നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍;പ്ലാന്‍ ബി ഉപേക്ഷിച്ച് കോണ്‍ഗ്രസ്

ശശി തരൂര്‍
ശശി തരൂര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. ലോക്‌സഭ എം.പിയായി തുടരാനാണ് ശശി തരൂരിന് താല്‍പര്യം. മത്സരം കടുക്കുകയാണെങ്കില്‍ ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. ഹൈക്കമാന്‍ഡിനും അത്തരത്തിലൊരു ആലോചനയുണ്ടായിരുന്നു.

ശശി തരൂരിനെ നേമത്ത് മത്സരിപ്പിക്കുന്ന കാര്യമായിരുന്നു കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നത്.നേമത്ത് മത്സരിപ്പിക്കുന്നതിലൂടെ ബി.ജെ.പിയെ നേരിട്ട് ഏറ്റുമുട്ടുന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സി.പി.എമ്മിനേക്കാള്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസാണ് അനിവാര്യമെന്ന ചര്‍ച്ചകള്‍ സംസ്ഥാനത്ത് ഉടനീളം ഉണ്ടാക്കാനും ഇതിലൂടെ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രീപോള്‍ സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിക്ക് തൊട്ട് പിന്നിലായി ശശി തരൂരായിരുന്നു എത്തിയത്. രമേശ് ചെന്നിത്തലയേക്കാള്‍ പിന്തുണ ലഭിച്ചതോടെയാണ് ശശി തരൂരിന്റെ പേര് സജീവമായി പരിഗണിച്ചത്.

ന്യൂനപക്ഷങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കിടയിലും ശശി തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. ഇടതുപക്ഷത്തിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ പിന്തുണ തുടര്‍ന്നും ലഭിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചു പിടിക്കേണ്ടതും അനിവാര്യമാണ്.

പ്രകടന പത്രിക തയ്യാറാക്കാന്‍ ശശി തരൂരിനെ ഏല്‍പ്പിച്ചതിലൂടെ ഹൈക്കമാന്‍ഡും ഇത് മുന്നില്‍ കണ്ടാണെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം കരുതുന്നത്. ശശി തരൂരിനെ മുന്നില്‍ നിര്‍ത്തിയാല്‍ ഗ്രൂപ്പ് പോര് കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ശശി തരൂരിനെ മത്സരിപ്പിച്ചാല്‍ നേരത്തെ തന്നെ സീറ്റ് ആവശ്യപ്പെട്ട എം.പിമാരും രംഗത്തെത്തിയേക്കും. കോണ്‍ഗ്രസിലെ എട്ട് എം.പിമാരായിരുന്നു മത്സരിക്കാന്‍ താല്‍പര്യമറിയിച്ചത്. സംസ്ഥാന നേതൃത്വം ഇതിന് പിന്തുണ നല്‍കിയില്ല. ശശി തരൂരിന് ഇളവ് നല്‍കിയാല്‍ മറ്റ് എം.പിമാരോട് എന്ത് മറുപടി പറയുമെന്നതാണ് ഹൈക്കമാന്‍ഡിനെയും കുഴക്കിയിരുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തുടരാനുള്ള താല്‍പര്യം കൊണ്ടാണ് ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാത്തതെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in