ലീഗിന് അകത്തും പുറത്തും എതിര്‍പ്പ് ശക്തം; പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കില്ല?

ലീഗിന് അകത്തും പുറത്തും എതിര്‍പ്പ് ശക്തം; പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കില്ല?

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കില്ലെന്ന് സൂചന. എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ മുസ്ലിംലീഗിനുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ആലോചന. മത്സരിക്കാനുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മുസ്ലിംലീഗിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടി.യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുസ്ലിംലീഗ് മുഖ്യമന്ത്രി സ്ഥാനം പിടിക്കുമെന്ന പ്രചരണം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും ശക്തമായിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം ഇതിന് വേണ്ടിയുണ്ടാക്കിയതാണെന്ന പ്രചരണവും നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി ഭരണം നേടുന്നതില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും മുസ്ലിംലീഗിനുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരുന്നു.

പഴയ മണ്ഡലമായ വേങ്ങരയിലോ മലപ്പുറത്തോ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നായിരുന്നു ചര്‍ച്ച.എം.പി.സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ മുസ്ലിംലീഗിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന് യു.ഡി.എഫിനെ ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ നേട്ടവും തീരുമാനം മാറ്റുന്നതിന് കാരണമായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനും യു.ഡി.എഫിനും മേല്‍ക്കൈ നേടാനായാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്ന കാര്യം പരിഗണിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

കൊടുവള്ളി സീറ്റ് ഓഫര്‍ ചെയ്ത് എം.കെ.മുനീറിന്റെ പിന്തുണ പി.കെ കുഞ്ഞാലിക്കുട്ടി നേടിയിരുന്നു.കെ.എം.ഷാജിയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെ ശക്തമായി എതിര്‍ത്തിരുന്നു. അധികാരമില്ലാതെ നില്‍ക്കാനാവില്ലെന്ന് പരേക്ഷമായി വിമര്‍ശിച്ചിരുന്നു. മത്സരിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയീന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഐക്യമില്ലാത്തതും വിമര്‍ശനം പരസ്യമായി ഉന്നയിക്കുന്നതും ലീഗ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.ജമാഅത്തെ കൂട്ടുകെട്ടിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിയായി. ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയബന്ധം വേണ്ടെന്ന അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ആ സഖ്യം തുടരേണ്ടതില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in