ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റടിച്ച് ഡോക്ടര്‍മാര്‍; പ്രതിഷേധം ശക്തമാക്കാന്‍ കെജിഎംഒഎ

ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റടിച്ച് ഡോക്ടര്‍മാര്‍; പ്രതിഷേധം ശക്തമാക്കാന്‍ കെജിഎംഒഎ

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒഫീഷ്യല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തേക്ക്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രൂപീകരിച്ച ഗ്രൂപ്പികളില്‍ നിന്നുള്‍പ്പെടെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പുറത്ത് പോകുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്ത് പോകാനും ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് സംഘടനയുടെ പരാതി. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അവധി അനുവദിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം ആരംഭിക്കുന്നതായി കെജിഎംഒഎ ഇന്നലെ അറിയിച്ചിരുന്നു.

ജില്ലാതലം മുതല്‍ പ്രാദേശികതലം വരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടായിരുന്നു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിച്ചിരുന്നത്.നേരിട്ട് യോഗം വിളിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ വാട്‌സ്ആപ്പിലൂടെയായിരുന്നു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നത്. ഗ്രൂപ്പുകളില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്ത് പോകുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ജോലി സമയം കഴിഞ്ഞതിന് ശേഷമുള്ള ഔദ്യോഗിക മീറ്റിംഗുകളുമായി സഹകരിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. സൂം മീറ്റിംഗുകളിലും പങ്കെടുക്കേണ്ടെന്നാണ് തീരുമാനം.

കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നല്‍കിയിരുന്നു അവധി പുനസ്ഥാപിക്കുക, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിന് വിരമിച്ച ഡോക്ടര്‍മാരുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും സേവനം ഉപയോഗിക്കുക, മാറ്റി വച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക, അപകടകരമായ സാഹചര്യത്തില്‍ അധികം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് റിസ്‌ക് അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നല്‍കുക എന്നീ ആവശ്യങ്ങളാണ് കെജിഎംഒഎ മുന്നോട്ട് വെച്ചിട്ടുള്ളത്.

Related Stories

The Cue
www.thecue.in