കെ.കെ ശൈലജ തിരുവനന്തപുരത്തേക്ക്?; അമ്പരപ്പിക്കുന്ന നീക്കത്തിന് സി.പി.എം

കെ.കെ ശൈലജ തിരുവനന്തപുരത്തേക്ക്?; അമ്പരപ്പിക്കുന്ന നീക്കത്തിന് സി.പി.എം

ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലിന് തിരുവനന്തപുരം കളമൊരുങ്ങുമോയെന്ന ചോദ്യം ഉയരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തിരുവനന്തപുരം നിയമസഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനൊരുങ്ങുന്നതായി സൂചന. താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഇറക്കി കോണ്‍ഗ്രസും ബി.ജെ.പിയും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യരംഗത്ത് ആഗോള പ്രശംസ നേടിയെടുത്ത വകുപ്പ് മന്ത്രിയെ തലസ്ഥാന നഗരയിലെത്തിച്ച് രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിക്കാനാണ് സി.പി.എം നീക്കം. കെ.കെ ശൈലജയിലൂടെ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

തിരുവനന്തപുരം ജില്ലയില്‍ ശക്തയായ വനിത സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ടി.എന്‍ സീമയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് താല്‍പര്യമില്ല. കൂത്തുപറമ്പ് മണ്ഡലം എല്‍.ജെ.ഡിക്ക്് നല്‍കാന്‍ ധാരണയായിട്ടുണ്ട്. കെ.കെ ശൈലജ മണ്ഡലം മാറേണ്ടി വരും. മന്ത്രി ഇ.പി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരികയാണെങ്കില്‍ കെ.കെ ശൈലജയെ മട്ടന്നൂരില്‍ മത്സരിപ്പിക്കുമെന്നായിരുന്നു പ്രചരിച്ചത്. മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും ജനവിധി തേടുമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.

തിരുവനന്തപുരത്ത് കെ.കെ ശൈലജ മത്സരിക്കുകയാണെങ്കില്‍ സംസ്ഥാനത്താകെ ഇടതിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പോരാട്ടത്തിന് വേദിയായാല്‍ സര്‍ക്കാരുടെ പ്രവര്‍ത്തനവും ചര്‍ച്ചയാകും. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനും കെ.കെ ശൈലജ ജില്ലയില്‍ മത്സരിക്കുന്നതിന് താല്‍പര്യമുണ്ട്.

അരുവിക്കര, നേമം എന്നീ മണ്ഡലങ്ങളാണ് സി.പി.എം മത്സരിച്ചിരുന്നത്. നേമത്ത് വി.ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അരുവിക്കരയില്‍ മത്സരിക്കാനില്ലെന്ന ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം വ്യക്തമാക്കിയിട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തിലാണ് എ.എ റഹീമിനെ പരിഗണിക്കുന്നത്. ജില്ലയിലെ സിറ്റിംഗ് സീറ്റുകളില്‍ എം.എല്‍.എമാരെ വീണ്ടും മത്സരിപ്പിക്കുമെന്നാണ് സൂചന.

AD
No stories found.
The Cue
www.thecue.in