ഞങ്ങളെ കൈവിട്ടു;ആരാണ് നീതി തരിക;ലീഗ് നേതൃത്വത്തോട്  നിക്ഷേപത്തട്ടിപ്പിന് ഇരകളായ പ്രവര്‍ത്തകര്‍
SPECIAL REPORT

ഞങ്ങളെ കൈവിട്ടു;ആരാണ് നീതി തരിക;ലീഗ് നേതൃത്വത്തോട് നിക്ഷേപത്തട്ടിപ്പിന് ഇരകളായ പ്രവര്‍ത്തകര്‍

എ. പി. ഭവിത

എ. പി. ഭവിത

മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനും സമസ്ത നേതാവ് ടി കെ പൂക്കോയ തങ്ങളും നേതൃത്വം നല്‍കുന്ന സ്ഥാപനം എന്നനിലയിലാണ് സജീവ ലീഗ് പ്രവര്‍ത്തകനായ ജമാല്‍ പറമ്പത്ത് ഫാഷന്‍ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചത്. പണം തിരിച്ചു നല്‍കാനുള്ള ഉത്തരവാദിത്വം എം സി കമറൂദ്ദിനെ ഏല്‍പ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം കൈ കഴുകിയെന്നാണ് ജമാല്‍ കരുതുന്നത്. ലീഗ് നേതാവായത് കൊണ്ടാണ് എം സി കമറുദ്ദീന്‍ തുടങ്ങുന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായതെന്നും ജമാല്‍ പാര്‍ട്ടി നേതൃത്വത്തെ ഓര്‍മ്മിക്കുന്നു.

കമറുദ്ദീന്‍ പണം തിരിച്ചു നല്‍കുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ലീഗിന്റെ അണികളുടെ പണമാണ്. അത് തിരിച്ച് കൊടുക്കാനുള്ള ഉത്തരവാദിത്വം ലീഗ് നേതൃത്വം ഏറ്റെടുക്കാത്തത് എന്തുകൊണ്ട്. കമറുദ്ദീന്‍ പണം തിരിച്ചു നല്‍കാത്തത് കൊണ്ടാണ് പരാതി നല്‍കിയത്. വീണ്ടും കമറുദ്ദീനെ തന്നെ ഏല്‍പ്പിക്കുന്നതിലൂടെ നേതൃത്വം ഞങ്ങളെ കൈവിട്ടിരിക്കുകയാണ്. പരാതി നല്‍കിയവരോട് മുസ്ലിം ലീഗ് നേതൃത്വം ഇങ്ങനെയല്ലായിരുന്നു പ്രതികരിക്കേണ്ടത്.

ജമാല്‍ പറമ്പത്ത്

മുസ്ലിം ലീഗ് നേതാവ് എന്ന നിലയില്‍ കെ സി കമറുദ്ദീനെ വര്‍ഷങ്ങളായി അറിയാം. പൂക്കോയ തങ്ങളും ചേര്‍ന്നുള്ള സ്ഥാപനത്തില്‍ ആ വിശ്വാസം കൊണ്ടാണ് പണം നിക്ഷേപിച്ചത്. പൊതുപ്രവര്‍ത്തകനായ ഒരാള്‍ തട്ടിപ്പ് നടത്തുമെന്ന് കരുതിയില്ല. ആ വിശ്വാസം കെണ്ടാണ് 50 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറായത്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ എഴുതി തന്നിട്ടും അത് വാങ്ങിയത് ലീഗ് നേതാക്കളായത് കൊണ്ടാണ്. ആ വിശ്വാസമാണ് തകര്‍ത്തതെന്നും ജമാല്‍ പറയുന്നു.

മുസ്ലിം ലീഗ് നേതാക്കള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പണം തിരികെ വാങ്ങി തരുമെന്നായിരുന്നു ഇന്നലെ വരെയുള്ള പ്രതീക്ഷ. അത് നഷ്ടപ്പെട്ടു. ആറുമാസം കൊണ്ട് തരാമെന്ന് രേഖാമൂലമെങ്കിലും ഉറപ്പ് നല്‍കാമായിരുന്നു. ഇലക്ഷന്‍ വരെ വിഷയം തണുപ്പിക്കാനാണ് ഈ നീക്കമെന്നും ജമാല്‍ ആരോപിക്കുന്നു.

കേസില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ നിക്ഷേപകര്‍. ലീഗ് നേതൃത്വം ഒഴിഞ്ഞു മാറുകയാണെന്ന് ചെറുവത്തൂരിലെ അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

ലീഗ് നേതാവായത് കൊണ്ടാണ് കമറുദ്ദീനില്‍ വിശ്വാസം ഉണ്ടായത്. പണം തിരിച്ചു നല്‍കാന്‍ നാല് മാസത്തെ സാവകാശമാണ് എം സി കമറുദ്ദീന്‍ ചോദിച്ചതെങ്കിലും ലീഗ് നേതൃത്വം അത് ആറുമാസമാക്കി നീട്ടി നല്‍കിയത്.

അബ്ദുള്‍ റഹ്മാന്‍

ലീഗ് കൈവിടുന്നത് കമറുദ്ദീനെയോ അണികളെയോ

എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജൂവലറിക്കെതിരായാണ് നിക്ഷേപ തട്ടിപ്പ് പരാതി.പരാതി നല്‍കുന്നതിന് മുമ്പ് മുസ്ലിം ലീഗിന്റെ ജില്ല- സംസ്ഥാന നേതാക്കളെ നിക്ഷേപകര്‍ സമീപിച്ചിരുന്നു. 33 പേരാണ് ആദ്യം പരാതി നല്‍കിയത്. ഇന്ന് 8 പേര്‍ കൂടി നിയമനടപടിക്ക് ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം.കേസ് അന്വേഷണവും വിവാദവും വന്നതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടു. നേരിട്ട് വിശദീകരിക്കാനെത്തിയ എംസി കമറുദ്ദീന്‍ എംഎല്‍എയെ മാധ്യമ ശ്രദ്ധ കിട്ടുമെന്ന കാരണത്താല്‍ ലീഗ് നേതൃത്വം തിരിച്ചയച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള നേതാക്കളും സംസ്ഥാന നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണ് എം സി കമറുദ്ദീന് മേല്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. ആറ് മാസം കൊണ്ട് നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കണം. ആസ്തിയും ബാധ്യതയും ഈ മാസം 30നകം സംസ്ഥാന നേതൃത്വത്തെ അറിയിക്കണം.സ്വന്തം ആസ്തി മതിയാകില്ലെങ്കില്‍ ബന്ധുക്കളില്‍ നിന്നും വാങ്ങണം. കേസിനെ കമറുദ്ദീന്‍ വ്യക്തിപരമായി നേരിടണം. തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് എംസി കമറുദ്ദീന്‍.

പലരുടെയും പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്നും നിക്ഷേപകര്‍ പറയുന്നു.നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. കേസ് കൊടുത്താല്‍ പണം നല്‍കില്ലെന്ന് എം സി കമറുദ്ദീന്‍ പറഞ്ഞുവെന്നും നിക്ഷേപകര്‍ പറയുന്നു.ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാവില്‍ നിന്നും ഉണ്ടാകേണ്ട പ്രതികരണമല്ല എം സി കമറുദ്ദീനില്‍ നിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ കമറുദ്ദീനെ മത്സരിപ്പിക്കാതിരുന്നാല്‍ ലീഗ് നേതൃത്വത്തിന് ഇതില്‍ നിന്നും തലയൂരാമെന്ന് നിക്ഷേപകര്‍ പറയുന്നു. 70 ശതമാനം ആളുകളും ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. പണം നഷ്ടപ്പെട്ടവര്‍ ആദ്യം ലീഗ് നേതാക്കള്‍ക്കാണ് പരാതി നല്‍കിയത്. പിന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതെന്നും നിക്ഷേപകര്‍ പറയുന്നു.

ചെയര്‍മാന്‍ എന്ന നിലയില്‍ തുടക്കത്തില്‍ മാത്രം നിക്ഷേപം സ്വീകരിച്ചിട്ടുള്ളുവെന്നാണ് എം സി കമറുദ്ദീനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എംഡിയായ പൂക്കോയതങ്ങളാണ് പിന്നീട് ബിസിനസ് നോക്കി നടത്തിയത്. ബിസിനസ് തകരുന്ന ഘട്ടത്തിലാണ് ചെയര്‍മാനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. അപ്പോഴേക്കും കൈവിട്ടു പോയെന്നും ഇവര്‍ പറയുന്നു. ബിസിനസ് തകരുമെന്ന സൂചന ലഭിച്ചപ്പോള്‍ നിക്ഷേപകരായ ലീഗ് നേതാക്കള്‍ പണം പിന്‍വലിച്ചതായും ആരോപണമുണ്ട്.

The Cue
www.thecue.in