ജലീല്‍ അഭിമുഖം നല്‍കിയ മാധ്യമപ്രവര്‍ത്തകയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയാക്കി ജന്‍മഭൂമി; നിയമനടപടി സ്വീകരിക്കുമെന്ന് കെകെ ഷാഹിന

ജലീല്‍ അഭിമുഖം നല്‍കിയ മാധ്യമപ്രവര്‍ത്തകയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയാക്കി ജന്‍മഭൂമി; നിയമനടപടി സ്വീകരിക്കുമെന്ന് കെകെ ഷാഹിന

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ അഭിമുഖം നല്‍കിയ ദ ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍ കെ കെ ഷാഹിനയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയാക്കി ജന്‍മഭൂമി. മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന കെടി ജലീല്‍ മൗദൂദി മാധ്യമപ്രവര്‍ത്തക വിളിച്ചപ്പോള്‍ സത്യവും അസത്യവും മണിമണി പോലെ വിളിച്ചു പറഞ്ഞുവെന്ന് ജന്‍മഭൂമി പരിഹസിക്കുന്നു.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയാണെന്ന് അസത്യം പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ഷാഹിന ദ ക്യുവിനോട് പറഞ്ഞു.

'മാധ്യമങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് ജലീല്‍; ഷാഹിന ചോദിച്ചാല്‍ മണിമണി പോലെയെന്ന' തലക്കെട്ടിലാണ് ജന്‍മഭൂമിയിലെ റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികളുടെ മൊഴിമാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ച് കര്‍ണാടക പൊലീസ് ഷാഹിനയ്‌ക്കെതിരെ കേസെടുത്തു,സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളും ആരോപിക്കപ്പെട്ടിരുന്നുവെന്നുമാണ് ജന്‍മഭൂമിയിലെ റിപ്പോര്‍ട്ടിലുള്ളത്. കെ കെ ഷാഹിന വ്യാജ വാര്‍ത്തകള്‍ എഴുതുന്നതില്‍ മിടുക്കിയാണെന്ന് റിപ്പോര്‍ട്ടില്‍ അധിക്ഷേപിക്കുന്നുണ്ട്. കേരളം മികച്ചതാണെന്ന് അന്താരാഷ്ട്ര മാധ്യമ വാര്‍ത്തയ്ക്ക് പിന്നില്‍ ഷാഹിനയാണെന്നും ജന്‍മഭൂമി കുറ്റപ്പെടുത്തുന്നു.

നിയമവിദഗ്ധരുമായി ആലോചിച്ച് ജന്‍മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ഷാഹിന പ്രതികരിച്ചു. ആളുകള്‍ക്കെതിരെ പച്ചക്കളം പ്രചരിപ്പിക്കുന്ന പത്രമാണ് ജന്‍മഭൂമി. ബാംഗ്ലൂര്‍ സ്‌ഫോടന കേസ് പ്രതിയാണെന്ന് ആവര്‍ത്തിച്ച് എഴുതാറുണ്ട്. ആ കേസില്‍ താന്‍ പ്രതിയല്ല. വര്‍ഗ്ഗീയവാദികളായ കുറച്ചു പേര്‍ മാത്രം വായിക്കുന്ന പത്രമാണത്. അവര്‍ തന്നെക്കുറിച്ച് എന്ത് വിചാരിച്ചാലും വിഷയമല്ലെന്നും കെ കെ ഷാഹിന പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in