഞിനെ നിര്‍ബന്ധിച്ചു എടുത്തു കൊണ്ടു പോവുകയായിരുന്നെന്നും അനുപമ പറയുന്നു. പ്രസവ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങാതെ കുടുംബ സുഹൃത്തിന്റെ വീട്ടിലാണ് നിന്നതെന്നും അവിടെ താമസിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ മറ്റൊരു വീട്ടില്‍ തടവിലാക്കിയിരിക്കുകയായിരുന്നെന്നും അനുപമ പറഞ്ഞു.

2021 മാര്‍ച്ച് മാസത്തോടെയാണ് അനുപമ വീട്ടില്‍നിന്നും രക്ഷപ്പെട്ട് അജിത്തുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. 2021 ജനുവരിയില്‍ ആദ്യ വിവാഹത്തില്‍ നിന്നും ഔദ്യോഗികമായി വിവാഹ മോചനം നേടിയ അജിത്ത് 2021 ഫെബ്രുവരിയില്‍ അനുപമയെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സഹോദരിയുടെ വിവാഹം കഴിയട്ടെയെന്നാണ് അച്ഛനും അമ്മയും ആവശ്യപ്പെട്ടതെന്നാണ് അജിത്ത് പറയുന്നത്. ശേഷം അനുപമയെ വീട്ടില്‍ നിന്നും കൊണ്ടു വന്ന ശേഷമാണ് ഇവര്‍ കുഞ്ഞിനെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

അജിത്ത് വിവാഹിതനായിരുന്നു എന്നതിലുപരി, ദളിത് ആയിരുന്നു എന്നതുപോലും വീട്ടില്‍ പ്രശ്‌നമായിരുന്നെന്നും അനുപമ പറയുന്നു. ഒരു കമ്യൂണിസ്റ്റ് കുടുംബമായ തന്റെ വീട്ടുകാര്‍ ജാതിപരമായി ഇടപെടുമെന്ന് പോലും താന്‍ ചിന്തിച്ചിരുന്നില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന സിപിഐഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ഡിജിപി, പികെ ശ്രീമതി, ബൃന്ദ കാരാട്ട് എന്നിവര്‍ക്കൊക്കെ പരാതി നല്‍കി. ബൃന്ദ കാരാട്ട് ഒഴികെ ആരും മറുപടി നല്‍കിയില്ലെന്നാണ് അനുപമ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in