പി.കെ.ഫിറോസ് കോഴിക്കോട് സൗത്തില്‍;ഐ.എന്‍.എല്‍ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും

പി.കെ.ഫിറോസ് കോഴിക്കോട് സൗത്തില്‍;ഐ.എന്‍.എല്‍ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. എം.കെ മുനീറിന് കൊടുവള്ളി സീറ്റ് നല്‍കുമെന്ന് നേതൃത്വം നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് കൂടിയായ എം.കെ മുനീറിന് സുരക്ഷതിമായ മണ്ഡലം നല്‍കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ തവണ ഐ.എന്‍.എല്‍ മത്സരിച്ച കോഴിക്കോട് സൗത്ത് സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എം നീക്കം തുടങ്ങിയിട്ടുണ്ട്.

എം.കെ മുനീറിലൂടെ കൊടുവള്ളി സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി.കെ.ഫിറോസിന് കൊടുവള്ളി സീറ്റ് നല്‍കിയാല്‍ പ്രാദേശികമായ എതിര്‍പ്പുണ്ടായേക്കും. കഴിഞ്ഞ തവണ മത്സരിച്ച എം.എ റസാക്കിന് ഒരുതവണ കൂടി അവസരം നല്‍കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എം.കെ മുനീറിനെ മത്സരിപ്പിച്ചാല്‍ ഈ എതിര്‍പ്പ് ഇല്ലാതാകുമെന്നാണ് നേതൃത്വം കരുതുന്നത്. എം.കെ.മുനീര്‍ മലപ്പുറം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറുമെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും സാധ്യതയില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കളെല്ലാം മലപ്പുറം ജില്ലയില്‍ നിന്നും മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കൊടുവള്ളിയിലേക്ക് മാറാന്‍ മുനീറിനോട് നിര്‍ദേശിച്ചത്.

യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായാണ് കോഴിക്കോട് സൗത്തിനെ കണക്കാക്കിയിരുന്നത്. 2008ലാണ്് മണ്ഡല പുനര്‍നിര്‍ണയം നടന്നത്. ഇത്തവണ മണ്ഡലം ഏറ്റെടുക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ തവണ ഐ.എന്‍എലിന് നല്‍കിയ സീറ്റില്‍ എ.പി.അബ്ദുള്‍ വഹാബായിരുന്നു സ്ഥാനാര്‍ത്ഥി. 2011ല്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച സി.പി.എമ്മിലെ സി.പി മുസാഫര്‍ അഹമ്മദ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറാണ്. സീറ്റ്് ഏറ്റെടുത്താല്‍ മുസാഫര്‍ അഹമ്മദ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് പ്രചരണം. കോഴിക്കോട് സൗത്തിന് പകരം ഐ.എന്‍.എലിന് മലപ്പുറം ജില്ലയിലെ ഏതെങ്കിലും സീറ്റ് നല്‍കിയേക്കും.

Related Stories

The Cue
www.thecue.in