കീറിയ നൈറ്റി മാറ്റാന്‍ സമ്മതിച്ചില്ല, തോര്‍ത്തുടുത്ത് നിന്നവരെ വലിച്ചുകയറ്റി, ആറ്റിപ്രയില്‍ പൊലീസ് അതിക്രമമെന്ന് ദളിത് കുടുംബങ്ങള്‍

കീറിയ നൈറ്റി മാറ്റാന്‍ സമ്മതിച്ചില്ല, തോര്‍ത്തുടുത്ത് നിന്നവരെ വലിച്ചുകയറ്റി, ആറ്റിപ്രയില്‍ പൊലീസ് അതിക്രമമെന്ന് ദളിത് കുടുംബങ്ങള്‍
Summary

'ബുധനാഴ്ച വെളുപ്പിനാണ് പൊലീസുകാര്‍ വന്നത്, ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഞങ്ങളെ കയ്യില്‍ പിടിച്ച് ബലമായി വലിച്ചിറക്കുകയായിരുന്നു.

'തുണി മാറാന്‍ പോലും സമ്മതിച്ചില്ല, ഞാന്‍ ഒരു നൈറ്റിയായിരുന്നു ഇട്ടിരുന്നത്. ഒരു പാവാട എടുത്തിട്ടോട്ടെയെന്ന് ചോദിച്ച എന്നോട് നീ പാവാടയൊന്നും ഉടുക്കണ്ടെടി എന്ന് പറഞ്ഞ് ആ പൊലീസുകാരന്‍ ആക്രോശിച്ചു. ചിലര്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ വരെ കീറിപ്പോയി, കുളിക്കാന്‍ തോര്‍ത്ത് മാത്രം ഉടുത്ത് നിന്നിരുന്ന ആണുങ്ങളെ അതേപടിയാണ് വലിച്ച് ജീപ്പില്‍ കയറ്റിയത്. കൊവിഡ് അല്ലെ, മാസ്‌ക് എടുക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല. ഞങ്ങള്‍ ഇത്രേയെണ്ണത്തിനെ മൃഗങ്ങളെ പോലെ കൊണ്ട് വന്ന് കഴക്കൂട്ടം സ്റ്റേഷനില്‍ ഇട്ടു. വെളുപ്പിന് അഞ്ചുമണിക്ക് പിടിച്ചു കൊണ്ട് വന്നിട്ട് പച്ചവെള്ളം പോലും തന്നില്ല,' ജനിച്ച് വളര്‍ന്ന മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ട ശോഭയുടെ വാക്കുകളാണ് ഇത്. കൊവിഡ് വ്യാപനം ഗുരുതരാവസ്ഥ സൃഷ്ടിച്ച തിരുവനന്തപുരം ജില്ലയില്‍ നടന്ന പൊലീസ് ക്രൂരതയാണ് ശോഭ വിവരിക്കുന്നത്. കോടതിവിധിയുടെ പേരില്‍ ആറ് ദളിത് കുടുംബങ്ങളെ പെരുവഴിയിലാക്കുന്നതായിരുന്നു തിരുവനന്തപുരത്തെ ചെങ്കോടിക്കാട് കോളനിയിലെ പൊലീസിന്റെ നടപടി. ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ ആറ്റിപ്ര വില്ലേജ് ഓഫീസില്‍ കഴിയുകയാണ് കുടുംബാംഗങ്ങള്‍. ബുധനാഴ്ച വെളുപ്പിന് സ്ഥലത്തെത്തിയ പൊലീസ് കുടുംബാംഗങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ച്, വീടുകള്‍ ഇടിച്ച് നികത്തുകയായിരുന്നു. കോടതി വിധി ജൂലൈ 30നകം നടപ്പാക്കണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം, അത് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വാദം. കൊവിഡ് സാമൂഹ്യ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.

'ബുധനാഴ്ച വെളുപ്പിനാണ് പൊലീസുകാര്‍ വന്നത്, ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഞങ്ങളെ കയ്യില്‍ പിടിച്ച് ബലമായി വലിച്ചിറക്കുകയായിരുന്നു. ഞങ്ങള്‍ എന്താ ചെയ്തത് സാറേ എന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാതെയായിരുന്നു വലിച്ചിഴച്ചത്.

ശോഭ

വീടടക്കം സര്‍വ്വതും ഇടിച്ചുനിരത്തി, തീവ്രവാദികളാണോ ഞങ്ങള്‍?

'ബുധനാഴ്ച വെളുപ്പിനാണ് പൊലീസുകാര്‍ വന്നത്, ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഞങ്ങളെ കയ്യില്‍ പിടിച്ച് ബലമായി വലിച്ചിറക്കുകയായിരുന്നു. ഞങ്ങള്‍ എന്താ ചെയ്തത് സാറേ എന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാതെയായിരുന്നു വലിച്ചിഴച്ചത്. ഇങ്ങനെയൊക്കെ ചെയ്യാന്‍ ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. ഞങ്ങള്‍ തീവ്രവാദികളാണോ? ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കാന്‍. ഞങ്ങളുടെ സമ്പാദ്യം മുഴുവന്‍ അവര്‍ ഇടിച്ച് നിരപ്പാക്കിയ ആ വീട്ടിലാണ്. ടിവിയുണ്ട്, എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ പണമുണ്ട്, കുഞ്ഞുങ്ങളുടെ ഉള്‍പ്പടെ സ്വര്‍ണമുണ്ട്, റേഷന്‍കാര്‍ഡുണ്ട്, ആധാരമുണ്ട്, രേഖകളും, സര്‍ട്ടിഫിക്കറ്റുകളെല്ലാമുണ്ട്. ഒരു വീട്ടില്‍ എന്തെല്ലാമുണ്ട് അതെല്ലാം നശിപ്പിച്ചു.

'കുട്ടികള്‍ക്ക് പോലും വെള്ളമോ ഭക്ഷണമോ നല്‍കിയില്ല. മൂന്നു മണിയോടെ എത്തിയ ചൈല്‍ഡ് വെല്‍ഫെയറിന്റെ ആളുകളാണ് കുഞ്ഞുങ്ങള്‍ക്ക് ബിസ്‌ക്കറ്റും വെള്ളവും വാങ്ങി നല്‍കിയത്. വിശന്ന് കരഞ്ഞ കുട്ടികളെ പോലും ശബ്ദമുണ്ടാക്കാതിരിക്കാന്‍ പറഞ്ഞ് വഴക്ക് പറയുകയാണ് പൊലീസുകാര്‍ ചെയ്തത്.'

അറിവില്ലായ്മ മുതലെടുത്തു

വില്ലേജ് ഓഫീസില്‍ ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി, ഞങ്ങള്‍ പോകാന്‍ വേറെ ഇടമില്ല. ഉടുത്ത് മാറാന്‍ തുണി പോലുമില്ല. നാട്ടുകാരുടെ സഹായം കൊണ്ട് കിട്ടിയ വസ്ത്രമാണ് ഇപ്പോള്‍ ഇട്ടിരിക്കുന്നത്. കോടതി നിയമം നടപ്പാക്കണ്ടെന്ന് ഞങ്ങള്‍ പറയുന്നില്ല. ഞങ്ങള്‍ക്ക് കുറച്ച് സമയം എങ്കിലും തരാമായിരുന്നു', ശോഭ ദ ക്യുവിനോട് പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആറ് കുടുംബങ്ങളെയും ഒഴിപ്പിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. തങ്ങളുടെ അറിവില്ലായ്മ മുതലെടുക്കുകയാണ് എതിര്‍കക്ഷികളും, അധികാരികളും ചേര്‍ന്ന് ചെയ്തതെന്ന് കുടിയിറക്കപ്പെട്ട കുടുംബാംഗങ്ങളില്‍ ഒരാളായ ബിജുമോന്‍ പറയുന്നു. '1922ല്‍ തിരുവിതാംകൂര്‍ രാജാവ് ഇഷ്ടദാനമായി നല്‍കിയതാണ് ഈ ഭൂമി. അനന്തകാളി എന്നയാള്‍ക്കാണ് ഒറ്റഭൂമിയായി സ്ഥലം പതിച്ച് നല്‍കിയത്. അതിന് ശേഷം തലമുറകളായി ഈ ഭൂമിയിലാണ് കഴിയുന്നത്.

എതിര്‍പ്പാര്‍ട്ടിക്ക് രണ്ടേക്കര്‍ പുരയിടം ഇവിടെ അടുത്തുണ്ടായിരുന്നു. അവരുടെ സ്ഥലമാണ് ഞങ്ങള്‍ കയ്യേറിയിരിക്കുന്നതെന്ന് പറഞ്ഞാണ് കേസ് കൊടുത്തത്. ഞങ്ങള്‍ സമീപിച്ച വക്കീലന്മാരെ ഉള്‍പ്പടെ അവര്‍ കാശ് കൊടുത്ത് ഒതുക്കി. ഇഷ്ടദാനമായി ലഭിക്കുന്ന ഭൂമി സ്വന്തം പേരിലാക്കാന്‍ പട്ടയത്തിന് അപേക്ഷിക്കണമെന്ന അറിവൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അത് അവര്‍ മുതലെടുത്തു. ആറ് കുടുംബങ്ങളിലായി 41 പേരുണ്ട് ഞങ്ങള്‍.

വില്ലേജ് ഓഫീസിലുള്ള ബന്ധുക്കളുടെ ഉള്‍പ്പടെ സഹായത്തോടെ കള്ളപ്രമാണമുണ്ടാക്കിയാണ് അവര്‍ ആദ്യ വിധി സ്വന്തമാക്കിയത്. അന്ന് ഞങ്ങളുടെ രേഖകളെല്ലാം ഹാജരാക്കിയതിനാല്‍ കൂടുതല്‍ നടപടിയുണ്ടായില്ല. രണ്ടാം തവണ വന്ന് ഒരു പേപ്പറില്‍ ഒപ്പിട്ട് കൊടുക്കണം എന്ന് പറഞ്ഞിരുന്നു. അതിന് ഭൂരിഭാഗം പേരും തയ്യാറായില്ല. ഇതിനെ കുറിച്ച് അറിയാത്ത ചിലര്‍ ഒപ്പിട്ട് കൊടുത്തു, ഇവിടുന്ന് ഇറങ്ങിപ്പോകാന്‍ സമ്മതം എന്ന രീതിയിലാണ് പിന്നീട് അവര്‍ ആ പേപ്പറില്‍ എഴുതിച്ചേര്‍ത്തത്.

ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല, വെളുപ്പിന് അഞ്ച് മണിക്ക് വന്ന് കതകൊക്കെ ചവിട്ടി തുറന്ന്, കുട്ടികളെയും പ്രായമായവരെയും ഉള്‍പ്പടെ പെരുമഴയത്ത് വലിച്ചിഴച്ച് കൊണ്ടു പോയാണ് ജീപ്പില്‍ കയറ്റിയത്. നാലും അഞ്ചും പൊലീസുകാരാണ് ഒരാളെ പിടിച്ചുകൊണ്ടുപോകാന്‍ ഉണ്ടായിരുന്നത്.

സ്റ്റേഷനില്‍ കൊണ്ടുപോയി എന്തോ വലിയ കുറ്റം ചെയ്തവരെ പോലെയാണ് ഞങ്ങളെ ഒരു മുറിയിലിട്ടിരുന്നത്. കുട്ടികള്‍ക്ക് പോലും വെള്ളമോ ഭക്ഷണമോ നല്‍കിയില്ല. മൂന്നു മണിയോടെ എത്തിയ ചൈല്‍ഡ് വെല്‍ഫെയറിന്റെ ആളുകളാണ് കുഞ്ഞുങ്ങള്‍ക്ക് ബിസ്‌ക്കറ്റും വെള്ളവും വാങ്ങി നല്‍കിയത്. വിശന്ന് കരഞ്ഞ കുട്ടികളെ പോലും ശബ്ദമുണ്ടാക്കാതിരിക്കാന്‍ പറഞ്ഞ് വഴക്ക് പറയുകയാണ് പൊലീസുകാര്‍ ചെയ്തത്.'

വൈകിട്ട് ആറ് മണിയോടെ വാര്‍ഡ് കൗണ്‍സിലര്‍ സുനില്‍ ചന്ദ്രയും പൊതുപ്രവര്‍ത്തകനായ സി മോഹനകുമാറും വന്നാണ് തങ്ങളെ ജാമ്യത്തിലിറക്കിയതെന്നും അവര്‍ പറയുന്നു. വാര്‍ഡ് കൗണ്‍സിലര്‍ രാത്രിയില്‍ തന്നെ പോയി ശരിയാക്കിയ രണ്ട് മുറിയിലാണ് ഇപ്പോള്‍ കുട്ടികളും, വയ്യാത്ത സ്ത്രീകളും ഉള്‍പ്പടെ കഴിയുന്നത്. അഞ്ച് ദിവസമായി ഞങ്ങള്‍ പെരുവഴിയിലായിട്ട്, സര്‍ക്കാര്‍ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.

പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയെന്ന് ആരോപണം

തങ്ങളെ പെരുവഴിയിലാക്കിയതില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും പങ്കുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. 'ഞങ്ങളുടെ ഭൂമിയോട് ചേര്‍ന്ന് നാലരയേക്കര്‍ സ്ഥലം ഒരു ബില്‍ഡേര്‍സ് ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ഭൂമി അവര്‍ വാങ്ങിക്കോളാമെന്നും, കേസ് അവര്‍ നടത്തിക്കോളാമെന്നും പറഞ്ഞിരുന്നു. സെന്റിന് ഒരു ലക്ഷം എന്ന നിരക്കില്‍ സ്ഥലം നല്‍കാനാണ് ആവശ്യപ്പെട്ടത്. അതിന് ഞങ്ങള്‍ തയ്യാറായില്ല. അവരുടെ കൂടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

ഞങ്ങളുടെ ഭൂമി കളഞ്ഞിട്ട് ഞങ്ങള്‍ എവിടെ പോകാനാണ്, ഇവിടെ ജനിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി എല്ലാ രേഖകളും ഉണ്ട്. പ്രമാണം ഉണ്ടാക്കി വെച്ചില്ല എന്നുള്ളതാണ് ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്', ബിജു പറഞ്ഞു.

ഒഴിപ്പിക്കാന്‍ വന്ന പൊലീസുകാര്‍ക്കൊപ്പം ഗുണ്ടകളും ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസ് നോക്കി നില്‍ക്കെ ഗുണ്ടകളാണ് തങ്ങളുടെ സാധനങ്ങള്‍ നശിപ്പിച്ചതെന്ന് ശോഭ പറയുന്നു. പണത്തിന്റെ സ്വാധീനത്തിലായിരിക്കാം അവര്‍ ചെയ്തത്. അവര്‍ക്ക് കൊടുക്കാന്‍ ഞങ്ങളുടെ കയ്യില്‍ പണമില്ല. ഞങ്ങള്‍ കൂലിവേല ചെയ്ത് ജീവിക്കുന്നവരാണ്. പതിനേഴും പതിനെട്ടു നിലയിലൊക്കെ കല്ലു ചുമന്ന് ഉണ്ടാക്കിയ പണമാണ് അവര്‍ നിമിഷങ്ങള്‍ കൊണ്ട് നശിപ്പിച്ചതെന്നും ശോഭ പറഞ്ഞു.

തലസ്ഥാനനഗരിയിലെ മനുഷ്യത്വ രഹിത നടപടി

മനുഷ്യത്വരഹിതമായ നടപടിയാണ് ഒഴിപ്പിക്കലിന്റെ പേരില്‍ അവിടെ നടന്നതെന്ന് വാര്‍ കൗണ്‍സിലര്‍ സുനില്‍ ചന്ദ്ര പറഞ്ഞു. 'കോടതിവിധി നടപ്പിലാക്കുക തന്നെ വേണം, പക്ഷെ അതിന്റെ പേരില്‍ ഒരു മുന്നറിയിപ്പുമില്ലാതെ അതിരാവിലെ വീടുകളില്‍ കയറി ബലം പ്രയോഗിച്ച് ഒഴിപ്പിച്ച് ആളുകളെ സ്റ്റേഷനില്‍ ഒരു മുറിയില്‍ കൊണ്ടുപോയി അടച്ചിടുകയാണ് ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ സമയത്താണ് ഇങ്ങനെ ഒരു പ്രവര്‍ത്തി എന്നത് ഓര്‍ക്കണം. ഒഴിപ്പിക്കലിന് മുമ്പ് അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നു.

തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്ക് ചൂട്ട് കത്തിച്ച് പിടിക്കുന്ന ഒരു ചടങ്ങുണ്ട്. ആ ചടങ്ങുമായി ബന്ധപ്പെട്ട് നിന്ന് കുടുംബത്തിന് 1922ല്‍ സര്‍വീസ് ഇനാമായി ദേവസ്വംബോര്‍ഡ് കൊടുത്ത സ്ഥലമാണ് ഇത്. പിന്നീടെപ്പോഴോ വില്ലേജ് ഓഫീസില്‍ നടന്ന ഒരു തിരിമറിയിലാണ് സര്‍വേ നമ്പര്‍ ചിലര്‍ മാറ്റുകയും, സ്ഥലം അവരുടേതാണെന്ന് അവകാശപ്പെട്ട് കേസിന് പോവുകയും ചെയ്തത്.

കിടക്കാനൊരിടം പോലുമില്ലാത്ത ആ പാവങ്ങളെ പൊലീസ് സ്റ്റേഷനില്‍ നിന്നിറക്കി, ഒരു വീടിന്റെ ടെറസില്‍ താമസിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അവര്‍ തന്നെയാണ് പറഞ്ഞത് വില്ലേജ് ഓഫീസില്‍ പോയി ഇരിക്കാമെന്ന്. കുട്ടികള്‍ക്കും സുഖമില്ലാത്തവര്‍ക്കുമായി രണ്ട് മുറി എടുക്കുകയും ചെയ്തു.

നമ്മുടെ നാട്ടില്‍ എത്രയോ കോടതിവിധികള്‍ നടപ്പിലാക്കാതെയിരിക്കുന്നു. ഈ പട്ടികജാതി കുടുംബങ്ങളെ മാത്രം ഒഴിപ്പിക്കാനാണ് അവര്‍ക്ക് തിരക്ക്. മരട് ഫ്ളാറ്റ് പൊളിച്ചപ്പോള്‍, അവര്‍ക്ക് സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം കൊടുത്തിരുന്നു. അങ്ങനെയുള്ള നടപടി ഇവരുടെ കാര്യത്തില്‍ ഇല്ലാത്തതെന്താണ്? ഇവരുടെ പുനരധിവാസം സംബന്ധിച്ച് യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇവര്‍ എങ്ങനെ കഴിയുന്നെന്നോ, ഭക്ഷണം ഉണ്ടോയെന്നോ പോലും സര്‍ക്കാര്‍ അന്വേഷച്ചിട്ടില്ല. കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. നടപടിയാകുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്', സുനില്‍ ചന്ദ്ര പറഞ്ഞു.

കോടതി വിധി അനുസരിച്ചുള്ള ഒഴിപ്പിക്കല്‍ നടപടി മാത്രമാണ് പൊലീസ് ചെയ്തതെന്ന് കഴക്കൂട്ടം സിഐ ജെഎസ് പ്രവീണ്‍ ദ ക്യുവിനോട്

പൊലീസിന് അങ്ങനെയൊന്നും ചെന്ന് ചെയ്യാന്‍ പറ്റില്ലല്ലോ

കോടതി വിധി അനുസരിച്ചുള്ള ഒഴിപ്പിക്കല്‍ നടപടി മാത്രമാണ് പൊലീസ് ചെയ്തതെന്ന് കഴക്കൂട്ടം സിഐ ജെഎസ് പ്രവീണ്‍ ദ ക്യുവിനോട് പ്രതികരിച്ചു. വര്‍ഷങ്ങളായി കോടതിയില്‍ നടന്ന കേസായിരുന്നു അത്. ഇങ്ങനെ ഒരു വിധിയുടെ കാര്യം അവര്‍ക്ക് അറിയുകയും ചെയ്യാം, പല തവണ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. കോടതി വിധി ജൂലൈ 30നകം നടപ്പാക്കണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരു തവണ വിധിനടപ്പാക്കാത്തില്‍ കോടതി പൊലീസിനെതിരെ സ്വമേധയാ നടപടി എടുക്കുകയും ചെയ്തതാണ്. വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ല എന്നുള്ളതൊക്കെ അവരുടെ ആരോപണമാണ്. പൊലീസിന് അങ്ങനെയൊന്നും ചെന്ന് ചെയ്യാന്‍ പറ്റില്ലല്ലോ', സിഐ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in