നേമത്ത് കുമ്മനം വേണ്ടെന്ന് സുരേന്ദ്രന്‍; പിന്തുണ രാജഗോപാലിന്; ഇടഞ്ഞ് ആര്‍.എസ്.എസ്

നേമത്ത് കുമ്മനം വേണ്ടെന്ന് സുരേന്ദ്രന്‍; പിന്തുണ രാജഗോപാലിന്; ഇടഞ്ഞ് ആര്‍.എസ്.എസ്

മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം. നിലവിലെ എം.എല്‍.എ ഒ.രാജഗോപാലിനെ തന്നെ നേമത്ത് മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിലപാട്. മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട സമരത്തില്‍ ഒ.രാജഗോപാല്‍ പങ്കെടുത്തത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

പ്രചാരകനായ കുമ്മനം രാജശേഖരന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസിന്റെ പരാതി. കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചതും മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മടക്കി കൊണ്ടുവന്നതും ആര്‍.എസ്.എസ് ഇടപെട്ടിട്ടായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും അതും നടന്നില്ല. ഇതില്‍ ആര്‍.എസ്.എസിന് പ്രതിഷേധമുണ്ട്.

ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ഒ.രാജഗോപാല്‍. എം.എല്‍.എ എന്ന നിലയിലുള്ള പ്രകടനത്തിലും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടായിരുന്നു. കുമ്മനം രാജശേഖരന്റെ പേര് നേമത്തേക്ക് ആര്‍.എസ്.എസ് നിര്‍ദേശിച്ചപ്പോള്‍ ബി.ജെ.പിക്കുള്ളിലും വലിയ എതിര്‍പ്പുയര്‍ന്നിരുന്നില്ല. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ മാറിമറയുകയായിരുന്നു.

മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. നേമത്ത് പ്രധാന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് ഇടത്-വലത് മുന്നണികളും ലക്ഷ്യമിടുന്നത്.

Related Stories

No stories found.