ഇതര മതസ്ഥരെ വിവാഹം കഴിക്കാന്‍ 30 ദിവസത്തെ നോട്ടീസ് പിരീഡ് വിവേചനം; നിയമപോരാട്ടം തുടരുമെന്ന് ആതിര

ഇതര മതസ്ഥരെ വിവാഹം കഴിക്കാന്‍ 30 ദിവസത്തെ നോട്ടീസ് പിരീഡ് വിവേചനം; നിയമപോരാട്ടം തുടരുമെന്ന് ആതിര

സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനായി പോരാട്ടം തുടരുമെന്ന് ആതിര സുജാത രാധാകൃഷ്ണന്‍. ഇതര മതസ്ഥരെ വിവാഹം കഴിക്കാന്‍ 30 ദിവസത്തെ നോട്ടീസ് പീരീഡ് എന്ന നിബന്ധന വിവേചനമാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കാനായി എം പി മാരോട് അഭ്യര്‍ത്ഥിക്കും. വിവാഹ രജിസ്‌ട്രേഷന് വേണ്ടി ആതിരയും പങ്കാളി ഷമീമും സമര്‍പ്പിച്ച അപേക്ഷയിലെ വിവരങ്ങള്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ലൗ ജിഹാദെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. ആതിരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ നല്‍കുന്ന അപേക്ഷ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ആതിര സുജാത രാധാകൃഷ്ണന് പറയാനുള്ളത്

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്ട്രര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടവരുമായി ചേര്‍ന്ന് നിയമപരമായി മുന്നോട്ട് പോകും. വ്യാജ അകൗണ്ടുകളില്‍ നിന്നാണ് കൂടുതല്‍ ആക്രമണം ഉണ്ടാകുന്നത്. അടുത്തിടെ സമാനമായ അനുഭവമുണ്ടായ ദമ്പതികളുടെ അപേക്ഷ ഫോമിലെ വിവരങ്ങള്‍ കാവിപ്പട എന്ന ഗ്രൂപ്പിലാണ് കണ്ടത്. നിയമപരമായി മുന്നോട്ട് പോകുന്നതിനേക്കാള്‍ നിയമഭേദഗതി വരുത്തുകയെന്നതിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. വെബ്‌സൈറ്റില്‍ അപേക്ഷ വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നാണ് മന്ത്രി ജി സുധാകരന്‍ അറിയിച്ചിരിക്കുന്നത്. ഇനി ചെയ്യാനുള്ളത് കേന്ദ്ര സര്‍ക്കാരിനാണ്. രജിസ്ട്രര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ വെക്കുന്നത് പോലും വിവേചനമാണ്.

ഒരേ മതക്കാര്‍ വിവാഹം കഴിക്കുമ്പോള്‍ ഇത്തരം നിബന്ധനകളില്ല. വ്യത്യസ്ത മതവിഭാഗക്കാര്‍ വിവാഹം കഴിക്കുമ്പോള്‍ മാത്രമാണ് 30 ദിവസത്തെ നോട്ടീസ് പിരീഡ് വെക്കുന്നത്. വിവാഹത്തില്‍ തട്ടിപ്പോ ചതിയോ ഉണ്ടെങ്കില്‍ പരാതിയായി വരുന്നതിനാണ് നോട്ടീസ് പിരീഡ് എന്നാണ് ഇത് സംബന്ധിച്ച് കിട്ടിയ ഔദ്യേഗിക വിശദീകരണം. ഒരേ മതക്കാര്‍ വിവാഹം കഴിക്കുമ്പോഴും തട്ടിപ്പുണ്ടാകാമല്ലേ. ഇതരമതക്കാരുടെ മാത്രം കുത്തകയല്ലല്ലോ ഇത്. ആക്ടില്‍ ഭേദഗതി വരുത്തുന്നതിനായി മുന്നോട്ട് പോകും. ഇക്കാര്യം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് കത്തെഴുതും.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കിയത് പോലും വലിയ നേട്ടമാണ്. എല്ലാ മതത്തിലും തീവ്രനിലപാടുകരായ ഒരുവിഭാഗമുണ്ടാകും. അവര്‍ ഇതിനായി തുനിഞ്ഞിറങ്ങിയാല്‍ രജിസ്ട്രര്‍ ഓഫീസിലെ ബന്ധങ്ങള്‍ വെച്ചോ നോട്ടീസ് ബോര്‍ഡിലെ വിവരങ്ങള്‍ ഫോട്ടോയെടുത്തോ പ്രചരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ വലിയ ഒരു വിഭാഗത്തിന് ദുരുപയോഗം ചെയ്യാനുള്ള അവസരം ഇല്ലാതാക്കും സര്‍ക്കാരിന്റെ നടപടി. സംഘടിതമായ ആക്രമണമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്ന ഇതര മതസ്ഥര്‍ക്കെതിരെ നടക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ഞങ്ങള്‍ക്കെതിരെ പോസ്റ്റ് വന്നത്. വ്യക്തികളുടെ പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിപ്പിച്ചു. ഇത് മനസിലായതോടെ ഇവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാക്കി പ്രചരണം. കുറച്ച് ദിവസം കഴിഞ്ഞ് അമ്മയ്ക്കാണ് ഫോര്‍വേഡ് മെസേജായി ലഭിച്ചത്. വിവാഹത്തിന്റെ തിരക്കുകളിലായതിനാല്‍ പൂര്‍ണമായും അവഗണിച്ചു. എന്റെയും ഷമീമിന്റെയും കുടുംബത്തിന്റെ പിന്തുണയോടെ വിവാഹം കഴിച്ചത് കൊണ്ട് കുഴപ്പമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തിന് പിന്നാലെ അവരെക്കുറിച്ചും ഇത്തരം പ്രചാരണം നടത്തി. അതോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ഇത്തരം പ്രചാരണം നേരിട്ട ദമ്പതികള്‍ വിളിച്ച് അനുഭവം പറഞ്ഞു. മന്തിലി ലൗ ജിഹാദ് ന്യൂസ് ലെറ്റര്‍ എന്ന പേരിലാണ് കാവിപ്പട ഗ്രൂപ്പിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്നത്. എല്ലാ മാസവും അവരിത് ചെയ്യുന്നുവെന്നത് വ്യക്തമാണ്.

ഹിന്ദു വിഭാഗത്തിലെ തീവ്ര ഗ്രൂപ്പുകള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലും ഇങ്ങനെ ചെയ്യുന്നുണ്ട്. രജിസ്ട്രര്‍ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വീട്ടിലെത്തി കൗണ്‍സിലിംഗ് ചെയ്യുന്ന വിഭാഗമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആക്ടില്‍ മാറ്റം വരുത്തണം. കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം വിവാഹം ചെയ്താലും സുരക്ഷിതരാണ്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അങ്ങനെയല്ല.

ഹേറ്റ് ക്യാപെയ്ന്‍ നടത്തുന്നവര്‍ക്ക് ഒരുപാട് വഴികളുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്താന്‍ സര്‍ക്കാരിനാണ് കഴിയുക. അതിനുള്ള നടപടികളാണ് വേണ്ടത്. സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈന്‍സ് എല്ലായിടത്തും ഒരുപോലെ ബാധകമാണ്. എന്നാല്‍ ഓരോ സംസ്ഥാനത്തിന്റെയും അവസ്ഥ ഓരോന്നായിരിക്കും. സംസ്ഥാന സര്‍ക്കാരും സെലിബ്രിറ്റികളും ഇത്തരം ബോധവത്കരണത്തിന് ശ്രമിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും അതിനെ പിന്തുണയ്ക്കണം. ഫേക്ക് ന്യൂസും ഹേറ്റ് ക്യാപെയിനും ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്.

ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്ന് വാദിക്കുന്നവര്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് തെളിവ് നല്‍കാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലൗ ജിഹാദില്ലെന്ന് പറഞ്ഞത്. ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ എന്തുകൊണ്ട് ചോദ്യം ചെയ്യാത്തത്. അത് തെളിയിക്കണം. സോഷ്യല്‍ മീഡിയയില്‍ പരാതി പറഞ്ഞിരുന്നിട്ട് കാര്യമല്ല. അതിനാണ് കൂടുതല്‍ ആളുകള്‍ ശ്രമിക്കുന്നത്. പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ഭരണഘടന ഇതരമതസ്ഥരെ വിവാഹം കഴിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗവണ്‍മെന്റിന് മതത്തിനെ വെച്ച് മുന്നോട്ട് പോകാന്‍ പരിമിതികളുണ്ടാകും. മതം വിട്ട് വിവാഹം കഴിക്കേണ്ടെന്നത് കൊണ്ടാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. മതം മാറാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ടാണ്. സംഘപരിവാരും തീവ്രമുസ്ലിംവിഭാഗക്കാരും എന്തുകൊണ്ടാണ് അതിനെ പിന്തുണയ്ക്കാത്തത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് എന്താണെന്ന് മനസിലാകാത്തവരാണ് വിവാദം ഉണ്ടാക്കുന്നത്.

നിഷ്‌കളങ്കരായ ഹിന്ദു പെണ്‍കുട്ടികളെ സ്വാധീനിച്ച് മതം മാറ്റി വിവാഹം കഴിക്കുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ അത്ര ബുദ്ധിയില്ലെന്നാണോ. ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നാണോ ചിന്ത. സംരക്ഷിക്കപ്പെടേണ്ടവരാണ് പെണ്‍കുട്ടികളെന്നാണ് ഇപ്പോഴും കരുതുന്നത്. പ്രായപൂര്‍ത്തിയായ ഒരു പെണ്ണിനും ആണിനും തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. സിറിയയില്‍ പോകുന്നവര്‍ അവരുടെ തീരുമാന പ്രകാരമാണ് അത് ചെയ്യുന്നത്. സര്‍ക്കാര്‍ ആക്ടില്‍ ഭേദഗതി വരുത്തുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്. എനിക്ക് അത് ചെയ്‌തേ പറ്റു.

Related Stories

No stories found.
logo
The Cue
www.thecue.in