പുസ്തകത്തിലുള്ളത് മതി, രാജ്യതാത്പര്യത്തിനെതിരായ പരാമര്‍ശം വേണ്ട; സംഘപരിവാര്‍ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രസര്‍വകലാശാല സര്‍ക്കുലര്‍

പുസ്തകത്തിലുള്ളത് മതി, രാജ്യതാത്പര്യത്തിനെതിരായ പരാമര്‍ശം വേണ്ട; സംഘപരിവാര്‍ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രസര്‍വകലാശാല സര്‍ക്കുലര്‍

ആര്‍.എസ്.എസിനെ ഫാസിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിക്കുകയും രാജ്യത്തെ വാക്സിന്‍ പോളിസിയെ വിമര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരായ ശിക്ഷാനടപടിക്ക് പിന്നാലെ അധ്യാപകരുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കാസര്‍ഗോട്ടെ കേരള കേന്ദ്രസര്‍വകലാശാല.

ക്ലാസ് റൂമുകളില്‍ പ്രകോപനപരമായ ലച്ചറുകളോ, രാജ്യതാത്പര്യത്തിന് വിരുദ്ധമായ ക്ലാസുകളോ പ്രതികരണങ്ങളോ പാടില്ലെന്ന് സര്‍വ്വകലാശാല പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നു. ദേശവിരുദ്ധമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന താക്കീത്.

സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഫാക്കല്‍ട്ടി അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ സര്‍ക്കുലര്‍ എന്നാണ് വിമര്‍ശനം. ആഗസ്തില്‍ ഇറങ്ങിയ സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

നേരത്തെ ആര്‍.എസ്.എസ് പ്രോട്ടോ ഫാസിസ്റ്റ് സംഘടനയാണെന്ന് പറഞ്ഞ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ കേരള കേന്ദ്ര സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ ക്ലാസിനിടയിലായിരുന്നു പ്രൊഫസര്‍ ഗില്‍ബര്‍ട്ട് ബി.ജെ.പി ആര്‍.എസ്.എസ് സംഘടനകള്‍ പ്രോട്ടോ ഫാസിസ്റ്റ് സംഘടനകളാണെന്ന് വിമര്‍ശിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ സര്‍ക്കാരിനെ പ്രോട്ടോ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാന്‍ കഴിയുമോ? എന്ന ചോദ്യവും അദ്ദേഹം ആരാഞ്ഞിരുന്നു. ഫാസിസവും നാസിസവും എന്ന വിഷയത്തിലെ ഓണ്‍ലൈന്‍ ക്ലാസിലായിരുന്നു ഡോ. ഗില്‍ബര്‍ട്ടിന്റെ പരാമര്‍ശം. സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ പരാതിയിലാണ് ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തത്.

സര്‍ക്കാര്‍ നയത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത് ദേശവിരുദ്ധമെന്ന് സ്ഥാപിക്കാനുള്ള ശ്രമം

സര്‍ക്കാരിനെതിരെ സംസാരിക്കുന്ന, സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന അല്ലെങ്കില്‍ പ്രധാനമന്ത്രിക്കെതിരായി സംസാരിക്കുന്ന ഒരു അധ്യാപകന്‍ ദേശവിരുദ്ധമായാണ് സംസാരിക്കുന്നത് എന്ന് സര്‍ക്കുലര്‍ വഴി നിര്‍മ്മിച്ചെടുക്കാന്‍ കഴിയും.

വടക്കേ ഇന്ത്യയിലൊക്കെ നടക്കുന്നത് പോലെ അധ്യാപകരെ യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കാനുള്ള തന്ത്രമായി വരെ ഇതിനെ മനസിലാക്കേണ്ടതുണ്ട്. സര്‍വ്വകലാശാലകള്‍ അറിവ് ഉത്പാദിപ്പിക്കുന്ന ഇടമായാണ് മാറേണ്ടത്,'' സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ഡേവിസ് ദ ക്യുവിനോട് പറഞ്ഞു.

ഒരു അധ്യാപകനെ ഓഡിറ്റ് ചെയ്യുന്ന വിധത്തിലാണ് ഈ സര്‍ക്കുലര്‍ പുറത്ത് വന്നിരിക്കുന്നത്. ജി.ഡി.പി കുറഞ്ഞു പോകുന്നത് അല്ലെങ്കില്‍ ഒരു പോളിസിയിലെ പോരായ്മയെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ അത് ദേശവിരുദ്ധമാണ് എന്ന് നിര്‍മ്മിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലേക്കാണ് ഈ സര്‍ക്കുലര്‍ വായിക്കപ്പെടുന്നത്.

ക്ലാസ്‌റൂമില്‍ അധ്യാപകന് മേല്‍ ഭരണകൂട താല്‍പ്പര്യം മുന്‍നിര്‍ത്തി പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്ന രീതിയില്‍ പുറത്തിറങ്ങിയ സര്‍ക്കുലറിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഓര്‍ഡറിലെ വാക്കുകളുടെ നിര്‍വചനം എന്താണെന്ന് വ്യക്തമാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തയ്യാറാകണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

പ്രൊഫസര്‍ ഗില്‍ബര്‍ട്ടിന്റെ ഓണ്‍ലൈന്‍ ക്ലാസ് പ്രശ്‌നത്തിന് പിന്നാലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിങ്ങ് ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ മിനുറ്റ്‌സില്‍ ഡോ. ഗില്‍ബര്‍ട്ടിന്റെ ക്ലാസ് പൊതുമണ്ഡലത്തില്‍ നിന്ന് എടുത്തുമാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. അന്ന് ഇതേ രീതിയില്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ക്ലാസ് റൂമില്‍ പറയരുതെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതേ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് സര്‍വ്വകലാശാല പുതിയ സര്‍ക്കുലറും ഇറക്കിയിരിക്കുന്നത്.

അതേസമയം ഡോ. ഗില്‍ബര്‍ട്ട് ദേശവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് എന്‍ക്വയറി കമ്മിറ്റി കണ്ടെത്തിയിരുന്നില്ല. സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് റൂള്‍ ലംഘിച്ചുവെന്നായിരുന്നു കമ്മിറ്റി കണ്ടെത്തിയത്.

പലപല വീക്ഷണങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ പുതിയ വീക്ഷണം ഉരുത്തിരിഞ്ഞാണ് അക്കാഡമിക്‌സ് വളരുന്നത്. ഇത്തരം സര്‍ക്കുലര്‍ അവ റദ്ദ് ചെയ്യുന്നതാണെന്ന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ദ ക്യുവിനോട് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് ഒരാള്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി എന്ത് പറയണം എന്ത് പറയേണ്ട എന്നുള്ളത് തീരുമാനിക്കുക. ഇത് അടിസ്ഥാനപരമായി അക്കാദമിക്ക് സ്വാതന്ത്ര്യത്തിന്റെ ഒരു പ്രശ്‌നം കൂടിയാണെന്ന് അറിയപ്പെടുന്ന ചരിത്രകാരനും അധ്യാപകനും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.എന്‍ ഗണേഷ് ദ ക്യുവിനോട് പറഞ്ഞു.

സാധാരണഗതിയില്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ മേല്‍ നിയന്ത്രണം വരുമ്പോള്‍ സ്വയംഭരണാവകാശം ഉപയോഗിക്കാറുണ്ട്. പക്ഷേ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ കാര്യത്തില്‍ അവര്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ അതേപടി അംഗീകരിച്ചുകൊണ്ട് അത് അടിച്ചേല്‍പ്പിക്കുന്ന രീതി പിന്തുടരുകയല്ലേ എന്ന സംശയമുണ്ട്. ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി പോലുള്ള ഇടങ്ങളില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ദേശദ്രോഹികളാക്കുന്ന രീതി നമ്മള്‍ കാണുന്നതാണ്,'' കെ.എന്‍ ഗണേഷ് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ അക്കാദമിക മേഖലയില്‍ നിന്നടക്കം ഉയരുന്നതനിടെയാണ് കേരള കേന്ദ്ര സര്‍വ്വകലാശാല അധ്യാപകരുടെ സ്വതന്ത്രമായ പഠനരീതികളെയും അക്കാദമിക് സ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in