നേമത്ത് ഇക്കുറിയും ശിവന്‍കുട്ടി; പ്രവര്‍ത്തനം തുടങ്ങി

നേമത്ത് ഇക്കുറിയും ശിവന്‍കുട്ടി; പ്രവര്‍ത്തനം തുടങ്ങി

നേമം നിയമസഭ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി വി.ശിവന്‍കുട്ടി തന്നെ മത്സരിക്കുമെന്ന് സൂചന. ശിവന്‍കുട്ടി മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുമെന്നാണ് സൂചന. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്നതിനോട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് താല്‍പര്യമില്ല. ഒ.രാജഗോപാല്‍ മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്നതാണ് സി.പി.എമ്മിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും ഇത്തവണ വോട്ടാകുമെന്നാണ് പ്രതീക്ഷ.

2016ലെ തെരഞ്ഞെടുപ്പില്‍ 8671 വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനോട് വി.ശിവന്‍കുട്ടി പരാജയപ്പെട്ടത്. 59,142 വോട്ടാണ് ശിവന്‍കുട്ടിക്ക് ലഭിച്ചത്. ഒ.രാജഗോപാലിന് 67,813 വോട്ടും ജനതാദള്‍ യുനൈറ്റഡിലെ വി.സുരേന്ദ്രന്‍ പിള്ളയ്ക്ക് 13,860 വോട്ടുമാണ് ലഭിച്ചത്.

2011ല്‍ 6415 വോട്ടുകള്‍ക്കാണ് ഒ.രാജഗോപാലിനെ വി.ശിവന്‍കുട്ടി പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 20,248 വോട്ടുകള്‍ ലഭിച്ചിരുന്നു. 2001ലും 2006ലും കോണ്‍ഗ്രസിലെ എന്‍.ശക്തനായിരുന്നു വിജയിച്ചിരുന്നത്. 1983 മുതല്‍ 1996 വരെ സി.പി.എം തുടര്‍ച്ചയായി ജയിച്ച മണ്ഡലമായിരുന്നു നേമം.

ഇത്തവണയും ബി.ജെ.പി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് നേമം. ആര്‍.എസ്.എസ് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം ഒ.രാജഗോപാലിനെ വീണ്ടും മത്സരിപ്പിക്കാനാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഒ.രാജഗോപാല്‍ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചത്. ആര്‍.എസ്.എസിന് താല്‍പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും നേമത്ത് കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ പുതുപ്പള്ളി വിടാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ പ്രമുഖ നേതാവിനെ തന്നെ രംഗത്തിറക്കുന്നത് സംസ്ഥാനത്ത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in