'ആത്മഹത്യയുടെ വക്കിലാണ് ഞങ്ങള്‍'; ശമ്പളം നല്‍കാതെയും ബോണസ് തടഞ്ഞും പീഡനമെന്ന് ചോയ്‌സ് സ്‌കൂള്‍ ജീവനക്കാര്‍
Special Report

'ആത്മഹത്യയുടെ വക്കിലാണ് ഞങ്ങള്‍'; ശമ്പളം നല്‍കാതെയും ബോണസ് തടഞ്ഞും പീഡനമെന്ന് ചോയ്‌സ് സ്‌കൂള്‍ ജീവനക്കാര്‍

 ജെയ്ഷ ടി.കെ

ജെയ്ഷ ടി.കെ

Summary

ശമ്പളം നല്‍കാതെയും ബോണസ് പിടിച്ചുവെച്ചും ഒരു വിഭാഗം ജീവനക്കാരോട് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ അധികൃതര്‍ വിവേചനം കാണിക്കുന്നുവെന്ന് പരാതി.

സ്‌കൂളില്‍ താഴെക്കിടയിലുള്ള നോണ്‍ടീച്ചിങ് വിഭാഗത്തിലെ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടും പകുതി ശമ്പളം മാത്രമാണ് കഴിഞ്ഞ മാസം നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

പതിനയ്യായിരവും പതിനാറായിരവുമൊക്കെ ശമ്പളം വാങ്ങുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. എല്ലാവരും സാധാരണക്കാരാണ്, ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും സ്‌കൂളിലെ ഡ്രൈവറും കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് യൂണിയന്‍ (കെയുഎസ്ടിയു) ഭാരവാഹിയുമായ ആദര്‍ശ് ദ ക്യുവിനോട് പറഞ്ഞു.

ഡ്രൈവര്‍മാര്‍, സ്‌കൂളിലെ ആയമാര്‍, കിച്ചന്‍ സ്റ്റാഫ്, പ്ലംബിങ്-ഇലക്ടിക് ജോലികള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ 150ഓളം പേരുടെ ശമ്പളമാണ് കട്ട് ചെയ്തിരിക്കുന്നത്. താഴെക്കിടയില്‍ ജോലി ചെയ്യുന്ന തങ്ങളെ മാനേജ്മെന്റ് തഴഞ്ഞിരിക്കുകയാണെന്നും ആദര്‍ശ് പറയുന്നു.

'മാനേജ്‌മെന്റ് ഇതുവരെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ ജീവനക്കാര്‍ക്കും ഒരുമിച്ച് വരാന്‍ സാധിക്കാത്തതിനാല്‍ ഒരാള്‍ക്ക് മാസത്തില്‍ 15 ദിവസം ഡ്യൂട്ടിയാണ് ഉള്ളത്. എന്നാല്‍ ഷിഫ്റ്റിന് സമയമൊന്നുമില്ല, ഈ സമയമൊക്കെ ഒരു പരാതിയുമില്ലാതെ ജോലി ചെയ്തിരുന്നു. സ്‌കൂള്‍ തുറന്നിട്ടില്ലാത്തതിനാല്‍ ഡ്രൈവര്‍മാരെ കൊണ്ടുള്‍പ്പടെ മറ്റ് ജോലികളാണ് ചെയ്യിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോസ് ഉണ്ടാക്കി സ്‌കൂള്‍ പുറത്തേക്ക് കയറ്റി അയക്കുന്നുണ്ട്, അതിന് വേണ്ട ജോലികളും, ലോഡിങും, പുല്ലുവെട്ടലും അങ്ങനെ എല്ലാ പണികളും ചെയ്യിക്കുന്നുണ്ട്. അതിനൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷെ, ഓണമായിട്ടും ഈ മാസം പകുതി ശമ്പളം കട്ട് ചെയ്താണ് ഞങ്ങള്‍ക്ക് തന്നിരിക്കുന്നത്. പതിനയ്യായിരവും പതിനാറായിരവുമൊക്കെ ശമ്പളം വാങ്ങുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് അതു പോലും കിട്ടിയില്ലെങ്കില്‍ അവസ്ഥ വളരെ മോശമാകും. ബോണസ് പോലും തന്നിട്ടില്ല.

ഞങ്ങള്‍ ആരോടും ഒന്നും പറയാതെയും ചോദിക്കാതെയുമാണ് ശമ്പളം കട്ട് ചെയ്തത്. 20,000 രൂപ ശമ്പളം വാങ്ങുന്ന എനിക്ക് കിട്ടിയത് 8600 രൂപയാണ്. ഞാന്‍ വാടകയ്ക്കാണ് താമസിക്കുന്നത്, ഇപ്പോള്‍ വാടക കൊടുക്കാന്‍ പോലും പൈസയില്ലാത്ത അവസ്ഥയാണ്. ലോണ്‍ ഉണ്ട്, ജോലിക്ക് പോകണമെങ്കില്‍ വണ്ടിക്ക് പെട്രോള്‍ അടിക്കണം, ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചെലവ് നോക്കണം. ഈ ബുദ്ധിമുട്ടുകളൊന്നും അവര്‍ക്ക് മനസിലാകില്ല.

ആത്മഹത്യയുടെ വക്കിലാണ് ഞങ്ങള്‍, ഒരു രക്ഷയുമില്ല. അടുത്ത മാസവും ഇതുപോലെയാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ പോലും സാധിക്കില്ല. ജോലി രാജിവെച്ച് പോകാനും നിവര്‍ത്തിയില്ല. അങ്ങനെയാണ് കുടുംബത്തിന്റെ അവസ്ഥ

താഴെക്കിടയിലുള്ള ജീവനക്കാരുടെ ശമ്പളം മാത്രമാണ് കട്ട് ചെയ്തിരിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെയൊന്നും ശമ്പളം കട്ട് ചെയ്തിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. എനിക്ക് 8000 രൂപ ശമ്പളം മാത്രം തരുമ്പോഴും, ഇവിടെ മാസം ചിലര്‍ ലക്ഷങ്ങള്‍ ശമ്പളം ഒരു രൂപ പോലും കുറവില്ലാതെ വാങ്ങുന്നുണ്ട്. വിശപ്പെന്താണെന്നോ, ഞങ്ങളുടെ കഷ്ടപ്പാട് എന്താണെന്നോ അവര്‍ മനസിലാക്കുന്നില്ല', ആദര്‍ശ് ദ ക്യുവിനോട്.

പിച്ചച്ചട്ടിയില്‍ നിന്ന് കയ്യിട്ട് വാരുക എന്ന സമീപനമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നതെന്ന് സ്‌കൂളിലെ മറ്റൊരു ജീവനക്കാരി പറയുന്നു. ഒരു മാസം 15 ദിവസം മാത്രമേ ജോലി ഉള്ളെങ്കിലും, ആ ദിവസങ്ങളില്‍ അവര്‍ പറയുന്ന ജോലിയെല്ലാം ചെയ്യണം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ പറഞ്ഞ ജോലികള്‍ എല്ലാം ചെയ്തു. എന്നിട്ട് ഓണമായപ്പോള്‍ ബോണസുമില്ല, മുഴുവന്‍ ശമ്പളവുമില്ല.

മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടാകാതിരുന്നതോടെ ജീവനക്കാര്‍ തിരുവോണനാളില്‍ ഉച്ചക്കഞ്ഞി വെച്ച് പ്രതിഷേധ സമരം നടത്തി. എന്നിട്ടും തങ്ങളോട് സംസാരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.

'പൊലീസിലെ ഉന്നതതലത്തില്‍ വരെ സ്‌കൂള്‍ മാനേജ്‌മെന്റിന് പിടിപാടുണ്ട്, അതുകൊണ്ട് പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ആയമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഭീതിയിലാണ്. ഞങ്ങളെ എന്തെങ്കിലും കള്ളക്കേസില്‍ കുടുക്കുമോ എന്നാണ് ഭയം. മാനേജ്‌മെന്റിന് താല്‍പര്യമില്ലാത്ത ജീവനക്കാരെ ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കി പുറത്താക്കുന്ന രീതി സ്‌കൂള്‍ നേരത്തെയും സ്വീകരിച്ചിട്ടുണ്ട്.

സ്‌കൂള്‍ പ്രതിസന്ധിയില്‍ ആയതുകൊണ്ടൊണ് ഞങ്ങള്‍ ശമ്പളം തരാത്തതെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ ഇവിടെ അതല്ല അവസ്ഥ. കുട്ടികളില്‍ നിന്ന് സ്‌കൂള്‍ മുഴുവന്‍ ഫീസും വാങ്ങുന്നുണ്ട്. പുസ്തകങ്ങളും മറ്റും വിറ്റും, കിച്ചനില്‍ സോസ് ഉണ്ടാക്കി വിറ്റും സ്‌കൂള്‍ ലാഭമുണ്ടാക്കുന്നുണ്ട്. തികച്ചും മാനുഷിക പരിഗണന നല്‍കാത്ത സമീപനമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്നത്', ജീവനക്കാര്‍ പറഞ്ഞു.

തിരുവോണ ദിവസം ജീവനക്കാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാനേജ്മെന്റ് വിവേചനം അവസാനിപ്പിക്കുക, ഞങ്ങളുടെ ശമ്പളം തിരിച്ചുതന്ന് നീതി കാണിക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയാണ് ചോയിസ് സ്‌കൂളിന് മുന്നില്‍ ഓണക്കഞ്ഞി സമരം നടന്നത്. നോണ്‍ ടീച്ചിംഗ് ജീവനക്കാര്‍ ഫേസ്ബുക്കിലും വാട്സ് ആപ്പ് സ്റ്റാറ്റസിലും പ്ലക്കാര്‍ഡേന്തിയ ചിത്രമിട്ട് പ്രതിഷേധം തുടരുന്നുണ്ട്.

ജീവനക്കാരുടെ പരാതിയിന്മേലുള്ള പ്രതികരണം തേടി ദ ക്യു ചോയ്‌സ് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.

The Cue
www.thecue.in