'മൂന്ന് ജില്ലകളില്‍ കൂടി'; ജോസ് കെ മാണി എത്തിയാല്‍ സിപിഎമ്മിന്റെ പ്രതീക്ഷകള്‍ ഇങ്ങനെ

'മൂന്ന് ജില്ലകളില്‍ കൂടി'; ജോസ് കെ മാണി എത്തിയാല്‍ സിപിഎമ്മിന്റെ പ്രതീക്ഷകള്‍ ഇങ്ങനെ

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിലൂടെ മധ്യകേരളത്തിലെ മൂന്ന് ജില്ലകളില്‍ കൂടി ആധിപത്യം നേടാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ നിയമസഭ സീറ്റുകളില്‍ മേല്‍ക്കൈ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ക്കോഴയില്‍ വിശദീകരിച്ച് പിടിച്ചു നിക്കാനാകുമെന്നാണ് കരുതുന്നത്.

കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇടതുപക്ഷത്തിന് ഇപ്പോള്‍ സമ്പൂര്‍ണ ആധിപത്യമുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ കോന്നി പിടിച്ചതോടെ പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നു.കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഇടുക്കിയിലെ രണ്ട് സീറ്റുകളാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈവശമുള്ളത്. ജോസ് പക്ഷം എത്തുന്നതോടെ ഇടുക്കി, തൊടുപുഴ സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. രണ്ട് സീറ്റുകളും ജോസ് പക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ളതിനാല്‍ അവര്‍ക്ക് നല്‍കാം.

എറണാകുളം ജില്ലയില്‍ യുഡിഎഫിനുള്ള ആധിപത്യത്തിന് മാറ്റം വരുത്താനാകുമെന്നും സിപിഎം കരുതുന്നു. പിറവം, കുന്നത്തുനാട് മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടാക്കാം. മറ്റ് മണ്ഡലങ്ങളിലും ചലനങ്ങളുണ്ടാക്കാനാകും. കോട്ടയം ജില്ലയില്‍ മോന്‍സ് ജോസഫ് പ്രതിനിധീകരിക്കുന്ന കടുത്തുരുത്തി കെ എം മാണിക്ക് സ്വാധീനമുള്ള മണ്ഡലമായിരുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം മണ്ഡലങ്ങള്‍ ഇടത് അനുകൂലമാക്കി മാറ്റാന്‍ കഴിയും.

മലബാറിലെ മലയോര മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാകുമെന്നും കരുതുന്നു. ഇരിക്കൂര്‍ ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ വിജയത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന വോട്ട് ജോസ് കെ മാണി വിഭാഗത്തിനുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ കൈവശമില്ലാത്ത മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

ബാര്‍ കോഴ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇതിനെ നേരിടാനാകുമെന്നും അണികളിലെ ആശങ്ക പരിഹരിക്കാനാകുമെന്നും സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ കൂടെ കൂട്ടിയതാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. സമരം നടത്തിയത് കെ എം മാണിക്കെതിരെയാണെന്നതാണ് സിപിഎമ്മിന്റെ വാദം.

Related Stories

The Cue
www.thecue.in