പി എസ് സി വീഡിയോക്ക് അരലക്ഷത്തിന് മുകളില്‍ ഡിസ്ലൈക്ക്, സൈബര്‍ കോലീബി സഖ്യമെന്ന് എം.ബി രാജേഷ്; കയ്യില്‍ തെളിവുണ്ട്

പി എസ് സി വീഡിയോക്ക് അരലക്ഷത്തിന് മുകളില്‍ ഡിസ്ലൈക്ക്, സൈബര്‍ കോലീബി സഖ്യമെന്ന് എം.ബി രാജേഷ്; കയ്യില്‍ തെളിവുണ്ട്

പിഎസ് സി നിയമന വിവാദത്തില്‍ മറുപടിയുമായെത്തിയ എംബി രാജേഷിന്റെ വീഡിയോയ്ക്ക് ഡിസ് ലൈക്ക് നല്‍കി പ്രതിഷേധം. സത്യം പറയുന്ന രേഖകളും കണക്കുകളും എന്ന പേരില്‍ സിപിഎമ്മിന്റെ യുട്യൂബ് ചാനലിലെ ട്രൂ സ്‌റ്റോറി വീഡിയോയിലാണ് ലൈക്കിനേക്കാള്‍ ഡിസ് ലൈക്ക് ലഭിച്ചിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരും രാഷ്ട്രീയ എതിരാളികളും കമന്റ് ബോക്‌സിലും പ്രതിഷേധം രേഖപ്പെടുത്തുണ്ട്. കണക്കുകള്‍ നിരത്തിയാണ് എം ബി രാജേഷ് നിയമന വിവാദത്തിന് മറുപടി നല്‍കിയത്.

വീഡിയോയ്ക്ക് ഡിസ് ലൈക്ക് നല്‍കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയുമാണെന്ന് എംബി രാജേഷ് ദ ക്യുവിനോട് പ്രതികരിച്ചു. കോലീബി സൈബര്‍ സഖ്യം ആസൂത്രിതമായി ചെയ്യുന്നതാണ്. താഴെത്തട്ടില്‍ വരെ സന്ദേശങ്ങള്‍ നല്‍കി ഡിസ് ലൈക്ക് അടിപ്പിക്കുകയാണ്. ഇതിന്റെ തെളിവുകള്‍ കൈയ്യിലുണ്ട്.സംഘടിതമായി ചെയ്യുന്ന നീക്കത്തെ അവഗണിക്കുന്നുവെന്നും എം ബി രാജേഷ് ദ ക്യുവിനോട് പറഞ്ഞു. വീഡിയോയില്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. രേഖകള്‍ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എംബി രാജേഷ് ദ ക്യുവിനോട് പറഞ്ഞു.

എം ബി രാജേഷിന്റെ പ്രതികരണം

പ്രതിപക്ഷ പാര്‍ട്ടികളുടെ സൈബര്‍ ടീം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന നൂറ് കണക്കിന് സന്ദേശങ്ങള്‍ തനിക്ക് പലരും അയച്ചു തരുന്നുണ്ട്. പിന്നിലെ സ്ഥാപിത താല്‍പര്യം വ്യക്തമാണ്. ഇന്ത്യയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് കേരള സര്‍ക്കാര്‍ മാത്രമാണ്. വീഡിയോയില്‍ താന്‍ ഉന്നയിച്ച കണക്കുകളും വസ്തുതകളും ഘണ്ഡിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്തയില്‍ കൊണ്ടു വന്ന ഒറ്റ ആളും പിഎസ്എസി ലിസ്റ്റില്‍ എത്രയാണ് റാങ്കെന്ന് പറഞ്ഞിട്ടില്ല. അത് എന്തുകൊണ്ടാണെന്നും എം ബി രാജേഷ് ചോദിക്കുന്നു.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി കിട്ടില്ല. ലിസ്റ്റില്‍ ഉണ്ട് എന്നത് ജോലി കിട്ടാനുള്ള ഉറപ്പല്ല. നാല് വര്‍ഷത്തിനിടെ 133732 പേര്‍ക്ക് ജോലി കിട്ടി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ നിയമനം നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കേരളത്തെക്കാള്‍ ജനസംഖ്യ കൂടുതലുള്ള രാജസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ജോലി കൊടുത്തത് 8460 പേര്‍ക്കാണ്. തമിഴ്‌നാട്ടില്‍ പതിനായിരത്തില്‍ താഴെ ആളുകള്‍ക്കാണ് ജോലി കിട്ടിയത്. കേരളത്തിന്റെ പകുതിയാണിത്. ജോലി ലഭിക്കാത്തവര്‍ക്ക് നിരാശ തോന്നും. റാങ്ക് ലിസ്റ്റില്‍ ആദ്യം ഉള്ളവര്‍ക്കാണ് ജോലി കിട്ടുക.

ഭാര്യ നിനിത അസിസ്റ്റന്റ് പ്രൊഫസര്‍ മലയാളം റാങ്ക് ലിസ്റ്റില്‍ ഉണ്ട്. അവരുള്ളത് കൊണ്ട് ലിസ്റ്റിന്റെ കാലാവധി നീട്ടുമെന്നായിരുന്നു പ്രചാരണം. കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും ഓഡിയോ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ വരുമാനം മുഴുവന്‍ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നുവെന്ന് ചര്‍ച്ച ചെയ്ത ചാനലാണ് ഏഷ്യാനെറ്റ്. സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രചരിപ്പിച്ചു. അവര്‍ക്ക് ഉദ്യോഗാര്‍ത്ഥികളോട് ആത്മാര്‍ത്ഥയില്ല. റേറ്റിംഗിനെ ബാധിച്ചപ്പോള്‍ അതിനെ മറികടക്കാനുള്ള കൗശലം മാത്രമാണിത്.

കേന്ദ്ര സര്‍ക്കാറിന്റെ നിയമനങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ല. ഇവിടെ നിയമനം നടക്കാതെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്ല. 16508 തസ്തികകള്‍ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചു. കേന്ദ്രസര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കേണ്ട. പകരം 683000 ഒഴിവുകള്‍ നികത്തപ്പെടാനുണ്ട്. ഇത് ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റിന് ധൈര്യമുണ്ടോ. പട്ടികജാതി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള ആയിരക്കണക്കിന് ഒഴിവുകളാണ് നിയമന നിരോധനം കാരണം നികത്തപ്പെടാതിരിക്കുന്നത്. ഒരുമാസം മുമ്പ് റെയില്‍വേയില്‍ നിയമന നിരോധനം പ്രഖ്യാപിച്ചപ്പോളും ചര്‍ച്ച ചെയ്തില്ല. രാജീവ് ചന്ദ്രശേഖരന്റെ ചാനല്‍ ഇത് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. 43862 താല്‍ക്കാലിക നിയമനങ്ങളും എംബ്ലോയിന്‍മെന്റ് എക്‌സേഞ്ച് വഴിയാണ് നടത്തിയത്. ഇത് ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നുവെന്നാണ് പ്രചരിപ്പിച്ചത്. സര്‍ക്കാരിനെതിരെ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in