കൊന്നവര്‍ തന്നെ ഗുണ്ടയെന്നും കഞ്ചാവ് കേസിലെ പ്രതിയെന്നും അധിക്ഷേപിക്കുന്നു;നേതൃത്വത്തിന് പങ്കെന്ന് കൊല്ലപ്പെട്ട മിഥിലാജിന്റെ സഹോദരന്‍
SPECIAL REPORT

കൊന്നവര്‍ തന്നെ ഗുണ്ടയെന്നും കഞ്ചാവ് കേസിലെ പ്രതിയെന്നും അധിക്ഷേപിക്കുന്നു;നേതൃത്വത്തിന് പങ്കെന്ന് കൊല്ലപ്പെട്ട മിഥിലാജിന്റെ സഹോദരന്‍

എ. പി. ഭവിത

എ. പി. ഭവിത

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ കഞ്ചാവ് കേസിലെ പ്രതികളെന്നും ഗുണ്ടകളെന്നും അധിക്ഷേപിക്കുന്നുവെന്ന് മിഥിലാജിന്റെ സഹോദരന്‍ നിസാം ദ ക്യുവിനോട്. കൊന്നവര്‍ തന്നെയാണ് അധിക്ഷേപിക്കുന്നത്. ഇത് കുടുംബത്തിനുണ്ടാക്കുന്ന വിഷമം കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കണം. മിഥിലാജിന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുണ്ട്. അവരെ നാളെ ഇത് ബാധിക്കുമെന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കണമെന്നും നിസാം ദ ക്യുവിനോട് പറഞ്ഞു. ഇരട്ടക്കൊലയില്‍ രാഷ്ട്രീയമാനമില്ലെന്നും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലാണ് നടന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.

മരിച്ച് മിനിറ്റുകള്‍ക്കകം തന്നെ ഗുണ്ടാസംഘം എന്നും കഞ്ചാവ് കേസിലെ പ്രതികളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ഇത്തരത്തിലുള്ള ഏതെങ്കിലും കേസുണ്ടെന്ന തെളിയിക്കാന്‍ കഴിയുമോ. സിപിഎമ്മുകാരനോ ഡിവൈഎഫ്‌ഐക്കാരനോ അക്രമിക്കാപ്പെട്ടാല്‍ അത് കഞ്ചാവ് കേസും ഗുണ്ടാ സംഘവുമാക്കും. അത് സ്ഥിരമായിട്ടുള്ളതാണ്. കുടുംബത്തിന് വലിയ വിഷമമുണ്ടാക്കുന്നുണ്ട്. പ്രിയപ്പെട്ട ആള്‍ മരിച്ച് കുടുംബത്തിന്റെ വിഷമം അടങ്ങുന്നതിന് മുമ്പ് തന്നെ ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം എന്തായിരിക്കുമെന്ന് നേതാക്കള്‍ ആലോചിക്കണം. അവരുടെ കുടുംബത്തിലാണ് സംഭവിച്ചതെങ്കിലോയെന്നും നിസാം ചോദിക്കുന്നു.

കോണ്‍ഗ്രസുകാര്‍ തന്നെ ഗുണ്ടകളെ വെച്ച് വെട്ടിക്കൊന്നിട്ട് ജീവന്‍ നഷ്ടപ്പെട്ടവരാണ് ഗുണ്ടകളെന്ന് പ്രചരിപ്പിക്കുന്നതിന് എന്ത് തെളിവാണുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇവര്‍ ഗുണ്ടകളാണെങ്കില്‍ മാരകായുധങ്ങളുമായല്ലേ സഞ്ചരിക്കുക. അവരുടെ കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നോ
നിസാം

കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊന്നത്. പ്രദേശത്തെ ഡിവൈഎഫ്‌ഐയുടെ വളര്‍ച്ച കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നു. ഫൈസല്‍ വധശ്രമക്കേസിലെ പ്രതികളും യൂത്ത് കോണ്‍ഗ്രസായിരുന്നു. അതിന് മുമ്പും സംഘര്‍ഷം ഉണ്ടായിരുന്നു. മിഥിരാജിനും ഹക്കിനും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ട്. അത് ഡിവൈഎഫ്‌ഐക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് മനസിലാക്കി തടയിടാനാണ് അവരെ ഇല്ലാതാക്കിയത്. നേതൃത്വത്തിന് പങ്കില്ലാതെ ചെയ്യാനാകില്ല. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ ഗുണ്ടകളാണ്. ഗുണ്ടകളെ ഇറക്കിയാണ് കൊലപാതകം നടത്തിയത്. മിഥിരാജിനോ കുടുംബത്തിനോ മറ്റ് ശത്രുക്കളില്ല. പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുന്നവരാണ്. കൊന്നുകളയുമെന്ന് ഒരിക്കലും കരുതിയില്ല. കൊല്ലാന്‍ വേണ്ടി തന്നെയാണ് ആക്രമിച്ചതെന്നും നിസാം പറഞ്ഞു.

ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും ഹഖ് മുഹമ്മദ് സിപിഎം കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കഴുത്തിലും തലയിലും കൈയ്യിലും മാരകമായ മുറിവുകളേറ്റിട്ടുണ്ട്.

The Cue
www.thecue.in