ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുവദിക്കില്ല; അനിശ്ചിതകാല പണിമുടക്കിലേക്കെന്ന് മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍

ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുവദിക്കില്ല; അനിശ്ചിതകാല പണിമുടക്കിലേക്കെന്ന് മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും സമരം ആരംഭിച്ചു. 84 ദിവസം നീണ്ട സമരം നടത്തിയെങ്കിലും കൊവിഡ് വ്യാപനവും ലോക്ഡൗണ്‍ പ്രഖ്യാപനവും കാരണം നിര്‍ത്തിവെക്കുകയായിരുന്നു. അനിശ്ചിതകാല സത്യാഗ്രഹ സമരമാണ് ആരംഭിച്ചിരിക്കുന്നത്. മാനേജ്‌മെന്റ് ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബ്രാഞ്ച് തുറക്കാന്‍ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പിരിച്ചുവിട്ടവരെ ഈ സമയത്ത് പട്ടിണിയില്ലാതെ കൊണ്ടുപോയത് സി.ഐ.ടി.യുവാണെന്ന് യൂണിറ്റ് സെക്രട്ടറി നിഷ.കെ.ജയന്‍

പിരിച്ചുവിട്ടവരെ ഈ സമയത്ത് പട്ടിണിയില്ലാതെ കൊണ്ടുപോയത് സി.ഐ.ടി.യുവാണെന്ന് യൂണിറ്റ് സെക്രട്ടറി നിഷ.കെ.ജയന്‍ ദ ക്യുവിനോട് പറഞ്ഞു. ഇപ്പോള്‍ വീണ്ടും സമരം ശക്തമാക്കുകയാണ്. മാനേജ്‌മെന്റ് അതേ നിലപാട് തുടരുകയാണെങ്കില്‍ ജീവനക്കാര്‍ പണിമുടക്കും. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നിഷ.കെ.ജയന്‍ പറഞ്ഞു.

2019 ഡിസംബര്‍7നാണ് 164 ജീവനക്കാരെ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. ഒരുവര്‍ഷവും ഒരു മാസവും ആകുമ്പോഴും ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്. സി.ഐ.ടി.യുവിന് കീഴിലുള്ള നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

ശബളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയ ജീവനക്കാരെയാണ് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്.ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ ഇമെയിലായി നോട്ടീസ് അയക്കുകയായിരുന്നു.ശാഖകള്‍ നഷ്ടത്തിലാണെന്ന കാരണം കാണിച്ചാണ് പിരിച്ചുവിട്ടത്. യൂണിയനില്‍ അംഗങ്ങളായ സ്ത്രീകളാണ് പിരിച്ചുവിട്ടവരില്‍ അധികവും. പതിനഞ്ച് വര്‍ഷത്തോളമായി മുത്തൂറ്റില്‍ ജോലി ചെയ്യുന്നവരാണിത്.

ശാഖകള്‍ പൂട്ടിയാലും ജീവനക്കാരെ പിരിച്ചുവിടാന്‍ വ്യവസ്ഥയില്ലെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. അതും പാലിക്കപ്പെട്ടിട്ടില്ല. ഹൈക്കോടതി വച്ച നിരീക്ഷകന്റെ സാന്നിധ്യത്തില്‍ 22 തവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിലും തീരുമാനമായില്ല.

കൊവിഡ് കാരണം സമരം നിര്‍ത്തിയതോടെ മറ്റ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. 164 പേരെയും തിരിച്ചെടുക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നു. യൂണിയന്റെ സംസ്ഥാന സമിതിയിലെ 30 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. അവരുടെ കീഴിലുള്ള ബ്രാഞ്ചുകള്‍ പിരിച്ചുവിട്ടത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സമരക്കാര്‍ പറയുന്നു. യൂണിയനെ തകര്‍ക്കാന്‍ അനുവദിക്കില്ല. മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും യൂണിയനുണ്ട്. സമരം പരാജയപ്പെടുത്തുകയെന്നത് മാനേജ്‌മെന്റുകള്‍ യോജിച്ചെടുത്ത തീരുമാനമാണെന്നും അനുവദിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in