കേരളത്തിലും ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് സംവിധാനമോ? ഇളവുകളെന്ന പേരില്‍ കേരളം നടപ്പിലാക്കുന്നത്

കേരളത്തിലും ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് സംവിധാനമോ? ഇളവുകളെന്ന പേരില്‍ കേരളം നടപ്പിലാക്കുന്നത്

'കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.'

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ബുധനാഴ്ച നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞതാണ്. എന്നാല്‍ ഇതോടൊപ്പം ഇറക്കിയ ഉത്തരവില്‍ അഭികാമ്യം എന്നതിന് പകരം നെഗറ്റീവ് ഫലം കര്‍ശനമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

മന്ത്രി അഭികാമ്യമെന്ന നിലയില്‍ പറഞ്ഞത് ഉത്തരവിലെത്തുമ്പോള്‍ കര്‍ശന നിബന്ധനയായി മാറിയിരിക്കുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാ നിലക്കും വലച്ച ജനങ്ങള്‍ക്ക് മുന്നിലേക്ക് ഇത്തരത്തിലൊരു നിബന്ധന വരുമ്പോള്‍ അത് അതിസാധാരണ മനുഷ്യരോടുള്ള വിവേചനവും അനീതിയുമായി മാറുമെന്ന് വിവിധ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ബീവറേജില്‍ പോകാന്‍ വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ മറ്റ് നിബന്ധനകളോ ഇല്ലാതിരിക്കുമ്പോള്‍ എന്തുകൊണ്ട് നിത്യവൃത്തിക്കുള്ള അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് മുന്നില്‍ എന്തിനാണ് ഇത്രയും നിയന്ത്രണങ്ങളും കടുംപിടുത്തവുമെന്നാണ് പലരും ചോദിക്കുന്നത്.

ലോക്ക് ഡൗണ്‍ ഇളവുകളെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ലോകാരോഗ്യ സംഘടന തന്നെ വിമര്‍ശിച്ച ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കുകയാണെന്ന വാദവും ഉയരുന്നുണ്ട്. കൊവിഡ് രൂക്ഷത നിലനില്‍ക്കെ സമൂഹത്തെ വിഭജിച്ച് രണ്ട് തരം മനുഷ്യരെ സൃഷ്ടിക്കുന്നുവെന്നാണ് വിമര്‍ശനം.

എന്താണ് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട്

കൊവിഡ് 19 നെ പ്രതിരോധിക്കുന്ന സാര്‍സ് കൊവിഡ് -2 വൈറസിന്റെ ആന്റിബോഡി ശരീരത്തിലുള്ള വ്യക്തികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട്. രോഗം വന്നു മാറിയവരുടെയോ വാക്‌സിന്‍ എടുത്തവരിലോ ആന്റി ബോഡിയുണ്ടാകും. ഈ സംവിധാനം കടുത്ത വിവേചനത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

കൊവിഡ് 19 ല്‍ വന്ന് സുഖം പ്രാപിക്കുന്നയാള്‍ക്ക് രണ്ടാമതും അണുബാധയുണ്ടാകില്ല എന്നതിന് തെളിവുകളൊന്നുമില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

ഫലത്തില്‍ കേരളത്തില്‍ നിലവിലുള്ള ഈ നിബന്ധനകള്‍ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടിന് സമാനമാണെന്ന് ഐടി വിദഗ്ധനായിട്ടുള്ള അനിവര്‍ അരവിന്ദ് പറയുന്നു.

ബയോമെട്രിക് ഐഡി പോലുള്ളവ നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്ന ആളുകള്‍ അല്ലെങ്കില്‍ ബിസിനസ് സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഒരു അജണ്ടയാണ് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട്‌സ് എന്നുള്ളത്.

പൊതുസ്ഥലത്തേക്കുള്ള ആക്‌സസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാക്കുക. വാക്‌സിനെ ഒരു വ്യക്തിയുടെ ഐഡന്റിന്റിയുമായി ബന്ധപ്പെടുത്തുക എന്നുള്ളതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വാക്‌സിനെടുത്തോ ഇല്ലയോ എന്നുള്ളത് ഒരാളുടെ ആരോഗ്യപരമായ വിഷയമാണ്. അതിനെ വ്യക്തിയുടെ ഐഡന്റിന്റിയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഈ ഒരു അജണ്ട അന്താരാഷ്ട്ര തലത്തില്‍ തന്നെ പല ഗ്രൂപ്പുകളും മുന്നോട്ട് വെക്കുന്നുണ്ട്.

വാക്‌സിനെടുത്തോ ഇല്ലയോ എന്നത് പ്രകാരം ഒരാളുടെ പൊതു ഇടത്തെ ക്രമീകരിക്കുക എന്നുള്ളത് മൗലികാവകാശങ്ങളെ പൂര്‍ണമായും റദ്ദ് ചെയ്യുന്ന ആശയമാണ്,'' അനിവര്‍ അരവിന്ദ് ദ ക്യുവിനോട് പറഞ്ഞു.

ഒരു വിഭാഗം ജനങ്ങള്‍ക്ക് മാത്രം തങ്ങളുടെ പൗരാവകാശങ്ങള്‍ അനുവദിച്ച് കിട്ടുന്ന വിവേചനപരമായതും മൗലികാവകാശങ്ങളെ റദ്ദ് ചെയ്യുന്നതുമായിട്ടുള്ള സ്ഥിതിവിശേഷമാണ് ഇത്തരം രീതികളിലൂടെ നടപ്പിലാകുക എന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

പൊതു ഇടത്തില്‍ കൂടുതല്‍ പൊലീസിങ്ങ് നടത്താനുള്ള അധികാരമാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും അനിവര്‍ പറയുന്നു. ഒരു പുറത്താക്കല്‍ പ്രക്രിയ സ്വന്തം ജനതയ്ക്ക് നേരെയല്ല ചെയ്യേണ്ടത്.

സാധാരണ ഗതിയില്‍ ഇത്തരത്തിലുള്ള പുറത്തുനിര്‍ത്തലുകള്‍ എയര്‍പോര്‍ട്ടുകളില്‍, രാജ്യത്തേക്കും സംസ്ഥാനത്തേക്കുമുള്ള എന്‍ട്രി പോയിന്റുകളിലുമൊക്കെ നടക്കാറുണ്ട്. പക്ഷേ ഇവിടെ ഇപ്പോള്‍ സ്വന്തം ജനതയ്ക്ക് മേല്‍ തന്നെ വാക്‌സിനില്ലാതെ അനങ്ങാന്‍ പറ്റില്ലെന്ന സാഹചര്യമുണ്ടാക്കുകയാണെന്നും അനിവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരാളുടെ പബ്ലിക്ക് ആക്‌സസ് എന്നു പറയുന്നത് രോഗാവസ്ഥ അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയുള്ളവരാണ് എന്ന് തെളിയിച്ചാല്‍ മാത്രം കിട്ടുന്നതാണ് എന്നു പറയുന്നത് മൗലികാവകാശം റദ്ദ് ചെയ്യുന്നതാണ്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരേയൊരു ഉപയോഗം എന്ന് പറയുന്നത് പുറത്തേക്കുള്ള ആവശ്യത്തിനായിരുന്നു. അത് പൊതു ഇടത്തിലേക്കുള്ള പ്രവേശനത്തെ നിരോധിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുക എന്ന് പറയുന്നത് സാര്‍വ്വത്രിക വാക്‌സിനേഷന് പോലും എതിരാണെന്നും അനിവര്‍ പറയുന്നു.

വിദഗ്ധരല്ല വിദ്ഗധ സമിതിയിലുള്ളത്

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ആശയക്കുഴപ്പമുള്ളതാണെന്നും സര്‍ക്കാരിന് പോലും പറയുന്നത് എന്താണെന്നതില്‍ വ്യക്തതയില്ലെന്നും ഡോ.എസ്.എസ് ലാല്‍ ദ ക്യുവിനോട് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പൊലീസിനോ പൊതുജനങ്ങള്‍ക്കോ പുതിയ നിബന്ധനയില്‍ വ്യക്തതയില്ല.

സര്‍ക്കാരിന്റെ വിദഗ്ധ സമിതിയില്‍ വിദഗ്ധരല്ല ഉള്ളത്. കമ്മിറ്റിയും രീതിയുമെല്ലാം പുനരാവിഷ്‌കരിക്കണമെന്നും എസ്.എസ്. ലാല്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി കൊവിഡ് നിയന്ത്രിക്കാനാകുമോ എന്നതില്‍ ഇതിനോടകം തന്നെ നിരവധി ആരോഗ്യ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

വാക്‌സിന്‍ കിട്ടിയില്ല എങ്ങനെ കട തുറക്കും

ബുക്ക് ചെയ്തിട്ടും വാക്‌സിന്‍ ലഭിക്കാത്തതുകൊണ്ട് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതിന് പിന്നാലെ കട തുറക്കണോ എന്ന ആശങ്കയില്‍ നില്‍ക്കുന്ന വ്യാപാരികളുമുണ്ട്. പാലക്കാട് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സുനീഷ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ നാളുകളായി ശ്രമിക്കുന്നുവെന്നും ഇതുവരെ ലഭിച്ചില്ലെന്നുമാണ് പറയുന്നത്.

പ്രൈവറ്റ് വാക്‌സിനേഷന്‍ എടുക്കാന്‍ പൈസയില്ലാത്ത ആളുകളുമുണ്ട്. പുതിയ നിര്‍ദേശ പ്രകാരം വാക്‌സിന്‍ ലഭിക്കുന്നതുവരെ സുനീഷിനെ പോലുള്ളവര്‍ കടയില്‍ പോകരുത് എന്നാണോ സര്‍ക്കാര്‍ പറയുന്നത്? കൊവിഡ് വന്ന് ഒരുമാസം വരെയുള്ളവര്‍ക്ക് പുറത്ത് പോകാമെന്ന് പറയുന്നുണ്ട്. ഇന്ത്യയിലെ നിലവിലെ നിബന്ധനകള്‍ പ്രകാരം കൊവിഡ് വന്ന് മൂന്ന് മാസമായവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിക്കുക.

അതുവരെ പുറത്തിറങ്ങാന്‍ ദിവസങ്ങളുടെ ഇടവേളയില്‍ അവരെല്ലാം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നത്. പുതിയ ഉത്തരവ് പ്രകാരം കൊവിഡിന്റെ പേരില്‍ മൗലികാവകാശങ്ങളെ ഇല്ലാതാക്കുകയും ഒരു വലിയ വിഭാഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യുകയും അരികുവത്കരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കൊവിഡ് പോലെ ലോകത്തെ ഒന്നാകെ വിറങ്ങലിപ്പിച്ച് നില്‍ക്കുന്ന മഹാമാരിയെ പൊരുതി തോല്‍പ്പിക്കാന്‍ അസാധരണ നടപടികള്‍ ആകാമെങ്കിലും അവ ജീവിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശത്തെ കൂടി പരിഗണിച്ചായിരിക്കണമെന്ന അഭിപ്രായങ്ങള്‍ അവിടെയാണ് പ്രസക്തമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in