'ക്വാറന്റൈനില്ല, മാസ്‌കില്ല, സാമൂഹിക അകലമില്ല', തമ്മനത്ത് ഗുരുതര സാഹചര്യമെന്ന് പരാതി

'ക്വാറന്റൈനില്ല, മാസ്‌കില്ല, സാമൂഹിക അകലമില്ല', തമ്മനത്ത് ഗുരുതര സാഹചര്യമെന്ന് പരാതി

കൊച്ചി തമ്മനത്ത് ആളുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി പരാതി. കൊച്ചി കോര്‍പ്പറേഷനിലെ 45-ാം വാര്‍ഡില്‍ എകെജി നഗറിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റൈനിലിരിക്കാന്‍ തയ്യാറാകുന്നില്ലെന്നും, പുറത്തിറങ്ങി നടക്കുകയും, ജോലിക്കു പോകുകയും ചെയ്യുന്നതായി പരാതിയുണ്ട്.

എഴുത്തുകാരി ചിത്തിര കുസുമനാണ് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ സാഹചര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. കോളനിയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലുള്‍പ്പടെ സമൂഹവ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചിത്തിര കുസുമം പറയുന്നു. നിലവിലെ അവസ്ഥ ഗുരുതരമാകുമെന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്ന് ചിത്തിര ദ ക്യുവിനോട് പറഞ്ഞു.

'അടുത്തടുത്ത് മതിലുകള്‍ പോലുമില്ലാതെ ആളുകള്‍ തിങ്ങി താമസിക്കുന്ന ഒരു കോളനിയാണ് എകെജി നഗര്‍. ഏതാണ്ട് 150 കുടുംബങ്ങള്‍ ഇതിനകത്തുണ്ട്. ഒന്നരസെന്റ് വീതം പട്ടയം കിട്ടിയ ഭൂമിയാണ്. മതിലുകള്‍ പോലുമില്ല, അത്രയ്ക്ക് അടുത്തത്തടുത്താണ് വീടുകള്‍. രോഗം വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ ആദ്യത്തെ കോവിഡ് കേസ് രണ്ടാഴ്ച മുന്‍പാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ചെറിയ കുട്ടികള്‍ക്കായിരുന്നു ആദ്യം വന്നത്, പിന്നീട് അവരുടെ മാതാപിതാക്കള്‍ക്കും വന്നു.

പിന്നീടാണ് കോളനിയിലുള്ള മറ്റൊരു യുവാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഈ യുവാവും കോളനിയിലെ തന്നെ മറ്റ് 27 ചെറുപ്പക്കാരും ഇതിനടുത്ത ദിവസങ്ങളില്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചിരുന്നു. ഈ ചെറുപ്പക്കാരോടും കുടുംബത്തോടും ക്വാറന്റൈന്‍ വേണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും, അവര്‍ ഇതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. മിക്ക ആളുകളും ജോലിക്ക് പോവുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തു.

പിന്നീടാണ് ആന്റിജെന്‍ ടെസ്റ്റ് നെഗറ്റീവ് ആയ മറ്റൊരു ചെറുപ്പക്കാരന് ലക്ഷണങ്ങളുണ്ടായത്. ഇതോടെ rt pcr ചെയ്യുകയും അത് പോസിറ്റിവ് ആവുകയും ചെയ്തു . ഈ രണ്ടു ടെസ്റ്റുകള്‍ക്ക് ഇടയിലുള്ള ദിവസങ്ങളില്‍ ഇയാളുടെ കുടുംബാങ്ങങ്ങളും പുറത്തിറങ്ങി സാധാരണഗതിയില്‍ ജീവിതം നയിക്കുകയായിരുന്നു.ഫുട്‌ബോള്‍ കളിച്ച കൂട്ടത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചെറുപ്പക്കാരന്റെ പെങ്ങളുടെ മകനും അമ്മക്കും ഇപ്പോള്‍ പോസിറ്റീവ് ആയി. അവര്‍ പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനു ശേഷം വീട്ടില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാം എന്ന് ആരോഗ്യപ്രവര്‍ത്തകരോട് പറയുകയും അതിനുശേഷം ടൂ വീലറിലും മറ്റും സഞ്ചരിക്കുകയും ചെയ്തുകൊണ്ടിരുന്നു', ചിത്തിര പറഞ്ഞു.

രോഗവ്യാപന സാധ്യത കൂടുതല്‍

കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പമുണ്ടായിരുന്ന 27 പേരും ക്വാറന്റൈനില്‍ ഇരുന്നിട്ടില്ലെന്നും ആരോപണമുണ്ട്. 'ഇതില്‍ ചിലരുടെ വീട്ടുകാര്‍ മാത്രമാണ് ക്വാറന്റൈനില്‍ ഇരുന്നത്. നിലവില്‍ 4 പേര്‍ക്കാണ് കോളനിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വരെ രോഗം സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ മറ്റ് ആളുകള്‍ പുറത്തിറങ്ങി നടക്കുകയും, മറ്റു വീടുകളില്‍ പോവുകയും, കുട്ടികള്‍ ട്യൂഷന് പോവുകയും ഒക്കെ ചെയ്യുന്നുണ്ട്.

ക്വാറന്റൈന്‍ വേണമെന്ന് നിര്‍ബന്ധിച്ച ആശാ വര്‍ക്കര്‍മാരോട് പോലും ദേഷ്യപ്പെടുകയാണുണ്ടായത്. രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പൊതുപൈപ്പില്‍ നിന്നാണ് ആളുകള്‍ വെള്ളമെടുക്കുന്നത് പോലും. ചെറിയ കുട്ടികളും പ്രായമുള്ളവരുമുണ്ട്. കോളനിയുടെ അകത്ത് മാസ്‌ക് ഇല്ലാതെയാണ് ആളുകള്‍ നക്കുന്നത്. ഇതൊക്കെ ആളുകളെ മനസിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചിട്ടും ഒരു ഫലവുമില്ലാത്ത അവസ്ഥയാണ്. ആരും സഹകരിക്കുന്നില്ല, നിയന്ത്രിക്കാനും ആരുമില്ല. ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുമെന്ന് ഉറപ്പായപ്പോഴാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാമെന്ന് വിചാരിച്ചത്', ചിത്തിര കുസുമന്‍ പറയുന്നു.

പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല

ആശവര്‍ക്കര്‍മാര്‍ ആരോഗ്യവകുപ്പിലും പൊലീസിലുമുള്‍പ്പടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇലക്ഷന്‍ കാരണം കണ്ടെയിന്‍മെന്റ് സോണാക്കാന്‍ സാധിക്കില്ലെന്നാണ് ലഭിച്ച മറുപടിയെന്ന് ചിത്തിര. 'ഇവിടെയുള്ള പുരുഷന്മാരില്‍ അമ്പത് ശതമാനത്തില്‍ അധികം പേര്‍ ഓട്ടോറിക്ഷ ഓടിക്കുന്നവരാണ്, സ്ത്രീകളില്‍ ഭൂരിഭാഗവും തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളില്‍ വീട്ടുജോലിക്ക് പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവര്‍ക്ക് രോഗം വന്നാല്‍ അത് കോളനിക്ക് പുറത്തും വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഭവം ചര്‍ച്ചയായതോടെ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് ആരോഗ്യവകുപ്പ് തിരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശവര്‍ക്കറുമായി ബന്ധപ്പെട്ട്, എത്രയും പെട്ടെന്ന് തന്നെ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താമെന്ന് അറിയിക്കുകയായിരുന്നു. പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താമെന്ന് അറിയിച്ചിതായും ചിത്തിര കുസുമന്‍ പറഞ്ഞു.

അടിയന്തരനടപടി

സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ചതായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ശ്രീദേവി ദ ക്യുവിനോട് പറഞ്ഞു. എകെജി നഗറില്‍ പ്രത്യേക കാമ്പെയിനും, മെഡിക്കല്‍ കാമ്പും ഉള്‍പ്പടെ നടത്തും. അടിയന്തര നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in