രേഷ്മക്കൊപ്പമുണ്ടാകും, രജിത് ആര്‍മി പെയ്ഡ് മാര്‍ക്കറ്റിങ്: ആര്യ

രേഷ്മക്കൊപ്പമുണ്ടാകും, രജിത് ആര്‍മി പെയ്ഡ് മാര്‍ക്കറ്റിങ്: ആര്യ

ബിഗ് ബോസ് ഷോയില്‍ രേഷ്മയെ സഹമത്സരാര്‍ഥി രജിത് കുമാര്‍ ആക്രമിച്ച വിഷയത്തില്‍ രേഷ്മയുടെ ഭാഗത്താണ് പൂര്‍ണമായും ന്യായമെന്ന് സഹമത്സരാര്‍ത്ഥിയായിരുന്ന നടി ആര്യ. രജിത് കുമാര്‍ ഇപ്പോള്‍ നിഷേധിക്കുന്ന അന്നത്തെ പ്രവര്‍ത്തിമൂലം രേഷ്മയുടെ കാഴ്ച ശക്തി 20 ശതമാനം കുറഞ്ഞു. രേഷ്മ എന്ത് തിരുമാനമെടുത്താലും അവള്‍ക്കൊപ്പമാകും താനെന്നും ആര്യ ദക്യുവിനോട് പറഞ്ഞു. മത്സരത്തിനിടെ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് രേഷ്മ നേരത്തെ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആര്യയുടെ പ്രതികരണം.

ക്ഷമ പറയാന്‍ പോലും തയ്യാറായില്ല

രേഷ്മയുടെ കണ്ണില്‍ അദ്ദേഹം മുളക് തേക്കുന്നത് വീഡിയോയില്‍ തന്നെ വ്യക്തമായി കാണാം. അവിടെയുണ്ടായിരുന്നവര്‍ മാത്രമല്ല, പ്രേക്ഷകരും ഇത് കണ്ടതാണ്. മുളക് തേച്ചത് കണ്ണിലല്ല, കവിളിലാണെന്ന് രജിത് കുമാര്‍ പറയുന്ന വീഡിയോ ഞാനും കണ്ടിരുന്നു. ഇത്രയും സപ്പോര്‍ട്ട് ഉണ്ടായിരുന്ന ഒരാളെ കവിളില്‍ മുളക് തേച്ചു എന്ന് പറഞ്ഞ് പുറത്താക്കാന്‍ മണ്ടന്മാരൊന്നുമല്ല, ആ പ്രോഗ്രാമിന്റെ മുകളിലിരിക്കുന്നത്. അദ്ദേഹം കാരണം ടിആര്‍പി റേറ്റിങ് ഇത്രയും അധികം ഉണ്ടായിരുന്ന ഒരു ഷോയാണ്, ശക്തനായ ഒരു മത്സരാര്‍ത്ഥിയാണ് അങ്ങനെയൊരാളെ കവിളില്‍ മുളക് തേച്ചു എന്ന് പറഞ്ഞ് ആരും പുറത്താക്കില്ല, അത് സാമാന്യ ബുദ്ധിയാണ്.

ഷോയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കില്‍ അത്രയും ഗുരുതരമായ കാര്യം അദ്ദേഹം ചെയ്തത് കൊണ്ടാണ്. അത് പ്രൊഡക്ഷന്‍ സൈഡിന് ബോധ്യപ്പെട്ടതുകൊണ്ടാണ്. അദ്ദേഹത്തെ പുറത്താക്കി എന്നത് പോലും ഞങ്ങള്‍ അറിയുന്നത് ബിഗ് ബോസ് അനൗണ്‍സ് ചെയ്യുമ്പോള്‍, പ്രേക്ഷകര്‍ക്കൊപ്പമാണ്. നിയമം തെറ്റിച്ചത് കൊണ്ട് അദ്ദേഹത്തെ പുറത്താക്കുന്നു എന്നായിരുന്നു പറഞ്ഞത്.

സംഭവം നടക്കുമ്പോള്‍, ആ കുട്ടി അത്രയ്ക്ക് കരഞ്ഞ് വെപ്രാളപ്പെട്ടിട്ടും രജിത് കുമാര്‍ എന്ന് പറയുന്നയാള്‍ ഒന്ന് പോയി നോക്കുക പോലും ചെയ്തിരുന്നില്ല. ഓകെയാണോന്ന് നോക്കുകയോ ക്ഷമ പറയുകയോ പോലും ചെയ്തില്ല. അപ്പോഴും അദ്ദേഹം പറഞ്ഞത് പേടിക്കേണ്ട മുളകാണ് കഴുകിയാല്‍ പോകും എന്നാണ്.

ആര്യ

പിന്നീട് ലാലേട്ടനൊപ്പം വീക്കെന്‍ഡ് എപ്പിസോഡിലാണ് അദ്ദേഹം ക്ഷമ പറഞ്ഞത്. കണ്ണ് ദാനം ചെയ്യാം, ചെയ്തത് തെറ്റായി പോയി, രേഷ്മയുടെ വീട്ടില്‍ ചെന്ന് അച്ഛനെയും അമ്മയെയും കണ്ട് മാപ്പ് പറയാം എന്നൊക്കെ അന്ന് പറഞ്ഞു. പക്ഷെ ഇന്ന് വരെയും രേഷ്മയെ ഒന്ന് വിളിക്കുകയോ രേഷ്മയുടെ മാതാപിതാക്കളെ വിളിച്ച് സംസാരിക്കുകയോ, കണ്ണ് ഓകെയാണോ എന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഷോയില്‍ തിരിച്ച് കയറാന്‍ വേണ്ടിയാണ് അന്ന് അത്രയും പാവമായി അഭിനയിച്ചതെന്നും അങ്ങനെയൊക്കെ പറഞ്ഞതെന്നും അപ്പോള്‍ തന്നെ വ്യക്തമാകും. സത്യസന്ധമായാണ് പറഞ്ഞിരുന്നതെങ്കില്‍, എന്ത് കൊണ്ട് പറഞ്ഞതു പോലെ ചെയ്തില്ല, ഇത്രയും നാളായില്ലെ ഒരു ഫോണ്‍ കോള്‍ എങ്കിലും ചെയ്യാമായിരുന്നില്ലെ?

രേഷ്മയെ ഇത് വളരെയധികം ബാധിച്ചു

ഞാനോരിക്കലും ഒരാളെ ജഡ്ജ് ചെയ്യുന്നതല്ല, നേരിട്ട് കണ്ടെന്ന ആളെന്ന നിലയ്ക്ക് ചിന്തിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. അത് നടക്കുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. കണ്ണിന് ഇന്‍ഫെക്ഷന്‍ വന്നിട്ട് മറ്റാര്‍ക്കും വേറെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല, പക്ഷെ രേഷ്മയുടെ കേസ് കുറച്ച് ക്രിട്ടിക്കല്‍ ആയിരുന്നു. രേഷ്മയുടെ കണ്ണിനെ ആ ഇന്‍ഫെക്ഷന്‍ വളരെയധികം ബാധിച്ചു, കോര്‍ണിയ ടിയറായി പോയി. ഈ വിവരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു, അവര്‍ ട്രീറ്റ്‌മെന്റിലാണെന്നൊക്കെയുള്ള വിവരങ്ങള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് കൃത്യമായി തന്നിരുന്നു. ഞങ്ങളെല്ലാവരും ഉള്ള സമയത്ത് തന്നെ ഡോക്ടര്‍മാര്‍ റെഗുലറായി അവിടെ വരികയും ചികിത്സ നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും രജിത് കുമാര്‍ എന്തിനാണ് അങ്ങനെ ചെയ്തത്?

അത് ഒരിക്കലും ഒരു അബദ്ധമായി എനിക്ക് തോന്നുന്നില്ല. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്, കണ്ണില്‍ മുളക് തേക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നു, രേഷ്മ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കണ്ണില്‍ തേച്ചേനെ എന്നാണ് അദ്ദേഹം പറഞ്ഞത്. കുസൃതി കാണിക്കുകയായിരുന്നു എന്നാണ് ന്യായീകരണമായി പറഞ്ഞത്. ഇത് എന്ത് തരത്തിലുള്ള കുസൃതിയാണ്? കൊച്ചുകുട്ടികളായി അഭിനയിക്കാന്‍ മാത്രമാണ് ആ ടാസ്‌കില്‍ പറഞ്ഞത്. ഇതിന് ഇങ്ങനെയൊക്കെ ചെയ്താല്‍ എങ്ങനെ ന്യായീകരിക്കാനാകും?

ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള ആളല്ലെ അദ്ദേഹം, ഞങ്ങളുടെ വീട്ടില്‍ ഏറ്റവും മുതിര്‍ന്നയാള്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. രേഷ്മയെ ഇത് വളരെയധികം ബാധിച്ചു. ആ കുട്ടിയുടെ കരിയറിനെ ബാധിച്ചു. ഇപ്പോള്‍ 20% കാഴ്ച ശക്തിയില്ല ആ കുട്ടിക്ക്.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു വിഭാഗം ഇപ്പോഴും കുറ്റപ്പെടുത്തുന്നത് രേഷ്മയെയാണ്, അതെന്തിനാണെന്ന് മനസിലാകുന്നില്ല. അവര്‍ പ്രതികരിക്കുന്ന ഭാഷ വളരെ മോശമാണ്. ശാരീരികമായും മാനസികമായും ആ കുട്ടിയെ അത് ബാധിച്ചിട്ടുണ്ട്. അത് ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ അങ്ങനെയല്ല ചെയ്തത് എന്നൊക്കെ പറഞ്ഞ് ഇപ്പോഴും അതിനെ ന്യായീകരിക്കുന്നുണ്ട്. കള്ളം പറയുന്നതെന്തിനാണ്? ഞങ്ങള്‍ നൂറു ശതമാനം അവളെ പിന്തുണക്കുന്നുണ്ട്. അവളുടെ ഭാഗത്താണ് ന്യായമുള്ളത്. നിയമനടപടി എടുക്കണോ വേണ്ടയോ എന്നൊക്കെയുള്ളത് അവളുടെ തീരുമാനമാണ്. അതെന്തായാലും അതിന്റെ കൂടെ നില്‍ക്കാനാണ് എനിക്ക് താല്‍പര്യം.

രജിത് കുമാര്‍ കാര്യങ്ങള്‍ മാറ്റിപ്പറയും

രജിത് കുമാര്‍ കാര്യങ്ങള്‍ മാറ്റിപ്പറയുന്നകാര്യം ബിസ് ബോസ് ഷോയുടെ സമയത്ത് തന്നെ ഞങ്ങള്‍ക്ക് മനസിലായതാണ്. അദ്ദേഹം ഒരിക്കല്‍ പറയുന്നതല്ല, പിന്നീട് പറയുന്നത്. അതുകൊണ്ട് തന്നെ രേഷ്മയുടെ വിഷയത്തില്‍ അദ്ദേഹമിപ്പോള്‍ കാര്യങ്ങള്‍ മാറ്റിപ്പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല.

ഗെയിമിനുള്ള ജയിക്കാനായി അദ്ദേഹത്തിന്റെ ഒരു തന്ത്രമായാണ് അന്ന് ഇതൊക്കെ കണ്ടത്. ഒരു മത്സരാര്‍ത്ഥി എന്നുള്ള നിലയില്‍ ആദ്യം ഒരു കാര്യം പറയുന്നു, പിന്നെ അത് മാറ്റിപ്പറയുന്നു. അദ്ദേഹത്തിന്റ പേഴ്‌സണല്‍ കാര്യങ്ങളില്‍ പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. പരിപാടി തുടങ്ങിയ സമയത്ത് ഞങ്ങളെല്ലാം പരിചയപ്പെടുമ്പോള്‍, അവിവാഹിതനാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് ഒരു ദിവസം അബദ്ധത്തിലാണ് എന്റെ ഭാര്യ എന്ന വാക്ക് അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്നു പോയത്. അതിനെ കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയതാണെന്ന് പറഞ്ഞു.

പിന്നീട് രണ്ട് മക്കളുണ്ട്, രണ്ടും അബോഷനായി എന്ന കഥകളൊക്കെ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തന്നെ മാറ്റിപ്പറഞ്ഞു അത് അങ്ങനെയല്ല, ഒരു കുഞ്ഞ് അദ്ദേഹത്തിന്റെയും, ഒരു കുഞ്ഞ് അവരുടെ രണ്ടാമത്തെ വിവാഹത്തിലെയാണെന്നുമൊക്കെ. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ വരുന്ന ഈ വൈരൂദ്ധ്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമേയല്ല. ഇത് അദ്ദേഹം സ്ഥിരമായി ചെയ്യുന്നതാണ്. മത്സരത്തിന്റെ ഭാഗമായി ഇമേജ് നിലനിര്‍ത്താന്‍ ചെയ്യുന്നതാണെന്നാണ് അന്ന് കരുതിയിരുന്നത്, പക്ഷെ ഗെയിമൊക്കെ കഴിഞ്ഞ് ഇത്രയും നാളായി ഞങ്ങളെല്ലാവരും അതില്‍ നിന്ന് പുറത്തുവന്നു, പക്ഷെ അദ്ദേഹം ഇപ്പോഴും അവിടെ തന്നെ നില്‍ക്കുകയാണ്.

രേഷ്മക്കൊപ്പമുണ്ടാകും, രജിത് ആര്‍മി പെയ്ഡ് മാര്‍ക്കറ്റിങ്: ആര്യ
'നാളെ കണ്ണില്‍ മുളക് തേച്ചിട്ടില്ലെന്നും പറയും, ഇനി സഹിക്കാന്‍ വയ്യ'; രജിത് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി രേഷ്മ രാജന്‍

രജിത് കുമാറിന്റെ സ്ത്രീവിരുദ്ധത

ഞങ്ങള്‍ സ്വന്തമായ അഭിപ്രായങ്ങള്‍ ഉള്ള ആളുകളാണ്. ഞങ്ങള്‍ അത് പറയുമ്പോള്‍ അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്, നീയൊരു പെണ്ണാണ് എന്ന ഭാവം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഈ കാര്യങ്ങളില്‍ പോലും അദ്ദേഹം വാക്കുകള്‍ മാറ്റി പറയുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ബിഗ് ബോസ് തുടങ്ങുന്ന സമയത്ത്, ജീന്‍സ് ഇടരുതെന്നും അതിന്റെ ദോഷങ്ങളുമൊക്കെ പറഞ്ഞ് ഞങ്ങളെ വിളിച്ചിരുത്തി ഉപദേശങ്ങളൊക്കെ തന്നിരുന്നു. എന്നാല്‍ അവസാനത്തെ ആഴ്ചകളൊക്കെ ആയ സമയത്ത് ജീന്‍സിടുന്നതിനൊന്നും കുഴപ്പമില്ല എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഇതിലൊന്നും വല്യ കാര്യമൊന്നുമില്ലെന്ന് പറഞ്ഞ് പ്ലേറ്റ് കംപ്ലീറ്റ് മാറ്റുകയായിരുന്നു. ഇതില്‍ ഏതാണ് ശരിക്കുമുള്ള രജിത് കുമാറെന്ന് ഞങ്ങള്‍ മനസിലായിട്ടില്ല എന്നതാണ് വാസ്തവം.

സ്ത്രീവിരുദ്ധത എന്ന് പറയാനാകുമോ എന്നെനിക്കറിയില്ല, കാരണം അദ്ദേഹം അമ്മയെ വളരെയധികം സ്‌നേഹിക്കുന്ന, ആരാധിക്കുന്നയാളാണ്. അമ്മയുടെ കാര്യം പറയുമ്പോഴൊക്കെ അദ്ദേഹം ഇമോഷണല്‍ ആകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അക്കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്.

ഓരോ മത്സരാര്‍ത്ഥിയെയും അദ്ദേഹം പേഴ്‌സണലീ അറ്റാക്ക് ചെയ്തിട്ടുണ്ട്. രേഷ്മയാണെങ്കിലും മഞ്ജു ചേച്ചിയാണെങ്കിലും ഒക്കെ അദ്ദേഹം പേഴ്‌സണലി എവിടെയൊക്കെ ഇടിച്ചു താഴ്ത്താന്‍ പറ്റുമോ അതൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ ഗെയിമിന്റെ ഭാഗമാണെന്നാണ് ഞാന്‍ കരുതിയത്. പേഴ്‌സണലി രജിത് കുമാര്‍ ആരാണെന്ന് എനിക്കറിയില്ല. ബിഗ് ബോസില്‍ കണ്ട രജിസ് കുമാര്‍ നല്ല ഒന്നാന്തരം പ്ലെയറാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രജിത് കുമാര്‍ ആര്‍മി

അത് ഒരു പരിധിവരെ പെയ്ഡ് മാര്‍ക്കറ്റിങ് സ്ട്രാറ്റജി ആയിരുന്നു എന്നാണ് ഞങ്ങള്‍ എല്ലാവരും മനസിലാക്കിയത്. പെയ്ഡ് മാര്‍ക്കറ്റിങ് ടീമിനകത്തുള്ള പല കുട്ടികള്‍ തന്നെ പിന്നീട് ഞങ്ങളോട് വന്ന് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിനെ പെയ്ഡ് പിആര്‍ എന്ന് പറയും. ഇതൊക്കെ ഇത്തരം മത്സരങ്ങളുടെ ഭാഗമാണ്.

രജിത് ആര്‍മി എന്ന് പറയുന്ന ആളുകളെ ഇപ്പോള്‍ കാണുന്നില്ല, വലിയ നെഗറ്റീവ് കമന്റുകളോ തെറിവിളികളോ ഇല്ല. ഷോയുടെ സമയത്തുണ്ടായ പോലെ ഇപ്പോള്‍ ഇല്ല. ഇതന്വേഷിച്ചപ്പോഴാണ് ഇക്കാര്യം ഞങ്ങള്‍ക്ക് മനസിലായത്. ഒരു നിശ്ചിത സമയത്തേക്കാണ് അവര്‍ക്ക് പണം നല്‍കിയിരുന്നതെന്നാണ് ഞങ്ങളോട് സംസാരിച്ച കുട്ടികള്‍ പറഞ്ഞത്. ഭൂരിഭാഗം മോശം കമന്റുകളും വന്നിരുന്നത് ഫെയ്ക് അക്കൗണ്ടില്‍ നിന്നായിരുന്നു. ഞാന്‍, വീണ, മഞ്ജു ചേച്ചി, എലീന, അങ്ങനെ എല്ലാവരും സൈബര്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ കേസുകള്‍ വഴിയൊക്കെയാണ് ഇത് പെയ്ഡ് പിആര്‍ വര്‍ക്ക് ആയിരുന്നു എന്ന് കണ്ടുപിടിച്ചതും. ഇത് ആര് പണം കൊടുത്ത് ആരുടെ പിആര്‍ ആണ് ഇതിനെകുറിച്ചൊന്നും ഞങ്ങള്‍ക്ക് ഇപ്പോഴും ധാരണയില്ല.

Related Stories

The Cue
www.thecue.in