മദ്യപിക്കുന്നവരും മനുഷ്യരാണ്; ലൈസന്‍സിനായി ഒരു ബാറുടമയും തന്നെ വന്ന് കണ്ടിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

മദ്യപിക്കുന്നവരും മനുഷ്യരാണ്; ലൈസന്‍സിനായി ഒരു ബാറുടമയും തന്നെ വന്ന് കണ്ടിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

ലൈസന്‍സിനായി ഒരു ബാര്‍ ഹോട്ടലിന്റെ ഉടമയും തന്നെ വന്ന് കണ്ടിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. അപേക്ഷ ലഭിച്ചാല്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനനുസരിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം ലൈസന്‍സ് നല്‍കി. ഇടത് ഭരണകാലത്ത് എക്‌സൈസ് വകുപ്പ് ജനങ്ങള്‍ക്കൊപ്പം നിന്നുവെന്നും ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

യു.ഡി.എഫ് കാലത്ത് നിന്നും വ്യത്യസ്തമായി എക്‌സൈസ് വകുപ്പിന് പുതിയ മുഖം നല്‍കാന്‍ കഴിഞ്ഞു. മദ്യപിക്കുന്നവരും മനുഷ്യരാണ്. മദ്യനിരോധനം പ്രായോഗികമല്ല. നിരോധിച്ച വഴികളിലൂടെ ലഹരി വസ്തുക്കള്‍ എത്തുമെന്നതാണ് നമ്മുടെ അനുഭവം.

മദ്യത്തിന്റെ വില ഉയര്‍ത്തിയപ്പോള്‍ സാധാരണക്കാരുടെ വരുമാനത്തിന് പറ്റാതായി. ഇത് മദ്യ ഉപഭോഗം കുറയാന്‍ ഇടയാക്കി. കഴിയുന്നത്ര ആളുകള്‍ മദ്യ ഉപഭോഗം കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചത്. കൊവിഡ് സെസ് ചുമത്തിയത് പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

തന്റെ മണ്ഡലമായ പേരാമ്പ്ര ഉറച്ച ഇടത് സീറ്റാണ്.പ്രതികൂല സാഹചര്യങ്ങളിലും ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയാണ് കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഇതുവരെ ചെയ്തത്. അത് തുടര്‍ന്നും ചെയ്യും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ മത്സരിച്ചിരുന്നില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും.

ജനങ്ങളെ നുണ പ്രചരണം കൊണ്ട് തെറ്റിദ്ധരിപ്പിക്കാനാവില്ല; അധികാരത്തില്‍ തിരിച്ചെത്തും. കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളും ഇടതുപക്ഷം നേടുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in