'നിന്റെ സങ്കടം എന്നോട് പറയേണ്ടെന്ന് കമറുദ്ദീന്‍ പറഞ്ഞു'; സ്വര്‍ണ്ണം ലഭിക്കാതെ മകളുടെ കല്യാണം മാറ്റിവെച്ച ഖദീജ പറയുന്നു

'നിന്റെ സങ്കടം എന്നോട് പറയേണ്ടെന്ന് കമറുദ്ദീന്‍ പറഞ്ഞു'; സ്വര്‍ണ്ണം ലഭിക്കാതെ മകളുടെ കല്യാണം മാറ്റിവെച്ച ഖദീജ പറയുന്നു

എംസി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പിലെ ഫാഷന്‍ ജ്വല്ലറിയിലെ ചിട്ടയില്‍ നിന്നും സ്വര്‍ണം ലഭിക്കാത്തതിനാല്‍ മകളുടെ കല്യാണം ഓരോ മാസവും മാറ്റിവെയ്ക്കുകയാണ് ചെറുവത്തൂരിലെ 39കാരി ഖദീജ. അടുത്ത മാസമെങ്കിലും വിവാഹം നടത്താനാണ് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് ജോലികള്‍ക്കും പോയി ലഭിച്ച കൂലിയില്‍ നിന്നും മിച്ചംവെച്ച തുകയാണ് എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ചത്. ജ്വല്ലറി നഷ്ടത്തിലായി അടച്ചു പൂട്ടാലിലേക്ക് നീങ്ങുമ്പോഴാണ് ഖദീജയെ നിക്ഷേപ പദ്ധതിയില്‍ അംഗമാക്കിയത്.

2017ല്‍ അനിയത്തിയുടെ കുഞ്ഞിന് സ്വര്‍ണ്ണം വാങ്ങാന്‍ വേണ്ടി ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പോയപ്പോഴാണ് ഖദീജയോട് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയെ കുറിച്ച് ജീവനക്കാര്‍ പറയുന്നത്. മാസത്തില്‍ ചെറിയ തുക നിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പണിക്കൂലിയില്ലാതെ സ്വര്‍ണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എംസി കമറുദ്ദീന്റെ സ്ഥാപനമാണെന്നും അറിയിച്ചു. അവരിലുള്ള വിശ്വാസം കാരണമാണ് ചേര്‍ന്നത്. 31000 രൂപ അടച്ചു. 2019 നവംബര്‍ വരെ പണം നല്‍കി.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 1000 രൂപ തവണകളായി അടയ്ക്കാനായിരുന്നു ജ്വല്ലറിയില്‍ നിന്നും ആവശ്യപ്പെട്ടത്. തൊഴിലുറപ്പിനും മറ്റ് ജോലികള്‍ക്കും പോയി കിട്ടുന്ന കൂലിയില്‍ നിന്നും 4000 രൂപ വരെ ഖദീജ അടച്ചിരുന്നു. മകളുടെ വിവാഹമായിരുന്നു സ്വപ്നം. ഒരുതരി പൊന്നില്ലാതെ മകളെ വിവാഹം കഴിപ്പിക്കാനാവില്ലെന്നതിനാലാണ് ഖദീജ മിച്ചംവെച്ച തുക ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ചത്.

പണം അടച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. അടുത്ത മാസം മകളുടെ വിവാഹമാണ്. എന്തുചെയ്യണമെന്നറിയില്ല.

ഖദീജ

മകനും മകളുമാണ് ഖദീജയ്ക്കുള്ളത്. ഭര്‍ത്താവ് ഉപേക്ഷിച്ച പോയതിന് ശേഷം കുടുംബ വീട്ടിലാണ് താമസം. മീന്‍ വില്‍പ്പന നടത്തുന്ന പിതാവിന് പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. കൂട്ടുകുടുംബമാണെന്ന് ഖദീജ പറയുന്നു. മകളെങ്കിലും രക്ഷപ്പെടട്ടെയെന്ന് കരുതി. സഹായിക്കാനും ആരുമില്ല. കല്യാണം എങ്ങനെ നടത്തുമെന്നറിയാതെ വിഷമത്തിലാണ്.

ഈ മാസമായിരുന്നു മകളുടെ കല്യാണം നടക്കേണ്ടിയിരുന്നത്. ബുദ്ധിമുട്ട് കാരണം മാറ്റിവെച്ചു. അടുത്ത മാസം നടത്തണമെന്നാണ് പയ്യന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുചെയ്യണമെന്നറിയില്ല.

ഖദീജ

ജ്വല്ലറി ബിസിനസ് പൊളിയുന്നത് ഖദീജ അറിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പറഞ്ഞ് അറിഞ്ഞപ്പോള്‍ ജ്വല്ലറിയില്‍ ചെന്ന അന്വേഷിച്ചു. കടയില്‍ സ്വര്‍ണ്ണമൊന്നും കാണുന്നുണ്ടായിരുന്നില്ല. മാനേജരോട് അന്വേഷിച്ചപ്പോള്‍ പുതിയത് വരും എന്നായിരുന്നു മറുപടി ലഭിച്ചത്.

പൊളിഞ്ഞ സമയത്തും 4000 രൂപ എന്നോട് വാങ്ങി. ഓരോ പണം ചെയ്ത് കിട്ടുന്ന പൈസ ഇങ്ങനെ പോയിപ്പോകുമ്പോള്‍ വല്ലാത്ത വിഷമമല്ലേ. ജീവിതം തന്നെ വല്ലാത്ത ബുദ്ധിമുട്ടിലാകുകയാണ്.

ഖദീജ

ജനുവരി 10ന് ഖദീജ പൂക്കോയ തങ്ങളുടെ വീട്ടില്‍ എത്തി. പണം നഷ്ടപ്പെടില്ലെന്നും 25ാം തിയ്യതി പുതിയ ഷോറൂം തുടങ്ങുമെന്നും അപ്പോള്‍ സ്വര്‍ണം തരാമെന്നും പറഞ്ഞു. താന്‍ ഇവിടെ തന്നെയുള്ള ആളാണെന്നും ഭയപ്പെടേണ്ടെന്നും ഉറപ്പു നല്‍കിയതോടെ ഖദീജ വീട്ടിലേക്ക് മടങ്ങി. പുതിയ ഷോറൂം തുടങ്ങാന്‍ വേണ്ടി അടച്ചിട്ടതാണെന്നും ഖദീജയെ വിശ്വസിപ്പിച്ചു. ജനുവരി 25ന് ശേഷം ഷോറൂം തുറക്കാതായതോടെ ഫോണില്‍ തങ്ങളെ വിളിച്ചു. എടുക്കാതിരുന്നതോടെ നേരിട്ട് കാണാന്‍ മൂന്ന് തവണ വീട്ടില്‍ പോയി. ഗേറ്റ് തുറന്നില്ല. പിന്നീട് എംസി കമറുദ്ദീന്‍ എംഎല്‍എയെ വിളിച്ചു. പൂക്കോയ തങ്ങളെ കാണാനായിരുന്നു മറുപടി ലഭിച്ചത്. വീണ്ടും തങ്ങളുടെ വീട്ടിലെത്തി. കാണാന്‍ തയ്യാറായില്ല. കമറുദ്ദീനെ ഇക്കാര്യം വിളിച്ചറിയിച്ചപ്പോള്‍' നിന്റെ സങ്കടങ്ങള്‍ എന്നോട് പറയേണ്ടെന്നായിരുന്നു മറുപടി'യെന്ന് ഖദീജ പറയുന്നു. താന്‍ ജ്വല്ലറിയുടെ ആളല്ലെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

എംസി കമറുദ്ദീന്‍ ഉണ്ടെന്ന ഉറപ്പിലാണ് ഇതില്‍ കൂടിയത്. നല്ല നേതാക്കളല്ലേയെന്ന് വിചാരിച്ചു. ഇവര് ചതിക്കുമെന്ന് ഞങ്ങള് കരുതിയില്ലെന്ന് ഖദീജ പറയുന്നു.

(വാര്‍ത്തയില്‍ ഫോട്ടോ ഉള്‍പ്പെടുത്തരുതെന്ന ഖദീജയുടെ അഭ്യര്‍ത്ഥന പ്രകാരം ചേര്‍ക്കുന്നില്ല)

Related Stories

The Cue
www.thecue.in