കൊയിലാണ്ടിയില്‍ ഗ്രൂപ്പ് യുദ്ധം; കല്‍പ്പറ്റയില്‍ സമുദായ പേടി; എപി-ഇകെ വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളി

കൊയിലാണ്ടിയില്‍ ഗ്രൂപ്പ് യുദ്ധം; കല്‍പ്പറ്റയില്‍ സമുദായ പേടി; എപി-ഇകെ വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഉറപ്പായെങ്കിലും മണ്ഡലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം. കൊയിലാണ്ടിയിലോ കല്‍പ്പറ്റയിലോ മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കൊയിലാണ്ടിയില്‍ മത്സരിച്ചാല്‍ ഗ്രൂപ്പ് പോരില്‍ പണി കിട്ടുമോയെന്ന ഭയം മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്. കല്‍പ്പറ്റയാണ് പരിഗണനയിലുള്ള മറ്റൊരു സീറ്റ്.

കല്‍പ്പറ്റ സീറ്റ് മുസ്ലീംലീഗ് ഏറ്റെടുക്കണമെന്ന് സമുദായ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റില്‍ ലീഗും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. ലീഗിന് വിട്ടുകൊടുക്കില്ലെങ്കില്‍ കോണ്‍ഗ്രസിലെ മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്നാണ് സമുദായ സംഘടനകളുടെ നിര്‍ദേശം.

കല്‍പ്പറ്റ ഉറച്ച സീറ്റായാണ് യു.ഡി.എഫ് കണക്കാക്കുന്നത്. സമുദായ സംഘടനകളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്നുണ്ട്. എ.പി വിഭാഗവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് സൂചന. സമസ്ത ഇ.കെ വിഭാഗത്തില്‍ നിന്നും കടുത്ത എതിര്‍പ്പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിടുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിച്ചത് ലീഗാണെന്ന മട്ടിലുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനകളില്‍ അവര്‍ക്കും അതൃപ്തിയുണ്ട്. പുറത്ത് നിന്നുള്ളവര്‍ കല്‍പ്പറ്റിയില്‍ മത്സരിക്കാനായി വരേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ താല്‍പര്യം കാണിച്ചതിനാല്‍ ആ സീറ്റ് പ്രതീക്ഷിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് കോഴിക്കോട് നോര്‍ത്ത് മണ്ഡലം കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കല്‍പ്പറ്റയിലെ എതിര്‍പ്പുകള്‍ പരിഹരിക്കുന്നതനുസരിച്ചാകും മുല്ലപ്പള്ളി രാമചന്ദ്രന്‍ എവിടെ മത്സരിക്കുമെന്നതില്‍ അന്തിമ തീരുമാനം.

AD
No stories found.
The Cue
www.thecue.in