കെ.സി വേണുഗോപാലിന് തടയിടാന്‍ അതൃപ്തിയുള്ള എം.പിമാര്‍, കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യം മാറുന്നു

കെ.സി വേണുഗോപാലിന് തടയിടാന്‍ അതൃപ്തിയുള്ള എം.പിമാര്‍, കോണ്‍ഗ്രസില്‍ ഗ്രൂപ്പ് സമവാക്യം മാറുന്നു

പുനഃസംഘടനയിലെ അതൃപ്തിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ഉള്‍പ്പോരിന് കളമൊരുങ്ങി. എംപിമാര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത് കെ.സി വേണുഗോപാലിനെ ഉന്നമിട്ടാണെന്ന് അറിയുന്നു. നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കെ മുരളീധരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതിന് ദേശീയ നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനമുള്ള കെ.സി വേണുഗോപാല്‍ തടയിടുമെന്ന് മുന്നില്‍ കണ്ടാണ് നീക്കം. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണയോടെ കെ സി വേണുഗോപാലാണ് നീക്കം നടത്തിയതെന്നാണ് ഇവരുടെ വാദം.

ശശി തരൂര്‍, കെ സുധാകരന്‍, കെ മുരളീധരന്‍,അടൂര്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് എംപിമാര്‍ നിലവിലുള്ള ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിന്ന് വിട്ട് പുതിയൊരു ഗ്രൂപ്പായി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെ സി വേണുഗോപാനെതിരെ ദേശീയതലത്തിലുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും കരുതുന്നുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് മാറ്റം ആവശ്യപ്പെട്ടതിന് പിന്നാലെ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവര്‍ നേരത്തെ തന്നെ കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം ആരംഭിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ അതൃപ്തി സമ്പാദിച്ചതും പദവി നഷ്ടം സംഭവിച്ചതും കണക്കിലെടുത്ത് കേരളത്തിലെ കെ സി വേണുഗോപാല്‍ വിരുദ്ധ ഗ്രൂപ്പിനെ കൂടെ നിര്‍ത്തി സമ്മര്‍ദ്ദ നീക്കം നടത്താനാണ് ഇരുവരുടെയും നീക്കമെന്നറിയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധമുള്ള കെ സി വേണുഗോപാലിനെ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്താനാക്കാനാണ് കപില്‍ സിബലും, ഗുലാംനബി ആസാദും ശ്രമിക്കുന്നത്. നിലവില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് നില്‍ക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ്് ചെന്നിത്തലയും മനസിലാക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഗാന്ധി കുടുംബം കഴിഞ്ഞാല്‍ പ്രധാനിയാകാനാണ് കെ സി വേണുഗോപാല്‍ കരുക്കള്‍ നീക്കുന്നതെന്നാണ് വിരുദ്ധ വിഭാഗം പറയുന്നത്. അതേ സമയം സോണിയ ഗാന്ധി, രാഹുല്‍ എന്നിവരുമായുള്ള ബന്ധത്തിലൂടെ ദേശീയതലത്തില്‍ ശക്തനായി മാറിയ കെ സി വേണുഗോപാലിനെ പിണക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാകുന്നില്ലെന്നാണ് എ,ഐ ഗ്രൂപ്പുകളില്‍ നിന്നുള്ള വിമര്‍ശനം.

കെ സുധാകരന്‍, കെ മുരളീധരന്‍, എംകെ രാഘവന്‍ എന്നിവര്‍ നല്‍കിയ പട്ടിക കെ പി സി സി പുനഃസംഘടനയില്‍ പരിഗണിച്ചിട്ടില്ല. കണ്ണൂരില്‍ കെ സുധാകരനുമായി കെ സി വേണുഗോപാലിന് ശീതസമരം നേരത്തെയുള്ളതാണ്. കെ സുധാകരന്റെ നോമിനികളെ പരിഗണിക്കാതെ നേതൃത്വം കെ സി വേണുഗോപാല്‍ നിര്‍ദേശിച്ച നാല് പേരെ കെപിസിസി ഭാരവാഹികളാക്കി. ഐ ഗ്രൂപ്പിന്റെ പേരില്‍ കെ സി വേണുഗോപാല്‍ കണ്ണൂരില്‍ ഗ്രൂപ്പ് ശക്തപ്പെടുത്തുകയാണെന്നും കെ സുധാകരനെ അനൂകൂലിക്കുന്നവര്‍ പറയുന്നു. എ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്ന ബെന്നി ബഹ്നാനും അതൃപ്തിയിലാണ്. ഗ്രൂപ്പിലെ തര്‍ക്കമാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെയ്ക്കുന്നതിലേക്ക് നയിച്ചത്. എ ഗ്രൂപ്പിലെ ധാരണ പ്രകാരം എംഎം ഹസന് വേണ്ടി ബെന്നി ബെഹ്നാന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയണമായിരുന്നു. ഗ്രൂപ്പില്‍ ശക്തനായി മാറിയ ബെന്നി ബെഹ്നാനെ ഒതുക്കുന്നതിനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, തമ്പാനൂര്‍ രവി എന്നിവര്‍ ചേര്‍ന്നാണ് കരുക്കള്‍ നീക്കിയത്. ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരുള്‍പ്പെടുന്ന യുവനേതാക്കള്‍ ബെന്നി ബെഹ്നാന്റെ പക്ഷത്തും നില്‍ക്കുകയാണ്. എ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ കെ സി ജോസഫോ എത്തുന്നതിനാണ് ബെന്നി ബെഹ്നാനെ ഒതുക്കുന്നത്. രമേശ് ചെന്നിത്തലയുമായി അടുപ്പമുണ്ടെന്നാണ് ബെന്നി ബെഹ്നാനെതിരെ എ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത്. കെപിസിസി എക്‌സിക്യൂട്ടീവിലും ബെന്നി ബെഹ്നാനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനാലാണ് കെ മുരളീധരന് സാധ്യത കല്‍പ്പിച്ചിരുന്നത്. എംപിമാര്‍ നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് തടയിട്ടതിനൊപ്പം നിര്‍ണായക പദവിയിലേക്ക് കെ മുരളീധരന്‍ വരാതിരിക്കാനും കെ സി വേണുഗോപാല്‍ നീക്കം നടത്തിയെന്നാണ് വിരുദ്ധ ഗ്രൂപ്പിനകത്തുള്ള സംസാരം.

Related Stories

No stories found.
logo
The Cue
www.thecue.in