സോളാര്‍ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാനില്ലെന്ന് സി.ബി.ഐ

സോളാര്‍ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാനില്ലെന്ന് സി.ബി.ഐ

സോളാര്‍ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാനില്ലെന്ന് സി.ബി.ഐ. പരാതി അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ. കേസ് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. കേസ് അന്വേഷിക്കേണ്ടതില്ലെന്ന് തിരുവനന്തപുരം യൂണിറ്റ് സി.ബി.ഐ ഹെഡ്കോട്ടേഴ്സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും പരാതിയുടെ വിശ്വാസ്യതയില്‍ സംസ്ഥാനത്തെ പല അന്വേഷണ ഏജന്‍സികളും സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിത ജോലിഭാരമുണ്ട്. സി.ബി.ഐ അന്വേഷിക്കേണ്ടതായുള്ള അടിയന്തര പ്രാധാന്യം കേസിനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.

ജനുവരി 25നാണ് സോളാര്‍ പീഡനക്കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികളാണ് കേസിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2016ലാണ് ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നത്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നുവെന്ന് പരാമര്‍ശമുണ്ടായിരുന്നു. ലൈംഗിക പീഡനം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കാണിച്ച് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സി.ബി.ഐ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പരാതിക്കാരി ദില്ലിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തി ഡയറക്ടറെ കണ്ടിരുന്നു. ഉന്നയിച്ച കാര്യങ്ങളില്‍ തെളിവ് നല്‍കാമെന്ന് പരാതിക്കാരി അറിയിച്ചിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ സോളാര്‍കേസ് ഉപയോഗിക്കുകയാണെന്നായിരുന്നു വിമര്‍ശനം. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്ന നിലപാടിലായിരുന്നു സി.പി.എം.

പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ടി.കെ ജോസ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലിഫ്ഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

നേരത്തെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു.എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറായിരുന്നില്ല.

Related Stories

No stories found.
The Cue
www.thecue.in