ഞങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല, സര്‍ക്കാരിന്റേത് കടുത്ത അനീതി; പ്രതീക്ഷ തകര്‍ന്ന് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

ഞങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല, സര്‍ക്കാരിന്റേത് കടുത്ത അനീതി; പ്രതീക്ഷ തകര്‍ന്ന് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്നവസാനിക്കുകയാണ്. ഫെബ്രുവരിയില്‍ അവസാനിക്കേണ്ട പട്ടിക, അന്നത്തെ ഉദ്യോഗാര്‍ത്ഥി സമരം മൂലം ആറു മാസത്തേക്ക് നീട്ടിയിരുന്നു. അവയാണ് ഇന്നത്തോടെ കാലാവധി തീര്‍ന്ന് അസാധുവാകുന്നത്.

ഇത്തരത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്നവസാനിക്കുന്നതോടെ ഇരുളടഞ്ഞുപോകുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയും സ്വപ്നങ്ങളുമാണെന്ന് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പറയുന്നു.

വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചുനേടിയ റാങ്കുകള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. പട്ടികയുടെ കാലാവധി നീട്ടണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണല്‍ ഉത്തരവ് ഹൈക്കോടതി തള്ളിയതോടെ തങ്ങളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

നിയമനങ്ങളില്‍ വന്‍ കുറവുണ്ടായെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എല്‍.ജി.എസ് തസ്തികകളില്‍ മുന്‍ ലിസ്റ്റുകളില്‍ നടന്നത്ര നിയമനം തങ്ങളുടെ ലിസ്റ്റില്‍ നിന്ന് നടന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കേരളത്തില്‍ നിന്ന് ലക്ഷക്കണക്കന് ഉദ്യോഗാര്‍ത്ഥികളാണ് എല്‍.ജി.എസ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാറുള്ളത്. പ്രൊമോഷനും ട്രാന്‍സ്ഫറുകളും വഴി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുവരുമ്പോഴാണ് റാങ്ക് പട്ടികയുടെ കാലാവധി ഇന്ന് അവസാനിക്കുന്നത്.

വനിതാ സി.പി.ഒ തസ്തികയില്‍ റാങ്ക് പട്ടികയിലുള്ളവരുടെ അവസ്ഥയും ഇതുതന്നെ. വനിതാ ബറ്റാലിയന്‍ രൂപീകരണത്തിനുശേഷവും നിയമനങ്ങളില്‍ കാര്യമായ വര്‍ദ്ധനവില്ലാത്തത് റാങ്ക് പട്ടികയിലുള്ളവരെ പ്രതിസന്ധിയിലാക്കുന്നു. എഴുത്തു പരീക്ഷയ്ക്കപ്പുറം കായികക്ഷമതാ പരീക്ഷയ്ക്കും വിധേയരായ ഇവര്‍, തങ്ങളുടെ വിയര്‍പ്പിന് അര്‍ഹിച്ച പ്രതിഫലം ലഭിക്കാത്ത സങ്കടത്തിലാണ്. ഫെബ്രുവരിയില്‍ കാലാവധി നീട്ടിയത് പലര്‍ക്കും ആത്മവിശ്വാസം നല്‍കിയെങ്കിലും ഇപ്പോള്‍ വീണ്ടും നാളെയെക്കുറിച്ചുള്ള ആധിയിലാണിവര്‍.

' ആറും ഏഴും വര്‍ഷം പഠിച്ചിട്ടാണ് ഒരു ഉദ്യോഗാര്‍ത്ഥി ലിസ്റ്റില്‍ വരുന്നത്. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ എനിക്ക് എന്തെങ്കിലുമൊക്കെ പ്രതീക്ഷയമുണ്ടാകുമായിരുന്നു. യോഗ്യത കുറവായതുകൊണ്ടുതന്നെ, അത്രയും കഷ്ടപ്പാടുള്ളവരാണ് എല്‍.ജി.എസ്സിനെയൊക്കെ ആശ്രയിക്കുക ', 2018 ലെ എല്‍.ജി.എസ് പരീക്ഷയില്‍ 514 ആം റാങ്ക് ലഭിച്ച,''ഇടുക്കി സ്വദേശി മനു പറയുന്നു.

സര്‍ക്കാര്‍ തങ്ങളോട് കടുത്ത അനീതി കാണിച്ചുവെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ഇത്രയും ദിവസം സെക്രട്ടറിയേറ്റ് പടിക്കലിരുന്ന് സമരം ചെയ്തിട്ടും ഒരു ജനപ്രതിനിധിയും തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍ തുനിഞ്ഞില്ല എന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സര്‍ക്കാര്‍ ഉറപ്പ് നല്‍കി വഞ്ചിച്ചുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in