എന്നുമിങ്ങനെ ഭയത്തോടും സംശയത്തോടെയും നോക്കരുത് ; പ്രളയത്തില്‍ സൈന്യമായതോര്‍മിപ്പിച്ച് പൂന്തുറ ജനത

എന്നുമിങ്ങനെ ഭയത്തോടും സംശയത്തോടെയും നോക്കരുത് ; പ്രളയത്തില്‍ സൈന്യമായതോര്‍മിപ്പിച്ച് പൂന്തുറ ജനത

വീടുകളിലുള്ളവര്‍ക്കും കൊവിഡ് സെന്ററുകളിലായവര്‍ക്കും മതിയായ ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും അവശ്യസാധനങ്ങളും ലഭ്യമാകാത്ത തരത്തില്‍ ലോക്ക്ഡൗണ്‍ കടുപ്പിക്കപ്പെട്ടപ്പോഴത്തെ പിടച്ചിലാണ് ആള്‍ക്കൂട്ട പ്രതിഷേധമായി പരിണമിച്ചതെന്ന് വ്യക്തമാക്കുകയാണ് പൂന്തുറ ജനത. ഒപ്പം, രോഗം വിതച്ച പലതരം ആശങ്കകളും കൊവിഡ് സൂപ്പര്‍ സ്പ്രെഡിന്റെ പേരില്‍ തീരദേശജനതയെ ഒറ്റപ്പെടുത്തുന്ന മനോഭാവം രൂപപ്പെട്ടതും പൊടുന്നനെ രോഷപ്രകടനമായതാണെന്ന് അവര്‍ പറയുന്നു. അടിയന്തര സഹായങ്ങളെത്തിക്കേണ്ട അധികൃതര്‍ അനാസ്ഥ തുടര്‍ന്നതും മതിയായ ബോധവല്‍ക്കരണം സാധ്യമാക്കാത്തതുമാണ് സാഹചര്യം കലുഷിതമാക്കിയതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ മോശം പെരുമാറ്റം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മത്സ്യത്തൊഴിലാളി സമൂഹം അടിവരയിട്ടുപറയുന്നു. ചെറുവിഭാഗത്തില്‍ നിന്നുണ്ടായ തെറ്റില്‍ പൂന്തുറക്കാര്‍ ഒരേ ശബ്ദത്തില്‍ വിഷമം രേഖപ്പെടുത്തുന്നു. പകരമാവില്ലെങ്കിലും അവര്‍ ആരോഗ്യ പ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി വരവേല്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നു. അവരോട് തെറ്റ് ഏറ്റുപറയുന്നു. മത രാഷ്ട്രീയ ഭേദമന്യേ ഏവരും ആ നീചപ്രവൃത്തിയെ തള്ളിപ്പറയുന്നു. ഒപ്പം, പത്തോ പതിനഞ്ചോ പേരില്‍ നിന്നുണ്ടായ പ്രവൃത്തിയുടെ പേരില്‍ 24,000 ത്തോളം വരുന്ന തീരദേശ ജനതയ്ക്ക് നേര്‍ക്ക് വിദ്വേഷക്കണ്ണ് തുറിക്കരുതെന്ന് അവര്‍ കേരളത്തെ ഓര്‍മ്മിപ്പിക്കുന്നു. എന്നുമിങ്ങനെ തങ്ങളെ ഭയത്തോടെയും സംശയത്തോടെയും കാണരുതെന്ന് കേരള പൊതുബോധത്തോട് അവര്‍ ഹൃദയത്തില്‍ നിന്ന് പറയുന്നു. പ്രളയം വിഴുങ്ങിയ കേരളത്തിനായി ജീവന്‍രക്ഷാ സൈന്യമായത് പൂന്തുറക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫാദര്‍ ബെബിന്‍സണ്‍, പൂന്തുറ ഇടവക വികാരി

ആളുകളുടെ പ്രഷര്‍ എക്‌സ്‌പ്ലോറേഷനാണ് അന്നുണ്ടായത്. ഒരാഴ്ചയായി സാധനങ്ങള്‍ വാങ്ങാനോ മറ്റെന്തെങ്കിലും ചെയ്യാനോ കഴിയാത്ത സ്ഥിതിയായിരുന്നു. മറ്റിടങ്ങളിലെല്ലാം രാവിലെ 7 മണി മുതല്‍ 11 മണിവരെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ പൂന്തുറയില്‍ അതിനവസരമില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ നിരത്തിലിറങ്ങേണ്ടി വന്നതാണ്. ആ സംഭവത്തിന് ശേഷം സര്‍ക്കാര്‍ വിഷയം മനസ്സിലാക്കി നിരവധി കാര്യങ്ങളില്‍ മാറ്റം വരുത്തി. അതായത് പോരായ്മകള്‍ അവിടെയുണ്ടായിരുന്നു. അതുമൂലം ആളുകളുടെ മേല്‍ പലതരം സമ്മര്‍ദ്ദങ്ങളുണ്ടായി. അതേതുടര്‍ന്നുള്ള പൊട്ടിത്തെറിയാണ് സംഭവിച്ചത്. സ്ത്രീകളാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചത്. അതുകൊണ്ടാണ് അവര്‍ ഒന്നിച്ച് പ്രതികരിച്ചത്. അത് ആസൂത്രിതമോ ആരെയെങ്കിലും കരിതേച്ച് കാണിക്കാനോ ആയിരുന്നില്ല. ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരുന്നു. ഒരു ചെറിയ വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകരുമായി പ്രശ്‌നത്തിലേര്‍പ്പെട്ടത്. സംഭവിച്ചുപോയ തെറ്റ് മനസ്സിലാക്കി, ആരോടാണോ അങ്ങനെ ചെയ്തത് അവരെ സ്വീകരിക്കുകയും അവര്‍ക്ക് ഇപ്പോള്‍ പൂര്‍ണ പിന്‍തുണ നല്‍കുകയും ചെയ്യുന്നുണ്ട്. അറിവില്ലായ്മ കൊണ്ട് അത്തരത്തില്‍ ചിലര്‍ നെഗറ്റീവ് എക്‌സ്പ്രഷന്‍ കാണിച്ചതില്‍ ഈ സമൂഹത്തെ മുഴുവനായി തെറ്റിദ്ധരിക്കരുത്. അത് ഈ ജനതയുടെ മുഴുവന്‍ തെറ്റായി കാണുന്നത് അങ്ങനെ പറയുന്നവരുടെ അറിവില്ലായ്മയാണ്. അതുകൊണ്ട് അവര്‍ തിരുത്തണം.

എന്നുമിങ്ങനെ ഭയത്തോടും സംശയത്തോടെയും നോക്കരുത് ; പ്രളയത്തില്‍ സൈന്യമായതോര്‍മിപ്പിച്ച് പൂന്തുറ ജനത
ആരോഗ്യപ്രവര്‍ത്തകരോട് ക്ഷമാപണം, പുഷ്പവൃഷ്ടി നടത്തി വരവേറ്റ് പൂന്തുറ നിവാസികള്‍

പീറ്റര്‍ സോളമന്‍, യുഡിഎഫ് കൗണ്‍സിലര്‍

പൂന്തുറയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊവിഡ് പ്രതിരോധത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. നാടിന്റെ വിപത്താണ്. രാഷ്ട്രീയം കളിച്ചാല്‍ രക്ഷപ്പെടില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്ന സ്ഥിതി വന്നതാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. ആരും സര്‍ക്കാരിനെതിരെ തിരിഞ്ഞതല്ല. ഭക്ഷണത്തിന് സൗകര്യമുണ്ടാക്കാന്‍ തെരുവിലിറങ്ങിയതാണ്. പക്ഷേ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനോട് തീരദേശ ജനതയ്ക്ക് ഒരു ശതമാനം പോലും യോജിപ്പില്ല. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അവര്‍ ഞങ്ങളുടെ സുരക്ഷയെക്കരുതി വന്നവരാണ്. ഏറെ നേരം പിപിഇ കിറ്റ് ധരിക്കുന്നത് കൊണ്ടുള്ള കടുത്ത ബുദ്ധിമുട്ടുകളടക്കം സഹിച്ച് പ്രതികൂല സാഹചര്യത്തില്‍ അവര്‍ ജോലിയെടുക്കുന്നത് ഞങ്ങള്‍ക്ക് വേണ്ടിയാണ്. ആ സംഭവത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പള്ളിയും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ന്യായമായ ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. അതുകൊണ്ടാണ് പിറ്റേന്ന് ഭക്ഷണത്തിനുള്ള വകകള്‍ കിട്ടിയത്. പലരും ആരോപിക്കുന്നപോലെ പൂന്തുറക്കാരെ ആരും ഇളക്കിവിട്ടതല്ല. ആരെങ്കിലും ശ്രമിച്ചാല്‍ അങ്ങനെ ഇളകുന്നവരല്ല തീരദേശ ജനത. നല്ല തിരിച്ചറിവുള്ളവരാണ്. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേരളത്തിന്റെ സൈന്യമെന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്. എന്നാല്‍ സൈന്യം പട്ടിണി കിടക്കുമ്പോള്‍ അത് മനസ്സിലാക്കണ്ടേ. ഫ്രീയായിട്ട് വേണ്ട, സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്നാണ് ഞങ്ങള്‍ അവശ്യപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തന്നെ വാങ്ങുകയും ചെയ്യുമായിരുന്നു. കൊറോണ കൊണ്ട് മാത്രമല്ലല്ലോ പട്ടിണികിടന്നും ആളുകള്‍ മരിക്കുമല്ലോ. അങ്ങനെ സംഭവിക്കാതിരിക്കാനായിരുന്നു ആ പ്രതിഷേധം. അതില്‍ ചെറിയ വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. അതിന്റെ പേരില്‍ ഒരു സമൂഹത്തിന് മുഴുവന്‍ ചീത്തപ്പേര് ചാര്‍ത്തരുത്. ആ സ്വഭാവം ഒരു സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമായിട്ട് കാണരുത്. പൂന്തുറക്കാരെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കരുത്. നാടിന് വേണ്ടി ജീവന്‍ പോലും അപകടത്തിലാക്കാന്‍ തയ്യാറായവരാണ് മത്സ്യത്തൊഴിലാളികള്‍. പ്രളയമുണ്ടായപ്പോള്‍ പൂന്തുറയില്‍ നിന്ന് പോയവര്‍ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ഫസ്റ്റ് സേഫ്റ്റി നെക്സ്റ്റ് ഡ്യൂട്ടി എന്ന കാഴചപ്പാടിലല്ല മത്സ്യത്തൊഴിലാളികള്‍ അന്ന് പ്രവര്‍ത്തിച്ചത്. ഫസ്റ്റ് ഡ്യൂട്ടി, നെക്സ്റ്റ് സേഫ്റ്റി എന്ന് വിചാരിച്ചാണ്‌.

അഡ്വ. ബെയ്‌ലിന്‍ ദാസ്, സിപിഐ പ്രതിനിധി

ജനങ്ങളുടെ ആവശ്യങ്ങള്‍ അധികൃതരിലേക്ക് എത്തിക്കുന്നതില്‍ പൂന്തുറയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നത് വസ്തുതയാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പൊടുന്നനെ നടപ്പാക്കിയപ്പോള്‍ നേരിട്ട പ്രതിസന്ധികള്‍ സാമൂഹ്യ രാഷ്ട്രീയ നേതൃത്വം ഫലപ്രദമായി സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിക്കേണ്ടിയിരുന്നു. അതിലുണ്ടായ പാളിച്ചയുടെ തെളിവാണ് ജനങ്ങള്‍ രോഷാകുലരായി തെരുവിലിറങ്ങിയത്. എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചു. രാഷ്ട്രീയ സാമൂഹിക മിഷനറികളെല്ലാം പരാജയപ്പെട്ടപ്പോള്‍ ജനം തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി.

എന്നുമിങ്ങനെ ഭയത്തോടും സംശയത്തോടെയും നോക്കരുത് ; പ്രളയത്തില്‍ സൈന്യമായതോര്‍മിപ്പിച്ച് പൂന്തുറ ജനത
നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ!, പൂന്തുറ പ്രതിഷേധത്തില്‍ ആഷിഖ് അബു

പൂന്തുറയില്‍ സംഭവിച്ചത്

ജൂലൈ ഒന്നിന് കുമരിച്ചന്തിയിലെ മത്സ്യവില്‍പ്പനക്കാരന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ നിരവധി പേര്‍ക്ക് രോഗബാധയുണ്ടായി. സൂപ്പര്‍ സ്‌പ്രെഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ആള്‍ക്കൂട്ടമുണ്ടാകുന്നതിനും മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് നടപ്പാക്കാന്‍ കമാന്‍ഡോകളടക്കം 500 പൊലീസുകാരെയും വിന്യസിച്ചു. ഡോര്‍ ടു ഡോര്‍ രീതിയില്‍ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. പൊടുന്നനെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ദുരവസ്ഥയുണ്ടായി. ഭക്ഷണസാധനങ്ങള്‍,പാല്‍, എല്‍പിജി തുടങ്ങിയവ ലഭ്യമാകാത്ത സ്ഥിതി വന്നു. കൊവിഡ് സെന്ററുകളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് വസ്ത്രങ്ങളും മറ്റും എത്തിച്ചുകൊടുക്കാന്‍ അനുവദിക്കില്ലെന്നും അവിടങ്ങളിലുള്ളവര്‍ സാധനങ്ങള്‍ കിട്ടാതെയും മതിയായ ശുചിമുറി സൗകര്യങ്ങളില്ലാതെയും ഉഴലുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ തടിച്ചുകൂടിയതെന്ന് മത്സ്യത്തൊഴിലാളി വിത്സണ്‍ പറയുന്നു. കൊവിഡ് വ്യപനമുള്ള പൂന്തുറയില്‍ നിന്നായതിനാല്‍ ഗര്‍ഭിണിക്കും മറ്റ് രോഗങ്ങള്‍ അനുഭവിക്കുന്ന ചിലര്‍ക്കും പുറത്തെ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഒറ്റവാര്‍ഡില്‍ ഏറെ പേര്‍ കഴിയേണ്ടി വരുന്നതും മതിയായ എണ്ണം വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഇല്ലാതിരിക്കുകയും ചെയ്തത് അമര്‍ഷം വളര്‍ത്തി. പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് കുടിവെള്ളവും ഭക്ഷണം മതിയായ തോതില്‍ ലഭിക്കാതിരുന്നതും ഡോക്ടര്‍മാരും നഴ്‌സുമാരും അവരെ അറ്റന്‍ഡ് ചെയ്യാതിരുന്നതും അവഗണനയായി അവര്‍ കണ്ടു. അതിനിടെ ജൂലൈ 10 ന് രാവിലെ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ സ്ത്രീകളെ പൊലീസ് തടഞ്ഞ സംഭവത്തിന് പിന്നാലെ പ്രതിഷേധം അണപൊട്ടുകയായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഈ പ്രതിഷേധത്തിനിടെ ചിലര്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയായിരുന്നു. കാര്‍ തടഞ്ഞ് ഗ്ലാസ് താഴ്ത്തി തല അകത്തേക്കിട്ട് ചുമയ്ക്കുന്ന രീതിയില്‍ നിന്ദ്യമായ പെരുമാറ്റം ചിലരില്‍ നിന്നുണ്ടായി. പൂന്തുറയ്ക്കെതിരെ സര്‍ക്കാരും പൊലീസും വ്യാജ ആരോപണങ്ങളുയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമീപ പ്രദേശങ്ങളിലെ പരിശോധനാഫലം കൂടി പുന്തുറയുടെ പേരിലാക്കുന്നുവെന്ന് സംശയിക്കുന്നതായി ഇവര്‍ ആരോപിക്കുകയും ചെയ്തു. പിറ്റേന്നാണ് കടകള്‍ തുറക്കുന്നതില്‍ ഇളവ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളിയായ വിത്സണ്‍ പറയുന്നു. മൊബൈല്‍ എടിഎമ്മും, സാധനങ്ങളുമായുള്ള വാഹനങ്ങളുമെത്തി. പുറത്തുനിന്നുള്ള വില്‍പ്പന വണ്ടികള്‍ക്ക് പ്രവേശനം ലഭിച്ചതും മത്സ്യത്തൊഴിലാളികള്‍ ശബ്ദമുയര്‍ത്തിയതിന് ശേഷമാണെന്നും വിത്സണ്‍ വിശദീകരിക്കുന്നു.

ആരോഗ്യമന്ത്രി പറഞ്ഞത്

പൂന്തുറയിലെ ജനങ്ങള്‍ സാധാരണഗതിയില്‍ അങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ല. അവരെ ആരോ ഇളക്കിവിട്ടതാണ്. അത്തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഒപ്പം ഗൂഢാലോചന അന്വേഷിക്കണം. ഡോക്ടര്‍ അടക്കമുള്ള സംഘത്തിന്റെ കാര്‍ തടഞ്ഞ് ചിലര്‍ ഗ്ലാസ് തുറന്ന് അകത്തേക്ക് തലയിട്ട് ചുമയ്ക്കുകയും മറ്റും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിത മേഖലകളില്‍ സേവനത്തിന് എത്തുന്നത്.എല്ലാവരും ജീവനില്‍ കൊതിയുള്ളവരാണ്. വൈറസ് വരുന്നെങ്കില്‍ വരട്ടെ, അതും കരുതി വീട്ടിലിരിക്കാനാകില്ലെന്ന് സ്വയം വിചാരിച്ച് സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് അവര്‍. അങ്ങനെയുള്ളവരോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല. സങ്കടകരമായ അനുഭവമാണത്. അക്രമത്തിന് ഇരയായ ഡോ. ദീപ്തി അടക്കമുള്ളവരോട് സംസാരിച്ചിരുന്നു.അവര്‍ ഭയന്നുപോയി. അവരിപ്പോള്‍ ക്വാറന്റൈനിലാണ്. അവിടുത്തെ ജനങ്ങളെ ആരോ പ്രേരിപ്പിച്ച് വിട്ടതാണ്. വേണമെന്ന് കരുതി ഇളക്കിവിട്ടിട്ടുണ്ട്. അതില്‍ വര്‍ഗീയ അജണ്ടയുണ്ടോയെന്ന് സംശയിക്കുന്നു. തമ്മില്‍ തല്ലിച്ച് ചോര വീഴ്ത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അങ്ങനെയുള്ളവര്‍ തന്നെയാണ് അവിടെയും പ്രശ്നമുണ്ടാക്കിയത്. ഇത്രമാത്രം മോശം സാഹചര്യത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍.തീരമേഖലയിലെ പ്രതിരോധത്തില്‍ വിള്ളലുണ്ടായിട്ടില്ല.വാര്‍ഡ് കൗണ്‍സിലര്‍മാരും പള്ളി അധികൃതരുമെല്ലാം നന്നായി സഹകരിക്കുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രി പറഞ്ഞത്

പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നും തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല. മറിച്ച് ജാഗ്രതപ്പെടുത്താനാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വഭാവികമായും അതിന്റേതായ പ്രയാസം ഉണ്ടാകുന്നത് സഹിക്കേണ്ടിവരും. അത് മനുഷ്യ ജീവന്‍ മുന്‍നിര്‍ത്തിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്‌പ്പെടുത്താമെന്ന് വന്നാല്‍ നാളെ ഒരിടത്തും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടാവുക. നിയന്ത്രണങ്ങള്‍ക്ക് ചിലര്‍ മറ്റു മാനങ്ങള്‍ നല്‍കുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത്‌. അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്. വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം നേതൃത്വം വഹിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.

Related Stories

No stories found.
logo
The Cue
www.thecue.in