മലയാളി ഫുഡ് പ്രൊഡക്ടിനെതിരെ വിദ്വേഷ പ്രചരണം, ആസൂത്രിത നീക്കമെന്ന് ഐ.ഡി സ്ഥാപകന്‍ പി.സി.മുസ്തഫ

മലയാളി ഫുഡ് പ്രൊഡക്ടിനെതിരെ വിദ്വേഷ പ്രചരണം, ആസൂത്രിത നീക്കമെന്ന് ഐ.ഡി സ്ഥാപകന്‍ പി.സി.മുസ്തഫ

ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ഫുഡ് ബ്രാന്‍ഡിനെതിരെ വിദ്വേഷ പ്രചരണം. ഇഡ്‌ലി, ദോശ മിക്‌സുകളിലൂടെ ശ്രദ്ധേയരായ ഐ.ഡി ഫുഡ്‌സിനെതിരെയാണ് വ്യാപകമായ വിദ്വേഷ കാമ്പയിന്‍. പശുവിന്റെ എല്ലും, പശുവിന്റെ കൊഴുപ്പും ഉപയോഗിച്ചാണ് ഐ.ഡിയുടെ ഫുഡ് പ്രൊഡക്ടുകള്‍ തയ്യാറാക്കുന്നതെന്നായിരുന്നു വ്യാജപ്രചരണം. മുസ്ലിം മതസ്ഥരെ മാത്രമാണ് ഐ.ഡി ജോലിക്ക് എടുക്കുന്നതെന്നും ഹലാല്‍ സര്‍്ട്ടിഫൈഡ് പ്രൊഡക്ടാണെന്നും തുടങ്ങി ഇസ്ലാമോഫോബിക് സ്വഭാവമുള്ളതും തീവ്രവര്‍ഗീയത സൃഷ്ടിക്കുന്നതുമായിരുന്നു വാട്‌സ് ആപ്പിലൂടെയും ട്വിറ്ററിലൂടെയുമുള്ള പ്രചരണങ്ങള്‍.

പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷ്യോല്‍പ്പനങ്ങളാണ് തങ്ങളുടേതെന്നും മറിച്ചുള്ളത് വ്യാജപ്രചരണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ബംഗളൂരു അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ഡി ഫുഡ്സിനെതിരെ വ്യാജ പ്രചരണം. കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്ആപ്പ് ഫോര്‍വേഡായി വന്ന ഒരു മെസേജില്‍ നിന്നാണ് പ്രചരണങ്ങളുടെ തുടക്കം.

ഐ.ഡി ഫുഡ് പ്രൊഡക്ടിനെതിരെ നടന്ന വ്യാജപ്രചരണങ്ങളിലൊന്ന്
ഐ.ഡി ഫുഡ് പ്രൊഡക്ടിനെതിരെ നടന്ന വ്യാജപ്രചരണങ്ങളിലൊന്ന്

ഐ.ഡി അവരുടെ ഉത്പന്നങ്ങളില്‍ പശുവിന്റെ എല്ല് അടക്കമുള്ള ശരീരഭാഗങ്ങള്‍ കലര്‍ത്തുന്നെണ്ടന്ന പ്രചരണങ്ങളും വ്യാജ വാര്‍ത്തകളുമാണ് 2005ല്‍ ആരംഭിച്ച സംരംഭത്തിനെതിരെ പ്രധാനമായും നടക്കുന്നത്. മുസ്ലിം മതസ്ഥര്‍ക്ക് മാത്രം പ്രാതിനിധ്യമുള്ള കമ്പനിയാണെന്ന വര്‍ഗീയ പ്രചരണങ്ങളും ഐ.ഡി ഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്നുണ്ട്.

എന്നാല്‍, ഈ പ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതവും വിശദീകരണം അര്‍ഹിക്കാത്തതാണെന്നും ഐ.ഡി സ്ഥാപകന്‍ പി.സി മുസ്തഫ ദ ക്യുവിനോട് പ്രതികരിച്ചു. ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ പ്രചരണങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതേ മേഖലയില്‍ ബിസിനസ് ചെയ്യുന്നവരാണ്. ഇപ്പോള്‍ വന്ന വാര്‍ത്തകളെല്ലാം നുണകള്‍ മാത്രമാണ്. എല്ലാ മതവിഭാഗത്തില്‍ നിന്നുള്ള ആളുകളും ഐ.ഡിയില്‍ ജോലി ചെയ്യുന്നുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ തന്നെ ആളുകള്‍ക്ക് ഇക്കാര്യം മനസ്സിലാകും.

ഇതുവരെ ഒരു മൃഗത്തിന്റെയും ശരീരഭാഗങ്ങള്‍ ഞങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം ഒരു വലിയ പ്ലാനിന്റെ ഭാഗമായാണ് ഞങ്ങള്‍ കാണുന്നതെന്നും പി.സി മുസ്തഫ. വാട്‌സ് ആപ്പ് ഫോര്‍വേഡുകളായും ട്വീറ്റുകളായും വ്യാജപ്രചരണം ശക്തമായതിന് പിന്നാലെ കമ്പനി ഔദ്യോഗിക വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.

ശരീഅത്ത് നിയമം അനുസരിച്ചുള്ള പ്രവര്‍ത്തനരീതിയാണ് കമ്പനിയുടേതെന്നും പ്രചരണങ്ങളിലുണ്ടായിരുന്നു. ബംഗളൂരു ആസ്ഥാനമായി 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐ.ഡി ഫ്രഷ് ഫുഡ്‌സ് മൈസൂര്‍, മംഗലാപുരം, മുംബൈ, പുനെ, ഹൈദരാബാദ്, വിജയവാഡ, ചെന്നൈ, എറണാകുളം, കോയമ്പത്തൂര്‍ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സജീവമാണ്.

ഐ.ഡിയുടെ ഏറ്റവും പ്ലാന്റ് കര്‍ണാടകയിലെ അനേകലില്‍ ഈ വര്‍ഷം ആദ്യം തുടങ്ങിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in