കണക്കില്‍പെടാത പോയ കൊവിഡ് മരണങ്ങളുണ്ട്; തിരുത്ത് ഇനിയെങ്കിലും വേണം; പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു

കണക്കില്‍പെടാത പോയ കൊവിഡ് മരണങ്ങളുണ്ട്; തിരുത്ത് ഇനിയെങ്കിലും വേണം; പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു

കേരളത്തില്‍ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരിയിലാണ്. ഇതുവരെ 13716 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മരണ സംഖ്യ ഇതിലും ഉയര്‍ന്നതാണെന്നും, സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ പലതും മറച്ചുവെക്കുന്നുവെന്നുമാണ് ആരോപണം ഉയരുന്നത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിച്ചുവെന്ന ചര്‍ച്ചകള്‍ ഒരിക്കല്‍ കൂടി സജീവമാകുകയാണ്. കൊവിഡ് രോഗലക്ഷണങ്ങള്‍ക്ക് ചികിത്സയിലായിരുന്നവര്‍ മരിച്ചപ്പോള്‍ കൊവിഡ് നെഗറ്റീവാണെന്ന് ടെസ്റ്റ് റിസള്‍ട്ട് ലഭിച്ചതുകൊണ്ട് ഇത്തരക്കാരുടെ മരണങ്ങള്‍ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് ആരോപണം. നേരത്തെ പല ഡോക്ടര്‍മാരും ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവെച്ചിരുന്നു.

ഒരിക്കല്‍ പോസിറ്റീവായ രോഗി രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറാതെ എപ്പോള്‍ മരിച്ചാലും അത് കോവിഡ് മരണം തന്നെ എന്ന് 2020 ഏപ്രില്‍, മേയ് മാസങ്ങളില്‍ ലോകാരോഗ്യ സംഘടനയും ഐ സി എം ആറും ഇറക്കിയ മാര്‍ഗ്ഗരേഖകള്‍ പറയുമ്പോഴും കേരളത്തില്‍ വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്യുന്നു. ഇനി ചെയ്താലും അതിന്റെ ഫലം എന്ത് എന്നതിനും മരണ കാരണം കണക്കാക്കുന്നതില്‍ ഒരു റോളുമില്ലെന്ന് ഡോ. അരുണ്‍ എന്‍.എം ദ ക്യുവിനോട് പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ ഒരു വര്‍ഷമായി ചൂണ്ടിക്കാണിക്കുകയാണെന്നും തെറ്റ് തിരുത്തി ഇങ്ങനെ ഒഴിവാക്കിയ മരണങ്ങള്‍ എത്രയും പെട്ടെന്ന് കൊവിഡ് മരണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു.

കേരളം മാത്രമേ ഇത്തരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ചികിത്സയിലുള്ള രോഗി മരിച്ചിട്ട് വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തുകയും ആ ഫലം മരണ കാരണം നിര്‍ണയിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നുള്ളൂ എന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ഡോ.എസ്.എസ് ലാല്‍ ദ ക്യുവിനോട് പറഞ്ഞു.

കേരളം മാത്രമേ ഈ ടെസ്റ്റ് ചെയ്യുന്നുള്ളു എന്നതാണ് ഞാന്‍ മനസിലാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്ന് അധ്യാപകരുള്‍പ്പെടെയുള്ളവര്‍ ഈ പ്രക്രിയയില്‍ ആശങ്ക പങ്കുവെച്ചിരുന്നു.

എറണാകുളത്ത് ഒരു ഡോക്ടര്‍ മരിച്ചപ്പോള്‍ ഇതുപോലെയായിരുന്നു. കൊവിഡ് വന്ന് പതിനൊന്നാം ദിവസം നെഗറ്റീവായെന്ന് പറഞ്ഞ്, കൊവിഡ് മുലമല്ലാത്ത മരണമാക്കി കാണിച്ചു. പിന്നെ ഡോക്ടര്‍മാരുടെ സംഘടന ബഹളം വെച്ചിട്ടാണ് അത് മാറ്റിയത്. കേരളസര്‍ക്കാര്‍ ഇത് മോശമായിട്ടാണ് കൈകാര്യം ചെയ്തത്.

ബന്ധുക്കള്‍ക്ക് ഇതുകൊണ്ട് പ്രശ്‌നമുണ്ടാകാം അതിനേക്കാള്‍ അപ്പുറത്ത് ഇതിനകത്ത് വിശ്വാസ്യതയുടെ കൂടി ഒരു പ്രശ്‌നമുണ്ട്. ഞാനൊരു പത്തുമാസം മുന്‍പ് ഈ വിഷയം പറഞ്ഞിരുന്നു. കൊവിഡ് വന്ന് ചികിത്സയ്ക്കിടെ മരിച്ചുപോകുന്ന പലരെയും ടെസ്റ്റ് നെഗറ്റീവാക്കിയിട്ട് കൊവിഡല്ലാ എന്ന് പറയുന്നുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന ആള്‍ മരിക്കുന്ന തലേദിവസം കൊവിഡ് നെഗറ്റീവാകുക എന്നിട്ടത് കൊവിഡ് മരണമല്ല എന്ന് പറയുക. അവിടെയാണ് തര്‍ക്കം.

ആദ്യഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ഇതെങ്ങനെയെങ്കിലും നെഗറ്റീവായി കിട്ടണമെന്നുള്ളതും ആവശ്യമായിരുന്നു. കൊവിഡ് പൊസിറ്റീവായിട്ടുള്ള മരണമാണെങ്കില്‍ വീട്ടില്‍ കൊണ്ടുവരാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും നെഗറ്റീവായി കിട്ടിയാല്‍ അത്രയും നല്ലത് എന്നു വിചാരിക്കുന്ന പ്രവണതയുമുണ്ട്. ഇപ്പോള്‍ സാമ്പത്തിക സഹായമൊക്കെ കിട്ടുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് ഈ പ്രശ്‌നം വീണ്ടും ചര്‍ച്ചചെയ്യുന്നത്,'' ഡോ.എസ്.എസ്.ലാല്‍ ദ ക്യുവിനോട് പറഞ്ഞു.

ലോകാരോഗ്യ സംഘടന കൊവിഡ് മരണങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വ്യക്തതയില്ലെന്ന വിമര്‍ശനങ്ങള്‍ അനേകം ഘട്ടങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലും എത്രയോ കൂടുതല്‍ ആകാമെന്ന വാര്‍ത്തകള്‍ പൊതുജനാരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളായ ദ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയുമായി ബന്ധമില്ലെന്നും,

ഒരിക്കല്‍ പോസിറ്റീവായ രോഗി രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി മാറാതെ എപ്പോള്‍ മരിച്ചാലും അത് കോവിഡ് മരണം തന്നെയാണെന്ന് ഐ.സി.എം.ആര്‍ മാര്‍ഗരേഖയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് എന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കൊവിഡ് മരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് 2020 ഏപ്രിലില്‍ ഇറക്കിയ മാര്‍ഗനിര്‍ദേശമാണ് എന്നതിലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് മരണങ്ങള്‍, കൊവിഡുമായി ബന്ധപ്പെട്ടത് എന്നിവ വേര്‍തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം. കൊവിഡ് മരണങ്ങള്‍ വികേന്ദ്രീകരിച്ച് ജില്ലാ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതുമൂലം കുടുംങ്ങള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭിക്കാതെ പോകുന്നുവെന്ന് പ്രതിപക്ഷം നിരന്തര ആരോപണം ഉന്നയിക്കുന്നുണ്ട്. നിലവില്‍ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കൊവിഡ് മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന നിര്‍ദേശവും ആരോഗ്യ മന്ത്രി നല്‍കിയിട്ടുണ്ട്.

No stories found.
The Cue
www.thecue.in