സമരങ്ങളില്‍ നിന്നും വിട്ട് നിന്ന് ശോഭ സുരേന്ദ്രന്‍; ഒഴിഞ്ഞുമാറി ബിജെപി; സുരേന്ദ്രനോടുള്ള വിയോജിപ്പെന്ന് സൂചന

സമരങ്ങളില്‍ നിന്നും വിട്ട് നിന്ന് ശോഭ സുരേന്ദ്രന്‍; ഒഴിഞ്ഞുമാറി ബിജെപി; സുരേന്ദ്രനോടുള്ള വിയോജിപ്പെന്ന് സൂചന

സ്വര്‍ണക്കടത്തില്‍ ബിജെപി നടത്തുന്ന സമരങ്ങളില്‍ നിന്നും വിട്ടുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ട ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുണ്ടെന്നും ആരും ഒഴിവാക്കിയിട്ടില്ലെന്നുമാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് മറുപടി നല്‍കിയത്.

പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയ ഒഴിവിലേക്ക് കെ സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയുമായിരുന്നു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സ്‌ന്തോഷ് കരുക്കള്‍ നീക്കിയാണ് കെ സുരേന്ദ്രനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവന്നതെന്നാണ് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതും ശോഭ സുരേന്ദ്രനെ ഒതുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് കരുതുന്നത്. ഇതോടെയാണ് പാര്‍ട്ടി പരിപാടികളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ടുനിന്നത്. ചാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കാറില്ല.

ബിജെപിയിലെ ഗ്രൂപ്പുകളില്‍ നേരത്തെ വി മുരളീധരനൊപ്പം ശോഭ സുരേന്ദ്രന്‍.സംസ്ഥാന പ്രസിഡന്റ് പദവിയിലെ വി മുരളീധരന്റെ രണ്ടാമൂഴത്തിലാണ് ശോഭ സുരേന്ദ്രനുമായി തെറ്റുന്നത്. വി മുരളീധരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റുകയാണെങ്കില്‍ ശോഭ സുരേന്ദ്രനെ പരിഗണിക്കാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിലെ ചര്‍ച്ച. മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ നിര്‍ദേശിച്ചാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞത്. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ ഒ രാജഗോപാല്‍ ശോഭ സുരേന്ദ്രന്റെ പേര് നിര്‍ദേശിക്കാതെ വി മുരളീധരനെ പിന്തുണച്ചു. അതോടെ വി മുരളീധരനുമായും ഒ രാജഗോപാലുമായി തെറ്റി പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കി. വി മുരളീധര വിരുദ്ധപക്ഷമായ കൃഷ്ണദാസുമായി സഹകരിച്ച് കുറച്ച് കാലം നിന്നു. കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതോടെ പൂര്‍ണമായും പാര്‍ട്ടി വേദികളില്‍ നിന്നും മാറി നിന്നു.

ദേശീയ പദവിയിലേക്ക് പരിഗണിച്ച് അതൃപ്തി പരിഹരിക്കുമെന്നാണ് ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കോ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്കോ ശോഭ സുരേന്ദ്രനെ പരിഗണിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി അടുപ്പമുള്ള നേതാവ് എന്ന നിലയില്‍ ശോഭ സുരേന്ദ്രനെ വിട്ടുനില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ കരുതുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in