പത്തനംതിട്ടയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഇടതുപക്ഷം; അഴിച്ചുപണിയുണ്ടാകില്ലെന്ന് സൂചന

പത്തനംതിട്ടയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഇടതുപക്ഷം; അഴിച്ചുപണിയുണ്ടാകില്ലെന്ന് സൂചന

പത്തനംതിട്ട ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിലെ ആധിപത്യം നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന്റെ നീക്കം. നിലവിലുള്ള എം.എല്‍.എമാരെ മാറ്റാതെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് സി.പി.എമ്മിലെ വലിയ വിഭാഗം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശം. തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജെനീഷ് കുമാര്‍ വിജയിച്ചതോടെയാണ് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും പിടിച്ചെടുത്തത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിര്‍ണായക വോട്ടുള്ള ജില്ലയാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇടതുപക്ഷം മുഴുവന്‍ സീറ്റുകളിലും വിജയിച്ചിരുന്നത്.

തിരുവല്ല

ജനതാദള്‍ എസിലെ മാത്യു.ടി.തോമസാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും മാത്യു.ടി.തോമസ് തന്നെ മത്സരിക്കാനാണ് സാധ്യത. ക്രിസ്ത്യന്‍ സഭകളുടെ വോട്ട് ഉറപ്പിക്കാന്‍ കഴിയുന്ന നേതാവാണ് മാത്യു.ടി.തോമസ്.

റാന്നി

രാജു എബ്രഹാമാണ് നിലവില്‍ എം.എല്‍.എ. ജോസ്.കെ. മാണി വിഭാഗം മണ്ഡലം ആവശ്യപ്പെട്ടിട്ടുണ്ട്.യാക്കോബായ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മണ്ഡലത്തില്‍ പിന്തുണ ലഭിക്കാറുള്ളത്. രാജു എബ്രഹാം തുടര്‍ച്ചയായി അഞ്ച് തവണ മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. രാജു എബ്രഹാമിന് തന്നെയാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കുന്നത്. മണ്ഡലം കേരള കോണ്‍ഗ്രസിന് കൈമാറുകയാണെങ്കില്‍ റോഷി അഗസ്റ്റിനോ ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവോ മത്സരിക്കുമെന്നാണ് സൂചന. ആറന്‍മുളയോ റാന്നിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

ആറന്‍മുള മണ്ഡലം

ആറന്മുളയില്‍ നിലവിലെ എം.എല്‍.എ വീണാ ജോര്‍ജ്ജിനെ തന്നെയാണ് സി.പി.എം പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജ് ആറന്‍മുള പിടിച്ചെടുത്തത്. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും കിഫ്ബിയിലൂടെ നടപ്പാക്കിയ വികസന പദ്ധതികളും മണ്ഡലത്തില്‍ തുണയ്ക്കുമെന്നാണ് ഇടതിന്റെ പ്രതീക്ഷ.

കോന്നി

ശക്തമായ ത്രികോണ മത്സരത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്ത സീറ്റാണ് കോന്നി. 1996 മുതല്‍ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി വിജയിച്ചു വന്ന മണ്ഡലമായിരുന്നു. ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം നടന്നിരുന്നു. പി.മോഹന്‍രാജിനെയാണ് ഒടുവില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനും എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരുന്നു കോന്നിയില്‍ നടന്നത്. ബി.ജെ.പി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് കോന്നി. കെ.യു ജനീഷ് കുമാറിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.

അടൂര്‍ മണ്ഡലം

സി.പി.ഐയുടെ കൈവശമുള്ള മണ്ഡലമാണ് അടൂര്‍. സംവരണ മണ്ഡലമായ ഇവിടെ 2011ലും 2016ലും ചിറ്റയം ഗോപകുമാറാണ് വിജയിച്ചത്. രണ്ട് തവണ വിജയിച്ചെങ്കിലും ചിറ്റയം ഗോപകുമാറിന് ഇത്തവണ ഇളവ് നല്‍കുമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in