രോഗാവസ്ഥയിലുള്ള മകന് ചികില്‍സ ലഭ്യമാക്കുന്ന തരത്തില്‍ സംരക്ഷണം, ചിന്നക്കനാല്‍ ദ ക്യു വാര്‍ത്തയില്‍ മന്ത്രി എം.വി ഗോവിന്ദന്‍

രോഗാവസ്ഥയിലുള്ള മകന് ചികില്‍സ ലഭ്യമാക്കുന്ന തരത്തില്‍ സംരക്ഷണം, ചിന്നക്കനാല്‍ ദ ക്യു വാര്‍ത്തയില്‍ മന്ത്രി എം.വി ഗോവിന്ദന്‍

ഇടുക്കി ചിന്നക്കനാല്‍ ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിയുന്ന വിമലക്കും ഓട്ടിസം ബാധിച്ച മകനും പുതുജീവിതമൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു. കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് ഷെഡ് കെട്ടി കഴിയുന്ന വിമലയുടെയും മകന്‍ സനലിന്റെയും ജീവിതം ദ ക്യു വാര്‍ത്തയില്‍ കണ്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടല്‍.

ഇടപെടലിനെക്കുറിച്ച് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് ഷെഡ് കെട്ടി കഴിയേണ്ടിവന്ന ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ വിമലയും അസുഖബാധിതനായ മകനും ആധുനിക സമൂഹത്തെ ഏറെ അസ്വസ്ഥമാക്കിയ ജീവിതക്കാഴ്ചയായിരുന്നു. വാര്‍ത്ത കണ്ടയുടനെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും വിമലക്കും മകനും സ്ഥലവും വീടും ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ് ടി പ്രമോട്ടര്‍ എന്നിവരോട് ഇരുവരെയും സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ വിമലയുടെ വീട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും താല്‍ക്കാലികമായി മാറ്റി താമസിപ്പിക്കുകയും ചെയ്തു. പുതിയ കട്ടിലും കിടക്കയും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കി.

ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രോഗാവസ്ഥയിലുള്ള മകന് ചികില്‍സ ലഭ്യമാക്കുന്ന തരത്തില്‍ കൂടി സംരക്ഷണം ഉറപ്പുവരുത്താനാണ് ആലോചിക്കുന്നത്.

താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയാണ് വിമലയും ഓട്ടിസം ബാധിച്ച മകനും കഴിഞ്ഞിരുന്നത്. മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു.2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും അവിടെ താമസിക്കാനായില്ല. ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ 'ദ ക്യു' ആണ് ഇവരുടെ നിസഹായ ജീവിതം റിപ്പോര്‍ട്ട് ചെയ്തത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ ഈ മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്

ദ ക്യു വീഡിയോ റിപ്പോര്‍ട്ട് ഇരുപത് ലക്ഷത്തിലേറെ പേര്‍ ഇന്‍സ്റ്റഗ്രാമിലും 12 ലക്ഷത്തോളം പേര്‍ ഫേസ്ബുക്കിലുമായി കണ്ടിരുന്നു. നിരവധി പേര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in