പ്രസവിക്കാന്‍ മടി, 'വേശ്യ'യുടെ ന്യായീകരണം, സ്ത്രീവിരുദ്ധതയില്‍ സഹികെട്ട് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ഹരിതയുടെ പരാതി

പ്രസവിക്കാന്‍ മടി, 'വേശ്യ'യുടെ ന്യായീകരണം,  സ്ത്രീവിരുദ്ധതയില്‍ സഹികെട്ട് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ  ഹരിതയുടെ പരാതി

മലപ്പുറം: എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗ് നേൃത്വത്തിനെഴുതിയ പരാതി ചോര്‍ന്നു. എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെയും ഭാരവാഹികള്‍ക്കെതിരെയും ഗുരുതരമായ വിമര്‍ശനമാണ് എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ നേതൃത്വം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് അതിനെ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന് വിശേഷിപ്പിച്ചുവെന്നും 'വേശ്യക്കും' ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് പരാതിയില്‍ പറയുന്നത്.

മുസ്ലിംലീഗ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റു പല നിബന്ധനകളും ഉണ്ട് എന്ന സ്വകാര്യ കാമ്പയിനുകളും സംസ്ഥാന നേതാക്കള്‍ നടത്തുന്നുണ്ട്. ഒരു 'പ്രത്യേകതരം ഫെമിനിസം' പാര്‍ട്ടിയില്‍ വളര്‍ത്തുകയാണ് എന്ന് ഹരിതയുടെ സംസ്ഥാന നേതാക്കളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞു നടക്കുന്നുവെന്നും ചോര്‍ന്ന പരാതിയില്‍ എഴുതിയിട്ടുണ്ട്.

ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്‌സ് മെസേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യം അനുവദിക്കരുത് എന്നുമാണ് സംസ്ഥാന നേതാക്കള്‍ക്കെഴുതിയ പരാതിയില്‍ ഹരിത നേതൃത്വം പറയുന്നത്.

യാസര്‍ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും പി.കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായി. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തില്‍ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം. തങ്ങള്‍ തീരുമാനിക്കുന്നതു മാത്രമേ ചെയ്യാവൂ എന്ന മേല്‍ഘടകങ്ങളുടെ അഹന്തയ്ക്കു മുന്നില്‍ സംഘടനാ ശേഷി ദുര്‍ബലമാകുന്നത് പരിഹാസ്യമാണ്. പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യവും അപകടകരവും അനുവദിക്കാന്‍ സാധിക്കാത്തതുമാണ് എന്നും പരായില്‍ ഹരിതയുടെ സംസ്ഥാന നേതാക്കള്‍ ഉന്നയിക്കുന്നു.

ജൂണ്‍ 22നാണ് എം.എസ്.എഫ് ആസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍ വച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. ഇതില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പരാതിക്ക് ആധാരമായത്.

No stories found.
The Cue
www.thecue.in