ജെയിന്‍ കൊച്ചി കാമ്പസിനെതിരെ നടപടിക്ക് യുജിസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്

ജെയിന്‍ കൊച്ചി കാമ്പസിനെതിരെ നടപടിക്ക് യുജിസിക്ക് സംസ്ഥാന
സര്‍ക്കാരിന്റെ കത്ത്
Summary

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം നടത്തി വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് കേരളാ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി

കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസിന് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിംഗിന് കത്തയച്ചു. കൊച്ചിയില്‍ കാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും കത്തില്‍ പറയുന്നു

രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീലിന്റെ ഓഫീസിലേക്ക് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യുജിസി ചെയര്‍മാന് നടപടി ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

മാധ്യമങ്ങളില്‍ വന്‍തോതില്‍ പരസ്യങ്ങളും പ്രചരണവും നടത്തി ജെയിന്‍ 'ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി' ഓഫ് കാമ്പസ് എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് നടപടി ആവശ്യപ്പെട്ടയച്ച കത്തില്‍ ഉഷാ ടൈറ്റസ് വ്യക്തമാക്കുന്നു.

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം നടത്തി വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് കേരളാ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി.

അടിയന്തര നടപടിക്ക് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിംഗിന് അയച്ച കത്ത്
അടിയന്തര നടപടിക്ക് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ ഡി.പി സിംഗിന് അയച്ച കത്ത്

ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് കാമ്പസിലെ ബിരുദം സാധുവല്ലെന്ന് കാട്ടി 2019 നവംബറില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ബംഗളൂരു ജയിന്‍ ഡീംഡ്-ടു-ബി- യൂണിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ യു.ജി.സി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നവംബര്‍ 23ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നത്. കൊച്ചിയില്‍ ഓഫ് കാമ്പസിന് അനുമതി നല്‍കിയിട്ടില്ലെന്നും അവിടെ നടത്തുന്ന കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും യു.ജി.സി അറിയിച്ചിട്ടുണ്ടെന്നും നേരത്തെയുള്ള വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് കാമ്പസിന് നിയമസാധുതയുമില്ലാത്തതിനാല്‍ കൊച്ചി കാമ്പസില്‍ പഠിച്ചവര്‍ക്ക് നല്‍കുന്ന ബിരുദവും സാധുവല്ലെന്നായിരുന്നു നവംബറില്‍ പുറത്തിറക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പിലെ ഉള്ളടക്കം.

2019 നവംബര്‍ 23ന്റെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ്
2019 നവംബര്‍ 23ന്റെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ്

കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളിലുൾപ്പെടെ അച്ചടിച്ച് വന്നിരിക്കുന്ന 'ജയിൻ യൂണിവേഴ്സിറ്റിയുടെ' പരസ്യത്തിന് ശേഷം ഒരുപാട് വിദ്യാർത്ഥികളടക്കം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈയൊരു സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് പി.ആർ.ഡി ഉൾപ്പെടെ മുൻപ് സൂചിപ്പിക്കുകയും, ഗവൺമെൻ്റ് ഉദ്യോഗസ്ഥതലത്തിൽ നിന്നും യൂണിവേഴ്സിറ്റിക്കെതിരെ നിലപാടുകൾ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെയെല്ലാം അവഗണിച്ചു മുന്നോട്ടുപോകാൻ സ്വകാര്യ യൂണിവേഴ്സിറ്റി നടത്തിപ്പുകാർക്ക് ധൈര്യം നൽകുന്നത് ആരാണ്..? വിദ്യാർത്ഥികളുടെയും, പൊതുസമൂഹത്തിൻ്റെയും ആശങ്കയിൽ സർക്കാർ വ്യക്തത വരുത്തുക..! എറണാകുളത്തെജയിൻ യൂണിവേഴ്സിറ്റി ഓഫ് ക്യാംപസ് നിയമാനുസൃതമോ-വ്യാജനോ.?

കെ.എം അഭിജിത്ത്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

ഇന്ത്യയിലെ മികച്ച ഡീംഡ് ടുബി യൂണിവേഴ്‌സിറ്റി എന്ന കാപ്ഷനോടെ ജൂലൈ 20ന് പത്രങ്ങളില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യമുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസിനെയും തള്ളുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി. കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ അവകാശവാദം.

അക്കാദമിക പ്രവര്‍ത്തനം മാനിച്ച് 2018 മാര്‍ച്ച് 20-ന് യുജിസി ജെയിന്‍ ഡീംഡ് ടി ബി യൂണിവേഴ്സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നല്‍കി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018-ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്സിറ്റീസ്) നിയന്ത്രണ നിയമ പ്രകാരം കാറ്റഗറി 2 നല്‍കിയിട്ടുള്ള ഡീംഡ് ടു ബി യൂണിവേഴ്സിറ്റികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും രണ്ട് ഓഫ് കാമ്പസുകള്‍ ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് യുജിസിയുടെ യാതൊരു പരിശോധനയും ആവശ്യമില്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ടെന്നും ജെയിന്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് അവകാശപ്പെടുന്നു. കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാനായി വിദഗ്ധ സമിതിയെ അയക്കാനായി അപേക്ഷ യുജിസിക്ക് കൈമാറിയിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം വിദഗ്ധ സമിതിയുടെ സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നുവെന്നും മാനേ്ജ്‌മെന്റ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in