തദ്ദേശ തെരഞ്ഞെടുപ്പ്: ആര്‍എംപി-യുഡിഎഫ് ജനകീയ മുന്നണി; ഒഞ്ചിയത്ത് തനിച്ച് മത്സരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: ആര്‍എംപി-യുഡിഎഫ് ജനകീയ മുന്നണി; ഒഞ്ചിയത്ത് തനിച്ച് മത്സരിക്കും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍എംപി-യുഡിഎഫിനൊപ്പം ചേര്‍ന്ന് ജനകീയ മുന്നണിയായി മത്സരിക്കും. ആര്‍എംപി ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്തില്‍ തനിച്ച് മത്സരിക്കാനാണ് ധാരണ. വോട്ടുകള്‍ ഭിന്നിക്കുന്നത് ഇടതുപക്ഷത്തിന് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഒന്നിച്ച് മത്സരിക്കാനുള്ള തീരുമാനം. നിയമസഭയിലേക്ക് വടകരയില്‍ കെ കെ രമയെ സ്ഥാനാര്‍ത്ഥിയാക്കാനും യുഡിഎഫ് നീക്കമുണ്ട്.

ഏറാമല,അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലാണ് യുഡിഎഫിനൊപ്പം മത്സരിക്കുന്നത്.ജനതാദള്‍ എല്‍ഡിഎഫിലെത്തിയതോടെയാണ് ഈ നീക്കം. വടകര മുനിസിപ്പാലിറ്റിയിലും ആര്‍എംപി യുഡിഎഫിന്റെ പിന്തുണ തേടിയിട്ടുണ്ട്. യുഡിഎഫ് പിന്തുണയോട് മത്സരിച്ചാല്‍ നാല് പഞ്ചായത്തുകളില്‍ അധികാരത്തിലെത്താമെന്നാണ് ആര്‍എംപിയുടെ കണക്ക് കൂട്ടല്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പഞ്ചായത്തുതലത്തിലും വാര്‍ഡുകളിലും ഒന്നിച്ചുള്ള സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് കൈമാറാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒഞ്ചിയം ഏരിയാ കമ്മിറ്റിക്ക് കീഴില്‍ നിന്നും സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം സിപിഎമ്മിന്റെ കോട്ടയായ ഒഞ്ചിയം പഞ്ചായത്തില്‍ ഭരണം നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നാല് പഞ്ചായത്തുകളിലും യുഡിഎഫുമായി രഹസ്യധാരണ ഉണ്ടായിരുന്നു.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍എംപിക്ക് ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ പിന്തുണ വേണ്ടെന്ന് കെ കെ രമ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഘടകകക്ഷികള്‍ ആര്‍എംപിയെ പിന്തുണയ്ക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം മത്സരിച്ച ജനതാദള്‍ ഇടതുപക്ഷത്തേക്ക് വന്നതോടെയാണ് ഏറാമല, അഴിയൂര്‍,ചോറോട്പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബ്ലോക്ക് പഞ്ചായത്തിലും വിജയിക്കാനും കഴിയുമെന്നാണ് ആര്‍എംപിയും യുഡിഎഫും കണക്കുകൂട്ടുന്നത്. ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ടതിന് ശേഷം ഒഞ്ചിയത്തെ നാല് പഞ്ചായത്തുകളിലെ ഭരണം നേടുകയെന്നത് അഭിമാന പ്രശ്‌നമായാണ് സിപിഎം നേതൃത്വവും കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in