അങ്കണവാടി പുസ്തകങ്ങളിലെ ജന്‍ഡര്‍ പക്ഷപാതം തിരുത്തുന്നു; റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

അങ്കണവാടി പുസ്തകങ്ങളിലെ ജന്‍ഡര്‍ പക്ഷപാതം തിരുത്തുന്നു; റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

അങ്കണവാടി പുസ്തകങ്ങളിലും അധ്യാപന സഹായിയിലും ജന്‍ഡര്‍ ഓഡിറ്റ് പ്രകാരം അഴിച്ചുപണിക്കൊരുങ്ങുന്നു. പുസ്തകങ്ങളുടെ ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജിന് കൈമാറി. ലിംഗനീതി, തുല്യത എന്നിവ പരിഗണിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പഠനാനുഭവം നല്‍കാനുള്ള ശിപാര്‍ശകളാണ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. പഠന സാമഗ്രികളില്‍ ചിത്രീകരണം, കവിതകള്‍, കഥകള്‍ എന്നീ മേഖലകളില്‍ മാറ്റം വരുത്താനാണ് നിര്‍ദേശം.

റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍

അങ്കണവാടികള്‍ക്കായുള്ള പുസ്തകങ്ങള്‍ ശിശുസൗഹൃദവും ശിശുകേന്ദ്രീകൃതവുമായിരിക്കേ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പ്മാതൃകകള്‍ അതേ പടി പകര്‍ത്തുന്നവയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ തൊഴില്‍ വിഭജനം കുടുംബത്തിനകത്തും പുറത്തും ഉള്ളവയെ ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിലെ ജന്‍ഡര്‍ പക്ഷപാതം പുസ്തകത്തിലും അധ്യാപന സഹായിയിലും കാണാം. തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദേശങ്ങള്‍.

ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ലിംഗ വ്യത്യാസമില്ലാതെയുള്ള അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്. അങ്കണവാടി തീം ചാര്‍ട്ട്, അങ്കണപ്പൂമഴ എന്ന കുട്ടികളുടെ പ്രവര്‍ത്തന പുസ്തകം, അധ്യാപക സഹായിയായ അങ്കണത്തൈമാവ് എന്നിവ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഡോ. ടി.കെ. ആനന്ദി ചെയര്‍പേഴ്‌സണും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസര്‍ ഡോ. വി.ടി. ഉഷ, കില ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അമൃത് രാജ്, കാസര്‍ഗോഡ് ചെറിയകര ഗവ. എല്‍.പി.എസ്. അധ്യാപകന്‍ മഹേഷ് കുമാര്‍, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്.

Related Stories

No stories found.
The Cue
www.thecue.in