'നെടുമ്പാശേരിയില്‍ ജോലി കിട്ടാന്‍ പണം'; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

'നെടുമ്പാശേരിയില്‍ ജോലി കിട്ടാന്‍ പണം'; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നടപടി ക്രമങ്ങള്‍ക്കായി 2000 രൂപ മുന്‍കൂറായി നല്‍കണമെന്ന് ഇന്‍ഡിഗോയുടെ പേരില്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. തട്ടിപ്പിനെതിരെ ഡി.ജി.പിക്കും ഇന്‍ഡിഗോക്കും സാമൂഹ്യസംഘടനയായ ദിശ പരാതി നല്‍കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അകൗണ്ടന്റായി നിയമിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വാഗ്ദാനം. ജോലി തേടി സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ തട്ടിപ്പ് സംഘം ബന്ധപ്പെടുകയാണ്. 25,000 മുതല്‍ 30,000 രൂപ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ജോലി ലഭിച്ചു കഴിഞ്ഞാല്‍ അടച്ച തുക തിരിച്ചു നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എച്ച്.ആര്‍ മാനേജര്‍ എന്ന് അവകാശപ്പെട്ട് രാഹുല്‍ ശര്‍മ്മ എന്ന ആളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫര്‍ ലെറ്റര്‍ അയക്കുന്നത്. ഹരിയാനയിലെ അഡ്രസാണ് ഇതിനൊപ്പം നല്‍കിയിരിക്കുന്നത്. ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് പണം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നു.

2000 രൂപ അടച്ചാല്‍ റഫറല്‍ കോഡ് നല്‍കും. ഇന്റര്‍വ്യൂവിനിടെ ഇത് നല്‍കിയാല്‍ ജോലി ലഭിക്കുമെന്ന് 80 ശതമാനം ഉറപ്പാണെന്നും കമ്പനിയിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഉറപ്പ് നല്‍കിയെന്ന് ഉദ്യോഗാര്‍ത്ഥിയായ മലപ്പുറം ജിഷ്ണു ഹരി ദ ക്യുവിനോട് പറഞ്ഞു. പണം മുന്‍കൂറായി നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നി ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് വ്യക്തമായത്. വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇന്‍ഡിഗോയില്‍ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു ലഭിച്ച മറുപടി.

രാഹുല്‍ ശര്‍മ്മയ്‌ക്കെതിരെ മുമ്പും നിരവധി പേര്‍ കമ്പനിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമാനമായ തട്ടിപ്പ് നേരത്തെ ഉണ്ടായപ്പോള്‍ കമ്പനി വിശദീകരണം നല്‍കിയിരുന്നു. ഇടനിലക്കാരെ നിയോഗിച്ചിട്ടില്ലെന്നും പ്രോസസിംഗ് ഫീസ് വാങ്ങുന്നില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോയുടെ കരിയര്‍ സൈറ്റിലൂടെയാണ് ജോലിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതെന്നും കമ്പനി അറിയിച്ചിരുന്നു.

Related Stories

The Cue
www.thecue.in