കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം; ഏകോപനം മതിയെന്ന് കേന്ദ്രനേതൃത്വം

കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം; ഏകോപനം മതിയെന്ന് കേന്ദ്രനേതൃത്വം

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകില്ലെന്ന് സൂചന. സംസ്ഥാന പ്രസിഡന്റ് മത്സരിച്ചാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പ് ഏകോപനത്തേയും ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. കോന്നിയിലോ കഴക്കൂട്ടത്തോ കെ.സുരേന്ദ്രന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു.സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ വി.വി രാജേഷ് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചത് ഭരണം ലഭിക്കാതിരിക്കാന്‍ കാരണമായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. പ്രചരണത്തെ ഏകോപിപ്പിക്കാന്‍ ആളുണ്ടായില്ല. ഇത് തിരിച്ചടിയായെന്നും അത് നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനാണ് കെ.സുരേന്ദ്രനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ 2011ലും 2016ലും മത്സരിച്ച കെ.സുരേന്ദ്രന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത്.കേസ് നല്‍കിയിരുന്നെങ്കിലും എം.എല്‍.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് കേസില്‍ നിന്നും പിന്‍മാറി. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രവീശ തന്ത്രി കുണ്ടാറായിരുന്നു മത്സരിച്ചത്.

2009ലും 2014ലും കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 2019ല്‍ പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തുടര്‍ച്ചയായി മത്സരിച്ച കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാത്ത തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in