വി.മുരളീധരന്‍ കഴക്കൂട്ടത്തേക്ക്; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

വി.മുരളീധരന്‍ കഴക്കൂട്ടത്തേക്ക്; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കഴക്കൂട്ടം മണ്ഡലമാണ് പരിഗണിക്കുന്നത്. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും. നെടുമങ്ങാട് എ.പത്മകുമാരായിരിക്കും മത്സരിക്കുക. എസ്.സുരേഷിനെ കോവളത്താണ് പരിഗണിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വി.മുരളീധരന്‍ മത്സരരംഗത്തുണ്ടാകുന്നത് ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വി.മുരളീധരന്‍ താമസം കഴക്കൂട്ടത്താണ്.

മന്ത്രി കടകംപള്ളി സുരേന്ദ്രനെ തന്നെയായിരിക്കും ഇടതുപക്ഷം ഇത്തവണയും രംഗത്തിറക്കുക. വി.മുരളീധരനെ കൊണ്ടുവരുന്നതിലൂടെ ശക്തമായ മത്സരം കാഴ്ച വെക്കാനാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ തവണ ലഭിച്ച ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാനും വി.മുരളീധരന്‍ മത്സരിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. ആര്‍.എസ്.എസിന്റെ പിന്തുണ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് ലഭിച്ചിരുന്നുവെന്നാണ് ബി.ജെ.പിയുടെ വാദം.

ബി.ജെ.പിയിലെ പ്രധാന നേതാക്കള്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേമത്തെ മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനായിരിക്കും സ്ഥാനാര്‍ത്ഥിയാകുക. കുമ്മനം രാജശേഖരന് നേമം സീറ്റ് നല്‍കണമെന്ന് ആര്‍.എസ്.എസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷിനെ പരിഗണിക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കോവളം വേണ്ടെന്നും നഗരത്തിലെ മണ്ഡലം വേണമെന്നുമാണ് എസ്.സുരേഷിന്റെ വാദം. ഇത് പരിഗണിക്കാന്‍ സാധ്യതയില്ല.

Related Stories

The Cue
www.thecue.in