വി മുരളീധരനെതിരായ ആരോപണത്തില്‍ മാത്രം പ്രതിരോധം മതിയെന്ന് ബിജെപി, ജനം ടിവിക്കും അനില്‍ നമ്പ്യാര്‍ക്കും വേണ്ട

വി മുരളീധരനെതിരായ ആരോപണത്തില്‍ മാത്രം പ്രതിരോധം മതിയെന്ന് ബിജെപി, ജനം ടിവിക്കും അനില്‍ നമ്പ്യാര്‍ക്കും വേണ്ട

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്നാ സുരേഷ് അനില്‍ നമ്പ്യാര്‍ക്കെതിരെ നല്‍കിയ മൊഴിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആശയക്കുഴപ്പം. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിക്ക് വേണ്ടി ഇടപെടാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്നിരുന്നു. അനില്‍ നമ്പ്യാരെ പ്രതിരോധിക്കേണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന നേതൃത്വം ആരോപണമുയര്‍ത്തിയ സാഹചര്യത്തില്‍ രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടി തീരുമാനം.

അനില്‍ നമ്പ്യാരെ കേസില്‍ ചോദ്യം ചെയ്യുമെന്ന് ബിജെപി നേതൃത്വത്തിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നടപടിയുണ്ടായത് നേതൃത്വത്തെ കുഴക്കി. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്രമന്ത്രി വി മുരളീധരനും പങ്കില്‍ സംശയമുന്നയിച്ചു. നയതന്ത്ര ബാഗേജല്ലെന്ന് മൊഴി നല്‍കാന്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. നയതന്ത്ര ബാഗേജ് അല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് വി മുരളീധരന്റെ ഇടപെടല്‍ സംശയാസ്പദമാണെന്ന് സിപിഎം ആരോപിക്കാന്‍ കാരണമാക്കിയിരുന്നത്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രീകരിച്ച് ചാനല്‍ ചര്‍ച്ചയിലും പുറത്തും വിമര്‍ശനം ശക്തമാക്കിയിരുന്ന ബിജെപിയെ വി.മുരളീധരനെതിരെ ആരോപണങ്ങള്‍ കേന്ദ്രീകരിച്ചത് പ്രതിരോധത്തിലാക്കി. ചാനല്‍ ചര്‍ച്ചകളില്‍ പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലേക്കെത്താന്‍ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞില്ല.

സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി നീങ്ങുന്നതിനിടെയുണ്ടായ തിരിച്ചടി മറികടക്കാനാണ് ജനം ടിവി ബിജെപി നേരിട്ട് നടത്തുന്ന ചാനലല്ലെന്ന് നേതൃത്വം തന്നെ ആവര്‍ത്തിച്ച് പറയുന്നത്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ഇതേ നിലപാടിലെത്തിയിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സിപിഐഎം നേതാക്കളുമായാണ് ബന്ധമെന്നും ബിജെപി വക്താവ് കൂടിയായ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പറഞ്ഞതും ഈ നീക്കത്തിന്റെ ഭാഗമാണ്. ജനം ടിവിയിലെ എഡിറ്റോറിയല്‍ നേതൃത്വത്തിലുണ്ടായിരുന്ന അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ ചാനലില്‍ നിന്നും മാറ്റിയതും ബിജെപിയുടെ നിര്‍ദേശ പ്രകാരമാണ്. കേസില്‍ പ്രതിയാകുന്ന സാഹചര്യം ഉണ്ടായാല്‍ അനില്‍ നമ്പ്യാരെ ജനം ചാനല്‍ തലപ്പത്ത് നിന്ന് ഒഴിവാക്കണമെന്നാണ് ബിജെപി നിര്‍ദേശം. ജനം ടിവിയുമായി ആര്‍എസ്എസിനും ബിജെപിക്കും നേരിട്ട് ബന്ധമില്ലെന്ന വാദം പ്രചരിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനെക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടത് ബിജെപിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഈ വാദം ആവര്‍ത്തിച്ചിരുന്നു. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് വി മുരളീധരനെ കേന്ദ്രീകരിച്ച് വഴിതിരിച്ചുവിടാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാണ് ബിജെപി വിലയിരുത്തല്‍. സ്വപ്നയുടെ മൊഴി കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും പ്രതിരോധം തീര്‍ക്കാനാണ് നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം. വി മുരളീധരനെ ലക്ഷ്യമിടുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപി നേതൃത്വം ആരോപിക്കുന്നു. അന്വേഷണം മുന്നോട്ട് നീങ്ങുമ്പോള്‍ സിപിഎമ്മിനെയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. മന്ത്രി കെ ടി ജലീല്‍, എം ശിവശങ്കരന്‍ എന്നിവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പുതിയ തെളിവുകള്‍ കിട്ടുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in