'ലൈഫില്‍' ഇടഞ്ഞ് സര്‍ക്കാര്‍;സി.ബി.ഐക്കുള്ള പൊതുസമ്മതം എടുത്ത് കളഞ്ഞ് നല്‍കുന്ന സൂചനയെന്ത്?

'ലൈഫില്‍' ഇടഞ്ഞ് സര്‍ക്കാര്‍;സി.ബി.ഐക്കുള്ള പൊതുസമ്മതം എടുത്ത് കളഞ്ഞ് നല്‍കുന്ന സൂചനയെന്ത്?

ലൈഫ് മിഷന്‍ പദ്ധതിയിലെ ഏറ്റുമുട്ടല്‍ സി.ബി.ഐയെ സംസ്ഥാനത്ത് വിലക്കുന്നതിലെത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കേസുകള്‍ അന്വേഷിക്കാന്‍ 2017ല്‍ നല്‍കിയ പൊതുസമ്മതമാണ് സര്‍ക്കാര്‍ പില്‍വലിച്ചിരിക്കുന്നത്. കോടതി നിര്‍ദേശപ്രകാരമോ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് ശേഷമോ കേസുകള്‍ ഏറ്റെടുക്കുന്ന കീഴ്‌വഴക്കം ലംഘിച്ചതാണ് വിലക്കിന് കാരണം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ചുള്ള അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങുകയും ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആയുധമായി സി.ബി.ഐയെ ഇനിയും ഉപയോഗിച്ചേക്കാമെന്ന ആശങ്കയാണ് വിലക്കിന് പിന്നില്‍.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ എന്‍.ഡി.എ. ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേസില്‍ കുടുക്കുന്നുവെന്ന ആരോപണത്തെ ചുവട് പിടിച്ചാണ് കേരള സര്‍ക്കാരിന്റെയും നീക്കം. സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം പോളീറ്റ് ബ്യൂറോ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പൊതുസമ്മതം പിന്‍വലിച്ച സാഹചര്യത്തില്‍ സി.ബി.ഐക്ക് കേസുകള്‍ ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി ആവശ്യമായി വരും. നിലവില്‍ അന്വേഷിക്കുന്ന കേസുകളെ ബാധിക്കില്ല. എക്‌സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും.

ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് സി.ബി.ഐ നിലവില്‍ വന്നത്.സെക്ഷന്‍ ആറ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. ആ സംരക്ഷണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിദേശ കറന്‍സി റെഗുലേഷന്‍ ആക്ട് ലംഘിച്ചുവെന്നാണ് കേസ്. ഇതിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സി.ബി.ഐ. ഒന്നില്‍ മാത്രമേ ലൈഫ് മിഷന്റെ പേര് ഉപയോഗിച്ചിട്ടുള്ളു. ലൈഫ് മിഷന്‍ വിദേശ കറന്‍സി റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതല്ലെന്നും പ്രതി ചേര്‍ത്ത് കേസെടുക്കാനാവില്ലെന്ന് സി.ബി.ഐക്ക് അറിയാമായിരുന്നു എന്നത് വ്യക്തമാണെന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. എന്നിട്ടും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തു. ഇതിലൂടെ വിദേശ കറന്‍സി റെഗുലേഷന്‍ ആക്ടിന്റെ ലംഘനമുണ്ടോയെന്നതല്ല, മറിച്ച് ലൈഫ് മിഷനെ കുറിച്ചാണ് അന്വേഷിക്കുന്നതെന്നും വ്യക്തമായെന്നും സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ട് പോയത്. ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അത് നീക്കാന്‍ സി.ബി.ഐ അനാവശ്യ തിടുക്കം കാട്ടിയതും സംശയത്തിനിടയാക്കിയെന്നും സര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതിയില്‍ നിന്നും സി.ബി.ഐക്ക് തിരിച്ചടിയേറ്റതോടെയാണ് സര്‍ക്കാര്‍ വിലക്കല്‍ നടപടിയില്‍ നിയമോപദേശം തേടിയത്. ദേശീയ അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐ ചോദ്യം ചെയ്യപ്പെടുന്നതും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുവെന്ന സര്‍ക്കാരിന്റെ വാദത്തെ പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ ഇടപെടല്‍ നടത്തുവെന്നാരോപിച്ച് രാജസ്ഥാനും ഛത്തീസ്ഗഢും സി.ബി.ഐയെ വിലക്കിയതാണ് ചൂണ്ടിക്കാണിച്ചാണ് സി.പി.എം ഇതിനെ പ്രതിരോധിക്കുന്നത്. പശ്ചിമബംഗാളും മഹാരാഷ്ട്രയും ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് പദ്ധതികളിലേക്ക് മാറിയതോടെയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിക്കുമെന്ന ആശങ്കയാണ് സി.ബി.ഐയുടെ വിലക്കിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

Related Stories

The Cue
www.thecue.in